News >> തീർത്ഥാടകരുടെ മുമ്പിൽ വിശ്വാസത്തിന്റെ കഥകളുമായി കാണ്ടമാൽ

Source: Sunday Shalom


ഭൂവനേശ്വർ: വിശ്വാസത്തിനുവേണ്ടി 100 പേർ ജീവനർപ്പിച്ച കാണ്ടമാലിന്റെ മണ്ണിൽ നില്ക്കുമ്പോൾ ആ വൈദികരുടെ ഹൃദയം ജ്വലിക്കുകയായിരുന്നു. വിശ്വാസത്തിന്റെ കഥകൾ കേൾക്കാനും കാണാനുമായി ഒഡീഷ കാത്തലിക് ബിഷപ്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന കാണ്ടമാൽ തീർത്ഥാടനത്തിലെ ആദ്യസംഘമായിരുന്നു അവർ. ഇന്ത്യയിലെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ഏഴ് രൂപതകളിൽനിന്നുള്ള 32 വൈദികരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

സെമിനാരി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നവരായിരുന്നു എല്ലാവരും. കാണ്ടമാലിലെ ക്രൈസ്തവർ വിശ്വാസ പരിശീലന ക്വിസ് മത്സരത്തിൽ ഒന്നാമത് എത്തിയവരല്ല, എന്നാൽ പ്രായോഗിക ജീവിതത്തിൽ വിശ്വാസം പരീക്ഷിക്കപ്പെട്ടപ്പോൾ അതിൽ വിജയിച്ചവരാണ്. ഇറ്റാനഗർ രൂപതാധ്യക്ഷനും തീർത്ഥാടക സംഘത്തിന്റെ ലീഡറുമായ ഡോ. ജോൺ തോമസ് കത്രുകുടിയിൽ പറഞ്ഞു. കാണ്ടമാലിലെ ധീരരായ വിശ്വാസികൾ അധൈര്യപ്പെടാതെ തങ്ങൾക്കുള്ളതെല്ലാം ബലികഴിച്ചുകൊണ്ട് വിശ്വാസം കാത്തുസൂക്ഷിച്ചു.

വിശ്വാസം അറിവിനെക്കാൾ വിലപ്പെട്ടതാണെന്നും ഡോ. കത്രുകുടിയിൽ ചൂണ്ടിക്കാട്ടി. ഒരാഴ്ച നീട്ടുനിന്ന പര്യടനത്തിൽ കാണ്ടമാൽ കലാപത്തിൽ നഷ്ടങ്ങൾ നേരിടേണ്ടവന്ന കുടുംബങ്ങളെയും കലാപത്തിൽ ഇരകളാക്കപ്പെട്ടവരെയും സന്ദർശിച്ചു. അവരോടൊപ്പമായിരുന്നു സംഘാംഗങ്ങൾ അധികസമയവും ചെലവഴിച്ചത്. സംഘത്തിൽ ഉണ്ടായിരുന്ന ജലന്ദർ രൂപതാധ്യക്ഷൻ ഡോ. ഫ്രാങ്കോ മുളയ്ക്കലുമായി വൈദികർ കാണ്ടമാലിൽനിന്നും ലഭിച്ച അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു. കാണ്ടമാലിലെ സാധാരണക്കാരുടെ വിശ്വാസത്തിന് ഒരു പോറൽ പോലും ഏല്പിക്കാൻ മതഭ്രാന്തന്മാരുടെ ആക്രമണങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

ഈ പ്രദേശത്തുനിന്നും ക്രൈസ്തവ വിശ്വാസം തുടച്ചുനീക്കാൻ കഴിയുമെന്നായിരുന്നു അവർ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, പീഡനങ്ങൾ അവരുടെ വിശ്വാസം വർധിപ്പിക്കുകയാണ് ചെയ്തത്. തേസ്പൂർ രൂപതയിലെ വൈദികനായ ഫാ. ഫിലിപ്പ് ബർല പറഞ്ഞു. കാണ്ടമാലിലെ വിശ്വാസികൾ ഇപ്പോഴും ഭീഷണിയുടെ നടുവിലാണ്. അവരുടെ വിശ്വാസം ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധികളുടെ നടുവിൽനില്ക്കുമ്പോഴും അവർ വിശ്വാസം ഉയർത്തിപ്പിടിച്ചിരിക്കുകയാണ്. കാണ്ടമാലിലെ വിശ്വാസികളുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ സംഘാംഗമായ ഫാ. പോൾ ദെഹാങ്ക പറഞ്ഞു. ഇത്തരം സന്ദർശനങ്ങൾ ആഗോള സഭയ്ക്ക് കാണ്ടമാലിലെ വിശ്വാസികളോടുള്ള കരുതൽ ബോധ്യപ്പെടുത്തികൊടുക്കുമെന്ന് കട്ടക്-ഭൂവനേശ്വർ അതിരൂപതാധ്യക്ഷൻ ഡോ. ജോൺ ബറുവ പറഞ്ഞു. ഈ രൂപതയുടെ ഭാഗമാണ് കാണ്ടമാൽ.