News >> പ്രത്യാശ നാം യാചിക്കേണ്ട ദൈവിക ദാനം


Source: Vatican Radio

പ്രത്യാശ നാം യാചിക്കേണ്ട ദൈവിക ദാനമാണെന്ന് മാര്‍പ്പാപ്പാ.

കരുണയുടെ അസാധാരണ ജൂബിലിയാചരണത്തിന്‍റെ ഭാഗമായി തടവുകാര്‍ക്കായി ഞായറാഴ്ച (06/11/16) രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിവിധരാജ്യക്കാരായിരുന്ന ആയിരത്തിലേറെ തടവുകാര്‍ക്കു പുറമെ അവരുടെ കുടുംബാംഗങ്ങളും കാരാഗൃഹാധികാരികളും, തടവുകാരുടെ അജപാലന ശുശ്രൂഷകരുമുള്‍പ്പടെ 4000ത്തിലേറെപ്പേര്‍ ഈ സമൂഹബലിയില്‍ സംബന്ധിച്ചു,

നവജീവനിലേക്ക് വീണ്ടും ജനിക്കാമെന്ന പ്രത്യാശയാണ് നാം പുലര്‍ത്തേണ്ടതെന്നും ഈ പ്രത്യാശ ഫലം പുറപ്പെടുവിക്കേണ്ടതിന് നമ്മുടെ പ്രത്യാശയുടെ വേരുകള്‍ നാം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവത്തിന്‍റെ സ്നേഹത്തിന് കടന്നുചെല്ലാന്‍ കഴിയാത്ത ഒരിടവും നമ്മുടെ ഹൃദയത്തിലില്ലെന്നും എവിടെ ഒരുവന് തെറ്റു പറ്റുന്നുവൊ, അവിടെ, സ്വര്‍ഗ്ഗീയപിതാവിന്‍റെ കാരുണ്യം കൂടുതലായി സന്നിഹിതമാകുമെന്നും പാപ്പാ പറ‍ഞ്ഞു.

ജീവിതത്തില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന ബോധ്യം പുലര്‍ത്തേണ്ടതിന്‍റെ  ആവശ്യകത എടുത്തുകാട്ടിയ പാപ്പാ കാപട്യമാണ് ഈ മാറ്റം സാധ്യമാണെന്ന ചിന്തയില്‍ നിന്ന് ഒരുവനെ തടയുന്നത് എന്ന് വിശദീകരിച്ചു.

മാപ്പുലഭിക്കില്ല എന്നു ചിന്തിക്കുന്ന പ്രലോഭനത്തില്‍ നാം നിപതിക്കരുതെന്നും ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനാകയാല്‍ അവിടത്തെ കാരുണ്യത്തിന് നാം നമ്മെത്തന്നെ ഭരമേല്പിക്കുകയാണ് വേണ്ടതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഇറ്റലിയിലെ പാദൊവ നഗരത്തിലുള്ള ജിയിലിലെ ഒരു സംഘം തടവുകാരുമായി ഞായറാഴ്ച (06/11/16) വൈകുന്നേരം പാപ്പാ തന്‍റെ വാസയിടമായ ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.