News >> സകലരെയും ആശ്ലേഷിക്കുന്ന ദൈവത്തിന്‍റെ സ്നേഹപദ്ധതി


Source: Vatican Radio

ദൈവത്തിന്‍റെ സ്നേഹപദ്ധതി ആരെയും ഒഴിവക്കുന്നില്ല, പ്രത്യുത സകലരെയും ആശ്ലേഷിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ഈമാസം 20 ന് സമാപനംകുറിക്കുന്ന കരുണയുടെ അസാധാരണ ജൂബിലിവത്സരത്തില്‍ എല്ലാ മാസവും ഓരോ ശനിയാഴ്ച അനുവദിക്കുന്ന ജൂബിലി പൊതുകൂടിക്കാഴ്ചയില്‍ അവസാനത്തെതായിരുന്ന ഈ ശനിയാഴ്ചത്തെ (12/11/16) ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തവരെ സംബോധന ചെയ്യവെയാണ് ഫ്രാന്‍സീസ് പാപ്പാ ദൈവിക കരുണയുടെ സകലരെയും ഉള്‍ക്കൊള്ളുന്ന ഈ മാനത്തെക്കുറിച്ചു ഉദ്ബോധിപ്പിച്ചത്.

എല്ലാവരെയും ആശ്ലേഷിക്കുന്ന ഈ മാനദണ്ഡം ഉപയോഗിക്കാന്‍ ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും നാം നമ്മില്‍ത്തന്നെ, നമ്മുടെ സ്വര്‍ത്ഥതയാര്‍ന്ന  സുരക്ഷിതത്വത്തില്‍, അടച്ചിടാതെ നമ്മുടെ ജീവിതത്തില്‍  മറ്റുള്ളവരെ സ്വീകരിക്കുന്നതിനു പരിശ്രമിക്കുന്നതായ ഒരു ശൈലിയാണ്, പ്രവര്‍ത്തന രീതിയാണ് കാരുണ്യമെന്നും പാപ്പാ പ്രസ്താവിച്ചു.

സാമൂഹ്യവസ്ഥകളുടെയൊ, ഭാഷയുടെയൊ, വര്‍ഗ്ഗത്തിന്‍റെയൊ, സംസ്കാരത്തിന്‍റെയൊ മതത്തിന്‍റെയൊ അടിസ്ഥാനത്തില്‍ തരം തിരിക്കാതെയും ആരെയും ഒഴിവാക്കാതെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിന് കരങ്ങള്‍ വിരിച്ചുപിടിക്കുന്നതില്‍ കാരുണ്യത്തിന്‍റെ ഈ മാനം ആവിഷ്കൃതമാകുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

കുരിശില്‍ വിരിച്ചു പിടിച്ചിരിക്കുന്ന യേശുവിന്‍റെ കരങ്ങള്‍ കാണിച്ചു തരുന്നത് ആരുംതന്നെ അവിടത്തെ സ്നേഹത്തില്‍ നിന്ന്, അവിടത്തെ കാരുണ്യത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല എന്നാണെന്ന് പാപ്പാ വിശദീകരിച്ചു.