News >> പനാമയില്‍ പാപ്പായ്ക്കൊരു പാര്‍പ്പിടം - വത്തിക്കാന്‍ സ്ഥാനപതി മന്ദിരം


Source: Vatican Radio

രാഷ്ട്രത്തോടു ചേര്‍ന്നുള്ള ജനസേവനമാണ് പനാമയില്‍ തുറക്കുന്ന വത്തിക്കാന്‍ സ്ഥാനപതിയുടെ ആസ്ഥാനത്തിന്‍റെ ലക്ഷ്യമെന്ന് സ്റ്റെയിറ്റ് സെക്രട്ടേറിയേറ്റിന്‍റെ ഉപകാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബെച്യൂ പ്രസ്താവിച്ചു.  ഒക്ടോബര്‍ 24-ാം തിയതി തിങ്കളാഴ്ച വടക്കെ അമേരിക്കന്‍ രാജ്യമായ പനാമയുടെ തലസ്ഥാനമായ പനാമ സിറ്റിയുടെ കേന്ദ്രഭാഗത്ത് വത്തിക്കാന്‍ സ്ഥാനപതിയുടെ പുതിയ മന്ദിരം ഉത്ഘാ‍ടനംചെയ്യവെയാണ് ആര്‍ച്ചുബിഷപ്പ് ബെച്യു ഇങ്ങനെ പ്രസ്താവിച്ചത്.

2019-ല്‍ പാനമ ആതിഥ്യംനല്കുന്ന ലോക യുവജനസംഗമം കണക്കിലെടുക്കുമ്പോള്‍ പാപ്പായ്ക്ക് പനാമയില്‍ ഒരു താല്‍ക്കാലിക വസതിയായും വത്തിക്കാന്‍ സ്ഥാനപതിയുടെ പുതിയ മന്ദിരം മാറുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ബെച്യൂ ചൂണ്ടിക്കാട്ടി. അപ്പസ്തോലിക യാത്രകളില്‍ പാപ്പാ താമസിക്കുന്നിടം സാധാരണമായി വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരമാണ്.

ഭരണകര്‍ത്താക്കളോടു ചേര്‍ന്നു സഹകരിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളെയും സഭാസമൂഹങ്ങളെയും ശുശ്രൂഷിക്കുക എന്നതാണ് വത്തിക്കാന്‍ സ്ഥാനപതിയുടെയും, സ്ഥാനപതിയുടെ ആസ്ഥാനത്തിന്‍റെയും അടിസ്ഥാനലക്ഷ്യമെന്ന് അര്‍ച്ചുബിഷപ്പ് ബെച്യൂ പ്രസ്താവിച്ചു. പനാമയുടെ പ്രസിഡന്‍റ്, ജുവാന്‍ കാര്‍ലോസ് വരേലയുടെയും മറ്റു രാഷ്ട്ര പ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ വളരെ ലളിതമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ആര്‍ച്ചുബിഷപ്പ് ആന്ത്രയാസ് കരൈസ കോസയാണ് (60 വയസ്) പാനമയിലെ ഇപ്പോഴത്തെ വത്തിക്കാന്‍റെ സ്ഥാനപതി, സ്ഥലത്തെ മെത്രാപ്പോലീത്ത ഹൊസ്സെ ദൊമീംഗോ ഊലോ തടുങ്ങിവരും ചടങ്ങില്‍ പങ്കെടുത്തു.                                                                                                                        

1938-മുതല്‍ വത്തിക്കാനുമായി നയതന്ത്ര ബന്ധമുള്ള പനാമയിലെ വത്തിക്കാന്‍റെ സ്ഥാനപതി അയല്‍രാജ്യമായ പോര്‍ത്തോ റിക്കോയില്‍ വസിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. സഭയുടെ ബാഹ്യമായ സംവിധാനങ്ങള്‍ രാഷ്ട്രങ്ങളില്‍ കൂട്ടായ്മയുടെയും സമൂഹ്യനീതി, സമാധാനം ഐക്യം എന്നീ മൂല്യങ്ങളുടെ സ്രോതസ്സായി മാറുമെന്നും ആര്‍ച്ചുബിഷപ്പ് ബെച്യെ പ്രസ്താവിച്ചു.