News >> കെ.സി.ബി.സി കാരുണ്യവർഷാചരണസമാപനം-സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു
Source: Sunday Shalom
കോട്ടയം: കേരളത്തിലെ കത്തോലിക്കാ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ 12 ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന കാരുണ്യവർഷാചരണത്തിന്റെ ഔദ്യോഗിക സമാപനത്തിന്റെ ക്രമീകരണങ്ങൾക്കായുള്ള സ്വാഗതസംഘ ഓഫീസ് അടിച്ചിറ ആമോസ് സെന്ററിൽ കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു.
ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ആലോചനായോഗത്തിൽ മദ്ധ്യകേരളത്തിലെ കത്തോലിക്കാ രൂപതകളിലെ വികാരി ജനറാൾമാർ, സന്യസ്ത സമൂഹങ്ങളുടെ മേലധികാരികൾ, രൂപതാ സാമൂഹ്യ സേവന വിഭാഗങ്ങളുടെ ഡയറക്ടർമാർ, പാസ്റ്ററൽ കൗൺസിൽ അൽമായ സെക്രട്ടറിമാർ, കത്തോലിക്കാ കോൺഗ്രസ്സിന്റെ രൂപതാ പ്രസിഡന്റുമാർ, യുവജനസംഘടനാ പ്രസിഡന്റുമാർ, കോട്ടയം കരിസ്മാറ്റിക് മൂവ്‌മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സമാപനാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിലേക്കുള്ള വിവിധ കമ്മിറ്റികൾക്ക് യോഗം രൂപം നൽകി. ജനറൽ കൺവീനറും കോട്ടയം അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സമാപനാചരണങ്ങളുടെ ക്രമീകരണങ്ങൾ വിശദീകരിച്ചു. തിരുവല്ല രൂപത വികാരി ജനറാൾ ഫാ. ആന്റണി ചെത്തിപ്പുഴ, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ ഫാ. ജോസഫ് മുണ്ടകത്തിൽ, കാഞ്ഞിരപ്പളളി രൂപതാ വികാരി ജനറാൾ ഫാ. അഗസ്റ്റിൻ പഴേപ്പറമ്പിൽ, വിജയപുരം രൂപതാ പ്രതിനിധി ഫാ. ജോസ് നവാസ്, പി. ഒ. സി ഡയറ്കടർ ഫാ. വർഗ്ഗീസ് വള്ളിക്കാട്, കേരള സോഷ്യൽ സർവ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, കെയർ ഹോം ഡയറക്ടർ ഫാ. റോയി വടക്കേൽ, നവജീവൻ ട്രസ്റ്റ് സാരഥി പി. യു. തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
നവംബർ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അതിരൂപതയുടെ അജപാലനകേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തപ്പെടുന്ന കാരുണ്യവർഷാചരണ സമാപന സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സിയുടെ നേതൃത്വത്തിൽ കേരളത്തിലെ സീറോമലബാർ, ലത്തീൻ, സീറോ മലങ്കര റീത്തുകളുടെ മേലദ്ധ്യക്ഷൻമാരും വിവിധ രൂപതകളിലെ മെത്രാന്മാരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും. സമാപനാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒക്‌ടോബർ 29-ാം തീയതി കോട്ടയം നവജീവനിൽ എല്ലാ രൂപതാ പ്രതിനിധികളും പങ്കെടുക്കുന്ന പ്രേക്ഷിത സഗമം സംഘടിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കോട്ടയം പ്രദേശത്തുള്ള നൂറ് ഇടവക ദൈവാലയങ്ങളിൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ സായാഹ്ന കൺവൻഷനുകളും നവംബർ 11 ന് നാഗമ്പടം സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിൽ ഏകദിന കൺവൻഷനും അഖണ്ഡ ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിക്കും.
സമാപനദിനമായ നവംബർ 12 ന് രാവിലെ തെള്ളകം പുഷ്പഗിരി ദൈവാലയത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 1.30 ന് തെള്ളകം ഹോളിക്രോസ് സ്‌കൂളിൽ നിന്നും കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യപാസ്റ്ററൽ സെന്ററിലേക്ക് കാരുണ്യസന്ദേശയാത്ര നടത്തപ്പെടും. സമാപന പൊതുസമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ കത്തോലിക്കാ രൂപതകളിലും പൊതുസമൂഹത്തിലും വിവിധ മേഖലകളിൽ കാരുണ്യശുശ്രൂഷ ചെയ്യുന്ന 46 കാരുണ്യപ്രവർത്തകരെയും സന്നദ്ധ പ്രസ്ഥാനങ്ങളെയും ആദരിക്കും. പൊതുസമ്മേളനത്തെ തുടർന്ന് കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രതിബദ്ധത-കാരുണ്യശുശ്രൂഷകളുടെ അവതരണവും ഭിന്നശേഷിയുള്ള കുട്ടികളുടെ കലാവിരുന്നും വിവിധ കലാപരിപാടികളും നടത്തപ്പെടും. എല്ലാ കത്തോലിക്കാ രൂപതകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുന്നതിനു പുറമെ കോട്ടയം, ചങ്ങനാശ്ശേരി, വിജയപുരം, പാലാ, കാഞ്ഞിരപ്പള്ളി, തിരുവല്ല രൂപതകളിൽ നിന്നുള്ള വൈദിക, സന്യസ്ത പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും സംഘടനാ ഭാരവാഹികളും സമാപനപരിപാടികളിൽ പങ്കെടുക്കും. കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്റെയും ഫാമിലി കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമാപനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.