News >> വെനിസ്വേല: ചർച്ചയ്ക്ക് വത്തിക്കാൻ മധ്യസ്ഥം

Source: Sunday Shalom


വെനിസ്വേല: രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാനായി ഗവൺമെന്റും പ്രതിപക്ഷ നേതാക്കളും തമ്മിൽ നടത്തുന്ന ചർച്ചയിൽ വത്തിക്കാൻ പ്രതിനിധി മധ്യസ്ഥം വഹിക്കുന്നു. വെനിസ്വേലൻ തീരത്തുള്ള മർഗരീത്ത ദ്വീപിൽ ഒക്‌ടോബർ 30ന് ചർച്ച ആരംഭിച്ചു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുരോ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെയാണ് ചർച്ചയ്ക്ക് വത്തിക്കാൻ മാധ്യസ്ഥം വഹിക്കുമെന്ന വാർത്ത വെനിസേലയിലേക്കുള്ള അപ്പസ്‌തോലിക്ക് ന്യൂൺഷ്യോ ആർച്ച്ബിഷപ് എമിൽ പോൾ ഷെരിഗ് അറിയിച്ചത്.

Venezuelan President Nicolas Maduro giving Pope Francis a gift in 2013 (AP)
Venezuelan President Nicolas Maduro giving Pope Francis a gift in 2013 (AP)

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി താറുമാറായതിനെ തുടർന്നാണ് വെനിസ്വേലയിൽ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. ജനങ്ങളുടെ, പ്രത്യേകിച്ചും ദരിദ്രരുടെ ക്ലേശങ്ങൾ അകറ്റുന്നതിനായി ക്രിയാത്മകവും സത്യസന്ധവുമായ സംവാദത്തിലേർപ്പെടാൻ മാർപാപ്പ പ്രസിഡന്റ് നിക്കോളാസ് മദുരോയോട് ആവശ്യപ്പെട്ടു. രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനും എല്ലാ പാർട്ടികളും തമ്മിൽ വിശ്വാസം സ്ഥാപിക്കുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും വത്തിക്കാൻ പിന്തുണ അറിയിച്ചു.

പ്രസിഡന്റിനെ പുറത്താക്കാനായി പ്രതിപക്ഷപാർട്ടികൾ കൊണ്ടുവന്ന ജനഹിതപരിശോധന മാറ്റിവച്ചതോടെയാണ് രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായത്. അതേസമയം രാജ്യത്തെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി മറികടക്കുന്നതിനായി ചർച്ചകൾ സംഘടിപ്പിക്കുവാൻ സഭ ക്രിയാത്മകമായി ഇടപെടുമെന്ന് അടുത്ത മാസം കർദിനാളാകുന്ന ആർച്ച് ബിഷപ് ബാൽതാസർ പൊറാസ് കാർദോസൊ വ്യക്തമാക്കി.