News >> ജീവനെതിരായ ഭീഷണി എവിടെയും...! - കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


Source: Vatican Radio

 'സ്നേഹത്തിന്‍റെ ആനന്ദം', Amoris Laetitae എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ കുടുംബങ്ങളെ സംബന്ധിച്ച  അപ്പസ്തോലിക പ്രബോധന ത്തെ ആധാരമാക്കി ഒക്ടോബര്‍ 25-ാം തിയതി ചൊവ്വാഴ്ച മുബൈയില്‍ നടത്തിയ ദേശീയ ചര്‍ച്ചാ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ ചൂണ്ടിക്കാട്ടിയത്.

ജീവന്‍ അതിന്‍റെ എല്ലാ ഘട്ടത്തിലും - അമ്മയുടെ ഉദരത്തിലെ ഭ്രൂണഹത്യാശ്രമത്തിലും, തകരുന്ന പാരിസ്ഥിതിക ചുറ്റുപാടുകളിലും, വാര്‍ദ്ധക്യത്തിലെ പരിത്യക്താവസ്ഥയില്‍ ഉയരുന്ന കാരുണ്യവധത്തിന്‍റെ ഭീഷണിയിലും അനുഭവിക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രഭാഷണത്തില്‍ വിവരിച്ചു.  ദൈവം തന്ന ജീവന്‍റെ ദാനത്തോട് നന്ദിയുള്ളവരായി, ആദ്യം അതിനെ മാനിച്ചുകൊണ്ടു ജീവിക്കുക, രണ്ടാമതായി, അതിന്‍റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കാന്‍ ഐക്യദാര്‍ഢ്യത്തിന്‍റെ മനോഭാവത്തോടെ മുന്നേറുക. മൂന്നാമതായി, പാരിസ്ഥിതിക സംരക്ഷണം ഉള്‍പ്പെടെ ജീവന് ആനുകൂല്യമായൊരു നിലപാട് എടുക്കുക എന്നത് ഇന്നിന്‍റെ ആവശ്യമാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

ജീവനെ സംരക്ഷിക്കുകയും, പരിചരിക്കുകയും   ചെയ്യുന്നവര്‍, കുടുംബത്തിന്‍റെ പക്ഷത്തായിരിക്കും. മാനവകുലത്തിന്‍റെ ഭാവി ഭാഗധേയം കുടുംബമാണ്. അതിനാല്‍ സന്മനസ്സുള്ള സകലരും ഗാര്‍ഹികമൂല്യങ്ങള്‍ പരിരക്ഷിക്കുവാനും, പരിപോഷിപ്പിക്കുവാനും കടപ്പെട്ടവരാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു. ഇന്ന് സഭയുടെ ധാര്‍മ്മികവും അജപാലനപരുവുമായ പ്രതിബദ്ധത കുടുംബങ്ങളില്‍ കേന്ദ്രീകൃതമാണ്. കാരണം ലോകത്ത് എവിടെയും കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രഭാഷണത്തില്‍ വ്യക്തമാക്കി.

അതിനാല്‍ സഭയുടെ പ്രബോധനങ്ങളെ ആധാരമാക്കിയും, വചനത്തിന്‍റെയും, കൂദാശകളു‌ടെയും പിന്‍ബലത്തോടെ ജീവനെയും, കുടുംബങ്ങളെയും പരിരക്ഷിക്കാനും, അതിനെതിരായ വെല്ലുവിളികളെ ആത്മസംയമനത്തോടെ നേരിടാനും പരിശ്രമിക്കണമെന്ന്, ദേശീയ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (President, Conference of the Catholic Bishops of India- CCBI)  അദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഉദ്ബോധിപ്പിച്ചു.

ഒക്ടോബര്‍ 24-ന് തുടങ്ങിയ സമ്മേളനം 26-ന് സമാപിച്ചു.