News >> അല്‍ബേനിയയില്‍ 38 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്


Source: Vatican Radio

അല്‍ബേനിയയില്‍ 38 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.

അന്നാട്ടില്‍ സ്കുത്തരിയിലെ വിശുദ്ധ സ്തേഫാനോസിന്‍റെ ഭദ്രാസനദേവാലയത്തില്‍ ശനിയാഴ്ച (05/11/16) രാവിലെ ആയിരുന്നു വാഴ്‍ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മം.

ദുറാത്സൊയിലെ ആര്‍ച്ച്ബിഷപ്പ് വിന്‍സെന്‍റ് പ്രെന്നൂഷിയുള്‍പ്പടെ 2 മെത്രാന്മാരും, 21 രൂപതാവൈദികരും, 7 ഫ്രാന്‍സിസ്കന്‍ വൈദികരും 3 ഈശോസഭാ വൈദികരും 4 അല്മായവിശ്വാസികളും ഉള്‍പ്പെട്ട രക്തസാക്ഷികളാണ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയില്‍ ഔദ്യോഗിമായി ചേര്‍ക്കപ്പെട്ടത്.

1940 മുതല്‍ 90 വരെനീണ്ട ക്രൂരമായ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന്‍റെ  ഇരകളാണ് ഈ നവവാഴ്ത്തപ്പെട്ടവര്‍.

 വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

സമാധാനവും സന്തോഷവും സാഹോദര്യവും ചരിത്രത്തില്‍ വിതയ്ക്കാന്‍ കഴിയുന്ന നവമായ മാനവികതയുടെ സാക്ഷികളാണ്  നിണസാക്ഷികളെന്ന് ദിവ്യബലിമദ്ധ്യേ നല്കിയ സുവിശേഷസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ അമാത്തൊ പറഞ്ഞു.