News >> വിപ്ലവം നടത്തേണ്ടത് വലിച്ചെറിയൽ സംസ്‌കാരത്തിനെതിരെ

Source: Sunday Shalom


വത്തിക്കാൻ സിറ്റി: ജീവൻ പരിപോഷിപ്പിക്കുവാനും മരണവും യുദ്ധവും വിതയ്ക്കുന്ന ഉത്തരവാദിത്വരഹിതമായ സാമ്പത്തികശാസ്ത്രത്തെ നിരാകരിക്കുവാനും ഇറ്റാലിയൻ ബിഷപ്‌സ് കോൺഫ്രൻസ് ആഹ്വാനം ചെയ്തു. ജോൺ പോൾ മാർപാപ്പയുടെ തിരുനാൾദിനത്തിൽ അടുത്തവർഷം ഇറ്റലിയിൽ ആഘോഷിക്കുന്ന പ്രോ-ലൈഫ് ദിനത്തിനായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് വലിച്ചെറിയൽ സംസ്‌കാരത്തിനെതിരായി ഇറ്റാലിയൻ ബിഷപ്പുമാർ ശക്തമായ നിലപാടെടുത്തത്.

പ്രോ-ലൈഫ് എന്നാൽ വലിച്ചെറിയൽ സംസ്‌കാരത്തെ സുഖപ്പെടുത്താനുതകുന്ന സംസ്‌കാരസമ്പന്നമായ വിപ്ലവത്തിൽ പങ്കാളിയാവുക എന്നാണർത്ഥം. എല്ലാ മനുഷ്യജീവനെയും, അതിന്റെ സ്വഭാവികമായ ഉത്ഭവം മുതൽ അന്ത്യം വരെ സംരക്ഷിണം; സന്ദേശത്തിൽ വ്യക്തമാക്കി.

കുട്ടികളെയും പ്രായമായവരെയും പരിചരിക്കുന്നതും സംരക്ഷിക്കുന്നതും സ്‌നേഹത്തിന്റെ അടയാളമാണ്. ഇതാണ് ഏറ്റവും പ്രത്യാശനിർഭരമായ സ്‌നേഹം. ഇത് ഭാവി സുരക്ഷിതമാക്കുന്ന സ്‌നേഹമാണ്. കുട്ടികളാണ് ജനത്തിന്റെ ഭാവി. അവർക്ക് പ്രത്യാശ നൽകുക. പ്രായമായവരാണ് വിശ്വാസവും അനുഭവങ്ങളും തലമുറകളിലേക്ക് കൈമാറുന്നത്. പക്ഷെ യുദ്ധവും മരണവും വിതയ്ക്കുന്ന സാമ്പത്തികശാസ്ത്രത്തെ പ്രതിരോധിച്ചെങ്കിൽ മാത്രമെ ഇത്തരത്തിലുള്ള സ്‌നേഹം സാധ്യമാവുകയുള്ളൂ;ബിഷപ്പുമാർ ഉദ്‌ബോധിപ്പിച്ചു.

കൊൽക്കത്തായിലെ വിശുദ്ധ തെരേസയെപ്പോലെ ക്ലേശിതരുടെ വിലാപവും ലോകത്തിന്റെ വെളിച്ചം നിഷേധിക്കപ്പെട്ട ഗർഭസ്ഥശിശുക്കളുടെ നിലവിളിയും ദരിദ്രരുടെ ദുഃഖവും യേശുവിന്റെ കുരിശിലെ നിലവിളിയിൽ കണ്ടെത്താൻ സാധിക്കണമെന്ന് ബിഷപ്പുമാർ ഉദ്‌ബോധിപ്പിച്ചു.