News >> സംവാദത്തിന്‍റെ പാതയില്‍ സ്വീഡനിലേയ്ക്കൊരു അപ്പോസ്തലികയാത്ര


Source: Vatican Radio

ഒക്ടോബര്‍ 26-ാം തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ്  ഇറ്റലിയില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ ഹെയ്നര്‍ പാപ്പായുടെ ആസന്നമാകുന്ന സ്വീഡന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചത്.  ലൂതറന്‍ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ 500-ാം വാര്‍ഷികം പ്രമാണിച്ച് ഒക്ടോബര്‍ 31, നവംബര്‍ 1 തിങ്കള്‍ ചൊവ്വ തിയതികളിലാണ് സ്വീഡനിലെ ലന്‍ഡ് നഗരത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശനം നടത്തുന്നത്.

ഇതിനു മുന്‍പും ലൂതറന്‍സഭ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ശതാബ്ദി ആഘോഷിച്ചിട്ടുണ്ടെങ്കിലും, അതെല്ലാം വിവാദപരവും, കത്തോലിക്കാ സഭയോടുള്ള ശത്രുതയിലുള്ളതുമായിരുന്നു. ചരിത്രത്തില്‍ അദ്യമായിട്ടാണ് തുറവിന്‍റെയും സംവാദത്തിന്‍റെയും സംഗമം നടക്കുന്നതെന്ന് ഹെയ്നര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ലൂതറന്‍ പ്രസ്ഥാനത്തിന്‍റെ ആഗോള ഫെഡറേഷന്‍റെ ആസ്ഥാനമായ ( WORLD LUTHER FEDERATION)  സ്വീഡനിലെ ലന്‍ഡിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം പ്രതീകാത്മകവും പ്രത്യാശപകരുന്നതുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

നൂറ്റാണ്ടികള്‍ക്കുമുന്‍പ് ദൈവശാസ്ത്രപരമായ കാരണങ്ങള്‍ പറഞ്ഞ് ലൂതര്‍ കരാണമാക്കിയ പിളര്‍പ്പ് ഇന്ന് സാഹോദര്യത്തിന്‍റെയും സംവാദത്തിന്‍റെയും ശൈലിയില്‍ ഒന്നിപ്പിക്കാനാണ് പാപ്പാ ഫ്രാന്‍സിസ് ഇറങ്ങി പുറപ്പെടുന്നതെന്ന് ഫാദര്‍ ഹെയ്നര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.                                                                                                                                                                                                                                                                                                                                                                                                                                                                                                                        

വിശ്വാസവും ദൈവകൃപയുംവഴി മാത്രമാണ് രക്ഷ (Justification by faith and grace alone) എന്ന ലൂതറിന്‍റെ വാദമാണ് സഭയില്‍ 500 വര്‍ഷങ്ങള്‍ക്കുമുന്‍പ് വിവാദപരമായ പിളര്‍പ്പുണ്ടാക്കിയത്. അങ്ങനെ ലൂതറന്‍ പ്രൊടസ്റ്റന്‍റ് പ്രസ്ഥാനം 1517-ല്‍ ചരിത്രത്തില്‍ ഉടലെടുത്തു.  ക്രിസ്തുവിലുള്ള വിശ്വാസംവഴി ഒരാള്‍ നേടിയെടുക്കുന്ന ദൈവകൃപയാണ് രക്ഷ. അതിനാല്‍ ക്രിസ്തുവിലുള്ള സഭാ സ്ഥാപനത്തിനും, പത്രോസിന്‍റെ പരമാധികരത്തിനും പ്രസക്തിയില്ലെന്ന് ലൂതര്‍ വാദിച്ചു. ദൈവികമായ വെളിപാടിന്‍റെ ഏകസ്രോതസ്സ് വിശുദ്ധഗ്രന്ഥം മാത്രമാണെന്നു ലൂതര്‍ സ്ഥാപിച്ചു. ബൈബിളിന്‍റെ ജര്‍മ്മന്‍ പരിഭാഷ ലൂതര്‍ നിര്‍വ്വഹിച്ചത് ഇക്കാലഘട്ടത്തിലാണ്. ക്രിസ്തുവിലുള്ള പൗരോഹിത്യ സ്ഥാപനത്തെയും, കത്തോലിക്കാ പൗരോഹിത്യത്തെയും ലൂതര്‍ നിഷേധിച്ചു. ജ്ഞാനസ്നാനം സ്വീകരിക്കുന്ന സകലരും വിശുദ്ധമായ പൗരോഹിത്യം സ്വീകരിക്കുന്നുവെന്നായിരുന്നു ലൂതര്‍ തര്‍ക്കിച്ചത്. സംഗീതജ്ഞാനമുണ്ടായിരുന്ന ലൂതര്‍ ഗ്രിഗോരിയന്‍ ഈണങ്ങള്‍ക്കു ബദലായി ജര്‍മ്മന്‍ഭാഷയില്‍ ക്രിസ്തീയഗീതങ്ങള്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തി. സന്ന്യാസം ഉപേക്ഷിച്ച സ്ത്രീ, കാതറീന്‍ ബോറയെ ലൂതര്‍ വിവാഹം കഴിച്ചതോടെ ലൂതറനിസം ലോകത്ത് പലര്‍ക്കും ആകര്‍ഷകമായി. സ്ഥാപനകനായ ലൂതര്‍ തന്നെ വൈദിക വിവാഹത്തിന്‍റെ മാതൃകയും പ്രയോക്താവുമായി. കാലക്രമത്തില്‍ ലൂതര്‍ യഹൂദ വിദ്വേഷിയായി മാറിയത്, പ്രോടസ്റ്റന്‍റ് സഭയില്‍ എതിര്‍പ്പും പിളര്‍പ്പും ഉണ്ടാക്കി.

സഭകള്‍ തമ്മില്‍ ഐക്യപ്പെട്ടിരിക്കുന്ന കാരണങ്ങള്‍ വിഭന്നതയുടെ ഘടകങ്ങളെക്കാള്‍ അധികമാണ്. അതിനാല്‍ സ്വീഡനിലെ ലന്‍ഡിലേയ്ക്കും മാല്‍മോയിലേയ്ക്കുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ലുതറന്‍ സഭയുമായി മാത്രമല്ല, ഇതര ക്രൈസ്തവ സഭകളുമായും ഇനിയും ഐക്യത്തിന്‍റെയും സംവാദത്തിന്‍റെയും പാത തുറക്കാന്‍ പോരുന്നതാണെന്ന് പാസ്റ്റര്‍ ഹയ്നര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.