News >> മദ്യനയം അട്ടിമറിച്ചാൽ പ്രക്ഷോഭം

Source: Sunday Shalom


എറണാകുളം : പിണറായി സർക്കാരിന്റെ മദ്യനയ അട്ടിമറി നീക്കത്തിനെതിരെ ശക്തമായ താക്കീത് നൽകിക്കൊണ്ട് കോട്ടയം പട്ടണത്തിലൂടെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മദ്യവിരുദ്ധ പ്രവർത്തകർ നടത്തിയ നടപ്പുസമരവും ദണ്ഡിയാത്രയും പുതുമയായി. പത്തുവർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ്ണ ലഹരിവിമുക്തമാക്കുവാൻ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചതും സുപ്രീംകോടതി പോലും അംഗീകരിച്ചതുമായ മദ്യനയത്തെ ടൂറിസത്തിന്റെയും തൊഴിലിന്റെയും പേരുപറഞ്ഞ് അട്ടിമറിക്കാൻ ശ്രമിക്കുന്ന നീക്കത്തിനെതിരെയാണ് ദണ്ഡിയാത്രയും നടപ്പുസമരവും നടത്തിയത്.

കഴിഞ്ഞ സർക്കാർ ഓരോ വർഷവും ഗാന്ധിജയന്തി ദിനത്തിൽ പൂട്ടിക്കൊണ്ടിരുന്ന 10% ബിവറേജസ്-കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകളുടെ അടച്ചുപൂട്ടൽ നടപടി തുടരണമെന്നും ത്രീസ്റ്റാർ ഹോട്ടലുകളെ അപ്‌ഗ്രേഡ് ചെയ്ത് ഫോർസ്റ്റാർ ബാറുകളാക്കി സംസ്ഥാനത്തുടനീളം ബാർലൈസൻസുകൾ പുനസ്ഥാപിക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടായിരുന്നു ദണ്ഡിയാത്ര.

പത്തുവർഷംകൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം എന്ന ലക്ഷ്യപ്രാപ്തിക്കായി തുടക്കം കുറിച്ച മദ്യനിരോധന ഘട്ടങ്ങളെ അട്ടിമറിച്ചാൽ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി അടങ്ങിയിരിക്കില്ലെന്നും ശക്തമായ പ്രക്ഷോഭസമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

കേരളത്തിന്റെ മനസാക്ഷി മദ്യനിരോധനത്തോടൊപ്പമാണെന്നും മദ്യം നൽകിക്കൊണ്ടുള്ള വർജ്ജനം ഭംഗിവാക്ക് മാത്രമാണെന്നും സമാപന സന്ദേശം നൽകിയ ബിഷപ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. സഭ എന്നും മദ്യനിരോധനത്തോടൊപ്പമാണ്. മദ്യനിരോധനം ഇല്ലാതെയുള്ള വർജ്ജനം അപ്രായോഗികമാണെന്നും ബിഷപ് പറഞ്ഞു.
ദണ്ഡിയാത്രയിലും നടപ്പു സമരത്തിലും സംസ്ഥാനത്തെ സീറോമലബാർ-മലങ്കര-ലത്തീൻ റീത്തുകളിലെ 31 അതിരൂപത-രൂപതകളിൽ നിന്നുള്ള വൈദികരും സിസ്റ്റേഴ്‌സും തിരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.രാവിലെ 11 മണിക്ക് കോട്ടയം പട്ടണത്തിലൂടെ സഞ്ചരിച്ച് ഗാന്ധി സ്‌ക്വയറിലെത്തി ഗാന്ധിപ്രതിമയിൽ സംസ്ഥാന നേതാക്കൾ പുഷ്പാർച്ചന നടത്തി. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ പ്രവർത്തകർ ഏറ്റുചൊല്ലി. തുടർന്ന് മദ്യം അഗ്നിക്കിരയാക്കി പ്രതിഷേധം രേഖപ്പെടുത്തി. മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ ദണ്ഡിയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. ചാർലി പോൾ ദീപശിഖ തെളിയിച്ചു. തോമസ് കുഴിഞ്ഞാലിൽ ഗാന്ധിജിയുടെ വേഷം അണിഞ്ഞ് ദണ്ഡിയാത്രയിൽ ഉടനീളം പങ്കെടുത്തു. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർലി പോൾ, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, യോഹന്നാൻ ആന്റണി, എഫ്.എം. ലാസർ, എം.ഡി. റാഫേൽ, തോമസുകുട്ടി മണക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, സിസ്റ്റർ ആനീസ് തോട്ടപ്പള്ളി, ഫാ. ജോർജ്ജ് കപ്പാംമൂട്ടിൽ, ഫാ. ഹിലരി ജോസഫ്, ഫാ. ആന്റണി വാഴയിൽ, സാബു എബ്രാഹം, ജോസ് കവയിൽ എന്നിവർ പ്രസംഗിച്ചു.