News >> യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി

Source: Deepikaറോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി. സങ്കീർത്തനങ്ങളാലും പ്രാർത്ഥനകളാലും സ്തുതിഗീതങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പുവഴി മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനാക്കപ്പെട്ടതോടെ യൂറോപ്പിൽ സീറോ മലബാർ സഭയുടെ പുതിയ ചരിത്രത്തിനു തുടക്കമായി. മാർ തോമാശ്ലീഹ പകർന്നുതന്ന വിശ്വാസ പൈതൃകം യൂറോപ്പിലെ മണ്ണിൽ വിരിയിക്കാൻ, സീറോ മലബാർ സഭയുടെ ആരാധനാക്രമവും ജീവിതശൈലിയും പാരമ്പര്യങ്ങളും പ്രവാസികളായ സഭാതനയർക്ക് അനുസ്യൂതം തുടരാൻ, അപ്പസ്തോലന്മാർ പങ്കുവച്ച ക്രിസ്ത്വാനുഭവം തലമുറകൾക്കു പകർന്നുനൽകാൻ യൂറോപ്പിൽ ഇതോടെ പുതിയ സംവിധാനമായി. റോമിലെ അതിപുരാതനവും മനോഹരവുമായ ബസിലിക്കകളിൽ ഒന്നായ സെന്റ് പോൾ പേപ്പൽ ബസിലിക്കയിൽ പ്രാദേശികസമയം രാവിലെ പത്തിന് ജപമാലയോടെയും പ്രദക്ഷിണത്തോടെയും ആരംഭിച്ച കർമങ്ങൾക്കു പൗരസ്ത്യ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരായി. തുടർന്ന് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ ബലിയർപ്പണം നടന്നു. യൂറോപ്പിലെയും സീറോ മലബാർ സഭയിലെയും മേലധ്യക്ഷന്മാരും വത്തിക്കാൻ കാര്യാലയത്തിലെ പ്രതിനിധികളും വിവിധ സന്യാസസഭകളുടെ ജനറാൾമാരും പ്രൊവിൻഷ്യൽമാരും ക്ഷണിക്കപ്പെട്ട അതിഥികളും നൂറുകണക്കിനു വൈദികരും കന്യാസ്ത്രികളും സെമിനാരിക്കാരും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേർന്ന ആയിരക്കണക്കിനു വിശ്വാസികളും ഈ ചരിത്ര മുഹൂർത്തത്തിനു സാക്ഷികളായി. അയർലൻഡിലുള്ള സ്ലെബ്റ്റെ രൂപതയുടെ സ്‌ഥാനിക മെത്രാനും യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററുമായി മാർ സ്റ്റീഫൻ ചിറപ്പണത്തിനെ ഉയർത്തുന്ന സ്‌ഥാനാരോഹണ കർമങ്ങൾക്കു പൗരസ്ത്യതിരുസംഘം തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രി മുഖ്യകാർമികത്വം നിർവഹിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലബാർ പ്രവാസികൾക്കു വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി എന്നിവർ സഹകാർമികരായിരുന്നു. സീറോ മലങ്കര സഭയുടെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അപ്പസ്തോലിക് വിസിറ്റേറ്റർക്കും സീറോ മലബാർ സഭയ്ക്കും യൂറോപ്പിലെ വിശ്വാസികൾക്കും അഭിനന്ദനങ്ങളും ആശംസകളും പ്രാർഥനകളും നേർന്നു. മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മറുപടിപ്രസംഗത്തോടെ മെത്രാഭിഷേക - സ്‌ഥാനാരോഹണ ചടങ്ങുകൾ സമാപിച്ചു. ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട്, മാർ മാത്യു മൂലക്കാട്ട്, വത്തിക്കാനിലെ പ്രവാസി കാര്യാലയത്തിന്റെ സെക്രട്ടറിയും നിയുക്‌ത വരാപ്പുഴ ആർച്ച്ബിഷപ്പുമായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ ആന്റണി ചിറയത്ത്, മാർ പോൾ ആലപ്പാട്ട്, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, ഷിക്കാഗോ രൂപത സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, എത്യോപ്യയുടെ അപ്പസ്തോലിക വികാരിയും ബിഷപ്പുമായ ഡോ. വർഗീസ് തോട്ടങ്കര തുടങ്ങിയ സഭാമേലധ്യക്ഷന്മാരും ഓസ്ട്രിയ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, അയർലൻഡ്, ഡെന്മാർക്ക് എന്നീ യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ കോ-ഓർഡിനേറ്റർമാരും റോമിലെ ഇന്ത്യൻ അംബാസിഡറിന്റെ പ്രതിനിധിയും വിവിധ ഓഫീസുകളിൽനിന്നുള്ള പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുത്തു. ഫാ. ജിജോ വാകപറമ്പിൽ