News >> സകലവിശുദ്ധരുടെ മഹോത്സവം - പാപ്പാ ഫ്രാന്‍സിസ് സ്വീഡനില്‍ ദിവ്യബലിയര്‍പ്പിച്ചു

Source: Vatican Radio

ഒക്ടോബര്‍ 31, നവംബര്‍ 1 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളായിരുന്നു സ്വീഡന്‍ അപ്പോസ്തോലിക സന്ദര്‍ശനം. ലൂതറന്‍ പ്രസ്ഥാനത്തിന്‍റെ 500-ാം വാര്‍ഷികാനുസ്മരണം പ്രമാണിച്ചായിരുന്നു സന്ദര്‍ശനമെങ്കിലും, രണ്ടാം ദിവസം സകല വിദ്ധരുടെ തിരുനാളില്‍ സ്വീനഡനിലെ ന്യൂനപക്ഷവും വളരെ ചെറുഗണവുമായ കത്തോലിക്കര്‍ക്കൊപ്പം മാല്‍മോ നഗരത്തിലെ സ്വിസ്ബാങ്ക് സ്റ്റേഡിയത്തില്‍ പാപ്പാ ദിവ്യബലിയര്‍പ്പിച്ചു.

മാല്‍മോ നഗരപ്രാന്തത്തിലെ ഇഗലോസയിലുള്ള Life Science Community-യുടെ അതിഥിമന്ദിരത്തിലായിരുന്നു പാപ്പാ വിശ്രമിച്ചത്. നവംബര്‍ 1-ാം തിയതി ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ 8.20-ന് 36 കി. മി. അകലെയുള്ള സ്വിഡ്ബാങ്ക് സ്റ്റേഡിയത്തിലേയ്ക്ക് ദിവ്യബലിക്കായി പാപ്പാ പുറപ്പെട്ടു. 9.15-ന് സ്റ്റേഡിയത്തില്‍ എത്തിയ പാപ്പാ തുറന്ന ഇലക്ട്രിക്ക് വാഹനത്തിലാണ് ജനങ്ങളെ അഭിവാദ്യചെയ്തുകൊണ്ട് ബലിവേദിയിലേയ്ക്കു നീങ്ങിയത്. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള സ്റ്റേഡിയം നിറഞ്ഞിരുന്നു. ഗാനാലാപനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും അന്തരീക്ഷത്തില്‍ സ്വീഡനിലെ വിശ്വാസികള്‍ പാപ്പായെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

ഗായകസംഘം പ്രവേശനഗാനം ആലപിച്ചു. വെളുത്ത പൂജാവസ്ത്രങ്ങള്‍ അണി‍ഞ്ഞ് വിശുദ്ധാത്മാക്കളുടെ സ്വര്‍ഗ്ഗിയ മഹത്വം പ്രതിഫലിപ്പിച്ചുകൊണ്ട് സഹകര്‍മ്മികര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി ആരംഭിച്ചു. ലത്തീന്‍ ഭാഷയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ സ്വീഡിഷ്, ഇംഗ്ലിഷ് സ്പാനിഷ് ഭാഷകളും ഉപയോഗിക്കപ്പെട്ടു. അനുതാപശുശ്രൂഷയെ തുടര്‍ന്ന് വചനപാരായണം സ്വീഡിഷ് ഭാഷയിലായിരുന്നു.

+ വെളിപാട് 7, 2-4, 9-14. ആദ്യവായ സ്വര്‍ഗ്ഗിയ മഹത്വത്തിലെ എണ്ണപ്പെടാനാവാത്ത വിശുദ്ധരുടെ ഗണത്തെ അനുസ്മരിപ്പിച്ചു.

+ രണ്ടാം വായന വിശുദ്ധ യോഹന്നാന്‍റെ ആദ്യലേഖനം 1, 1-3  ജീവന്‍റെ വചനവും ദൈവികമഹത്വവും പങ്കുവയ്ക്കാം എന്ന ആഹ്വാനമായിരുന്നു.

+ മത്തായിയുടെ സുവിശേഷം 5, 1-12-വരെ ക്രിസ്തു പ്രബോധിപ്പിച്ച അഷ്ഠഭാഗ്യങ്ങളിലൂടെ ജീവിതവിശുദ്ധിയുടെ മഹത്വം പ്രഘോഷിക്കപ്പെട്ടു.  തുടര്‍ന്ന് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു.

വിശ്വാസപ്രമാണം ലത്തീനില്‍ ആലപിക്കപ്പെട്ടു. ജര്‍മ്മന്‍ സ്വീഡിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലായിരുന്നു വിശ്വാസികളുടെ പ്രാര്‍ത്ഥന. കാഴ്ചവയ്പ്, സ്തോത്രയാഗപ്രാര്‍ത്ഥന, സ്ത്രോത്രയാഗകര്‍മ്മം, ദിവ്യകാരുണ്യസ്വീകരണം.. എന്നിവയിലൂടെ ദിവ്യബലി തുടര്‍ന്നു.   ദിവ്യകാരുണ്യ സ്വീകരണ കര്‍മ്മത്തിനുശേഷം, സ്വീ‍ഡനിലെ ഏകസഭാപ്രവിശ്യയായ സ്റ്റോക്ഹോം അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ആന്‍ഡേഴ്സ് ആര്‍ബൊറേലിയൂസ് ഒ.സി.ഡി പാപ്പായ്ക്ക് നന്ദിപറഞ്ഞു. ദിവ്യകാരുണ്യ പ്രാര്‍ത്ഥനയെ തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലി. ഏവര്‍ക്കും നന്ദിപറയുകയും, ഐക്യത്തിന്‍റെ പാതയില്‍ മുന്നേറണമെന്നും ക്രിസ്തുസാക്ഷ്യമാകണമെന്നും ഉദ്ബോധിപ്പിച്ചു. വേദിവിട്ടിറങ്ങിയ പാപ്പായെ ജനങ്ങള്‍ നന്ദിയോടെ അഭിവാദ്യംചെയ്ത്, യാത്രപറഞ്ഞു.