News >> ആത്മീയജീവിതം വര്‍ണ്ണപ്പൊലിമയല്ല : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചന്തനം
Source: Vatican Radioനവംബര്‍ 10-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ സുവിശേഷത്തെ ആധാരമാക്കി (ലൂക്ക 17, 20-25) ഉദ്ബോധിപ്പിച്ചത്. ആഘോഷങ്ങളുടെ വെടിക്കെട്ടില്‍ പുതിയ ഇനങ്ങളും വര്‍ണ്ണപ്പൊലിമയും എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെയല്ല ദൈവരാജ്യത്തിന്‍റെ ജീവനും അനുഭവങ്ങളും. പ്രകടനപരതയുടെയും പുറംപൊലിമയുടെ പ്രലോഭനങ്ങള്‍ ക്രൈസ്തവ ജീവിതത്തില്‍ ഇന്ന് ധാരാളമുണ്ടെന്ന് പാപ്പാ വചനചിന്തയില്‍ ചൂണ്ടിക്കാട്ടി.
ദൈവത്തിന്‍റെ ചെറുമയാണ് വലിമയാകുന്നത്. ദൈവരാജ്യം എപ്പോഴാണ് വരിക, എന്ന ഫരീസേയരുടെ ആകാംക്ഷയുള്ള ചോദ്യത്തിന് ഉത്തരംപറയുകയായിരുന്നു ക്രിസ്തു! ദൈവരാജ്യം, ഒരു കടുകുമണിപോലെ ലാളിത്യമാര്‍ന്നതാണ്. ദൈവരാജ്യം അവിടെയും ഇവിടെയും അന്വേഷിക്കേണ്ടതില്ലെന്നും, അത് ഇവിടെ, നമ്മുടെ മദ്ധ്യേ ഉണ്ട്. ഈ ഭൂമിയില്‍ മുളയെടുത്തിരിക്കുന്ന ദൈവരാജ്യം കാലത്തികവില്‍ നിശ്ശബ്ദമായി സ്വയം വളരുകയാണ്. ദൈവമാണ് അതിനെ വളര്‍ത്തുന്നത്, എന്നാല്‍ ആരും അറിയാതെ, യാതൊരു പ്രകടനപരതയുമില്ലാതെയാണ് അതു വളരുന്നത്. പ്രത്യോശയോടെ പാര്‍ത്തിരിക്കുന്നവര്‍ക്ക് അതിന്‍റെ ചെറുമുള പടിപടിയായി വളര്‍ന്നുവരുന്നത് കാണാനാകുകയും, അതിന്‍റെ നന്മ ആസ്വദിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. പാപ്പാ ഉദ്ബോധിപ്പിച്ചു.
പുതിയ വെളിപാടുകളും, നവമായ സന്ദേശങ്ങളും, പുതുപുത്തന്‍ കാര്യങ്ങളും ദൈവരാജ്യത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. പുതമയുടെ വെട്ടിത്തിളക്കം ദൈവരാജ്യത്തിന്‍റെ സ്വഭാവമല്ലെന്നും പാപ്പാ പ്രസ്താവിച്ചു. പുതുമയുടെ പ്രഭ വെടിക്കെട്ടുപോലെ പൊട്ടിത്തെറിച്ചും മിന്നിത്തിളങ്ങിയും തീര്‍ന്നുപോകുന്നു. അവസാനം ഒന്നുമില്ലാതാകുന്നു. എല്ലാം മിന്നിയും പൊട്ടിത്തെറിച്ചും തീര്‍ന്നുപോകുന്നു. അവ നൈമിഷികമാണ്. ചിലപ്പോള്‍ നാം ഈ തിളക്കവും പൊലിമയും നാം ദൈവരാജ്യത്തിലും പ്രതീക്ഷിക്കുകയും, അതിന്‍റെ ശൈലിയാക്കാന്‍ പരിശ്രമിക്കുകയും ചെയ്യാറുണ്ട്. വളര്‍ന്നുകൊണ്ടിരിക്കുന്ന ദൈവരാജ്യത്തിന്‍റെ ലാളിത്യത്തോട് നവമായ പരീക്ഷണങ്ങളും, വര്‍ണ്ണപ്പൊലിമയുടെ കൊട്ടിഘോഷിക്കലുമെല്ലാം കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നത് വിശ്വാസജീവിതത്തില്‍ നാം ശ്രദ്ധിക്കേണ്ട പ്രലോഭനങ്ങളാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. വെടിക്കെട്ട് പൊട്ടിത്തീരുന്നു. എല്ലാം ശമിക്കും. പിന്നെയും എല്ലാം ഇരുട്ടിലാഴും. അത് ഒരിക്കലും വീടിനെ പ്രകാശിപ്പിക്കുന്നില്ല. അതിന്‍റെ പ്രകാശവും പ്രഭയും, തെളിച്ചവും തിളക്കവും താല്ക്കാലികമാണ്! അത് പൊലിമയുടെ താല്ക്കാലികമായ 'ഷോ' മാത്രവുമാണെന്ന് പാപ്പാ ഉദാഹരിച്ചു.പ്രത്യാശയുണ്ടെങ്കില്‍, നാം ഇങ്ങനെ പ്രകടനപരമാകേണ്ടതില്ല. പ്രത്യാശയോടെ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന മനുഷ്യന്‍ കാത്തിരിക്കും. നട്ട വിത്തിനെ ദൈവം മുളപ്പിക്കും. മുളപൊട്ടി, അത് മെല്ലെ തളിര്‍ത്ത്, പൂവിടും. ഇത് പ്രത്യാശയുള്ള കര്‍ഷകന്‍റെ കാത്തിരിപ്പാണ്. അത് മാവു കുഴച്ചുവയ്ക്കുന്ന സ്ത്രീയുടെയും പ്രത്യാശയുള്ള വിശ്വാസവുമാണ്. ദൈവം തന്ന മാവു പുളിച്ചുപൊങ്ങും. പൊങ്ങിയ മാവു കുഴച്ച് അപ്പമുണ്ടാക്കും. ഇത് പ്രത്യാശയുടെ ഉദാഹരണമാണ്. പാപ്പാ പങ്കുവച്ചു.
ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും പൂര്‍ണ്ണതയ്ക്കുമായി നാം കാത്തിരിക്കണം:
നാം ക്ഷമയോടെ കാത്തിരിക്കണം. കാത്തിരിപ്പാണ് ക്ഷമ. ക്ഷമ ത്യാഗം ആവശ്യപ്പെടുന്നു. വിത്തു വിതയ്ക്കുന്നവന്‍ പ്രത്യാശയോടും ക്ഷമയോടുംകൂടെ കാത്തിരിക്കുന്നു. കള മുളച്ചാല്‍ അയാള്‍ അത് ഉടനെ പറിച്ചുകളയും. എങ്കിലേ പാകിയ വിത്തു മുളയ്ക്കൂ! പിന്നെ മുളപൊട്ടി ചെടി വളരുന്നു, വലുതാകുന്നു!പ്രത്യാശ സജീവമായിരിക്കണം. അതിനാല്‍ ദൈവരാജ്യം നമ്മുടെ ഇടയില്‍ ഉണ്ടെങ്കില്‍, അതിന്‍റെ ലോലമായ വിത്ത് ദൈവം നമ്മില്‍ പാകിയിട്ടുണ്ടെങ്കില്‍, അത് ദൈവാരൂപിയുടെ പ്രവൃത്തിയാണ്. വിത്തിനെ നാം പരിലാളിക്കേണ്ടതും, പരിപോഷിപ്പിക്കേണ്ടതുമുണ്ട്. കൂട്ടത്തില്‍ വളരുന്ന കളയും വിളയും തിരിച്ചറിയുന്നതുപോലെ, നന്മ തിന്മകള്‍ തിരിച്ചറിയണം. ദൈവരാജ്യത്തിന് ഇണങ്ങാത്തതും, അതിന്‍റെ അരൂപിയെ നശിപ്പിക്കുന്നതും നാം പിഴുതെറിയണം. ദൈവരാജ്യം വളരുന്നെങ്കില്‍, കൂട്ടത്തില്‍ നാം വളരുന്നുണ്ടോ? എന്നും ചിന്തിക്കേണ്ടതല്ലേ!?. പ്രത്യാശയില്‍ വളരാന്‍ പരിശ്രമിക്കാം. പ്രതാശ അറ്റുപോകാതിരിക്കാന്‍ പരിശ്രമിക്കാം. നമുക്ക് രക്ഷ തരുന്നത് പ്രത്യാശയാണ്. രക്ഷാകര ചരിത്രത്തില്‍ ഉടനീളം നമ്മെ നയിക്കുന്നത് പ്രത്യാശയാണ്, പ്രത്യാശയുട ചരടാണ് നമുക്ക് ബലമേകുന്നത്. നിത്യതയില്‍ ഒരുനാള്‍ നാം ദൈവത്തെ കാണും, അവിടുത്തെ സന്നിധി പ്രാപിക്കും! എന്നുള്ളത് പതറാത്ത പ്രത്യാശയാണ്.
ഉറപ്പുള്ള പ്രത്യാശയിലാണ് നമ്മില്‍ ദൈവരാജ്യം യാഥാര്‍ത്ഥ്യമാകുന്നത്.ദൈവരാജ്യം നമുക്ക് അനുഭവ വേദ്യമാകുന്നത്. ദൈവമേ, കളയും വിളയും, കതിരും പതിരും എനിക്ക് വിവേചിച്ചു തരണമേ! ലോലമായ ദൈവിക വെളിച്ചവും, പൊള്ളയായ വെടിക്കെട്ടും വിവേചിച്ചറിയാനുള്ള കരുത്ത് ദൈവാരൂപിയേ, എന്നില്‍ തെളിയിക്കണമേ! കര്‍ത്താവ് വരുംവരെ, അവിടുന്ന് വന്ന് എല്ലാം നവീകരിച്ച്, രൂപാന്തരപ്പെടുത്തുവോളം പ്രത്യാശയോടെ ജീവിക്കാന്‍ കരുത്തു തരണമേ! പൗലോശ്ലീഹാ തെസ്സലോണിയരോടു പറഞ്ഞ വാക്കുകളില്‍, "എല്ലാം സംഭവിക്കുന്നത് ഒരു ഞൊടി ഇടയിലാണ്!" (1കൊറി. 15, 52). അങ്ങനെ നാം അവിടുത്തെ പ്രാപിക്കും. നാം ദൈവരാജ്യത്തില്‍ അവിടുത്തെ സന്നിധിയില്‍, അവിടുത്തോടു കൂടെയായിരിക്കും!