News >> അങ്ങേ വീക്ഷണം എന്‍റെ വചനം - പാപ്പാ ഫ്രാന്‍സിസിന്‍റെ വചനചിന്തകളുടെ ശേഖരം


Source: Vatican Radio

നവംബര്‍ 10-ാം തിയതി, വ്യാഴാഴ്ച രാവിലെ റോമിലെ ഈശോ സഭയുടെ ജനറലേറ്റില്‍ നടന്ന ചടങ്ങില്‍ പാപ്പായുടെ വചനചിന്തകളുടെ ശേഖരം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രകാശനംചെയ്തു.

ബ്യൂനസ് ഐരസിലെ തെരുവുകളില്‍ ജനങ്ങള്‍ക്കൊപ്പം നടന്നും ബസ്സില്‍ യാത്രചെയ്തും അജപാലനശുശ്രൂഷചെയ്ത ആര്‍ച്ചുബിഷപ്പും കര്‍ദ്ദിനാളുമായ ഹോര്‍ഹേ മാരിയോ ബര്‍ഗോളിയോ - പാപ്പാ ഫ്രാന്‍സിസ്,  ഇന്ന് വത്തിക്കാന്‍റെ വചനവേദിയില്‍നിന്ന് അതേ ആര്‍ജ്ജവത്തോടെയാണ് 'ദൈവികകാരുണ്യത്തിന്‍റെ സുവിശേഷം' മനുഷ്യരുടെ കണ്ണുകളില്‍   നോക്കി പ്രഘോഷിക്കുന്നതെന്ന് പ്രകാശനവേളിയില്‍ കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവിച്ചു. പ്രകാശനവേളയില്‍ ഈശോ സഭയുടെ സുപ്പീരിയര്‍ ജനറള്‍, ഫാദര്‍ അര്‍തൂരോ സോസയും, മറ്റ് വിശിഷ്ടരായ വ്യക്തികള്‍ക്കൊപ്പം സന്നിഹിതനായിരുന്നു.

"അങ്ങേ വീക്ഷണം  എന്‍റെ വചനം"  (Nei Tuoi Occhi la mia parola)  എന്ന് വളരെ വിശേഷണാത്മകമായി ശീര്‍ഷകം ചെയ്തിരിക്കുന്ന പ്രസംഗശേഖരം റോമിലെ റിസ്സോളി പ്രസാധകര്‍ സ്പാനിഷ്,  ഇറ്റാലിയന്‍ ഭാഷകളിലാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. മറ്റു ഭാഷകളിലും അവ ഉടനെ പുറത്തിറങ്ങും. അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് അതിരൂപതയില്‍ മെത്രാപ്പോലീത്തയായിരിക്കവെ പങ്കുവച്ചിട്ടുള്ള പ്രഭാഷണണങ്ങളുടെ സമാഹരണമാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. റോമിലെ "ചിവില്‍ത്ത കത്തോലിക്കാ" (La Civilta Cattolica) എന്ന കത്തോലിക്കാ മാസികയുടെ പാത്രീധിപര്‍, ഫാദര്‍ ആന്‍റെണി സ്പാദോരോ എസ്.ജെ.-യാണ് 2005 മുതല്‍ 2010  വരെയുള്ള കാലഘട്ടത്തിലെ പ്രസംഗങ്ങള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയത്.

അര്‍ജന്‍റീനയുടെ അജപാലന മേഖലയില്‍ അവിടത്തെ സാധാരണക്കാരും പാവങ്ങളുമായവര്‍ക്കൊപ്പം ജീവിച്ചും പ്രവര്‍ത്തിച്ചും ഇടപഴകിയും ലഭിച്ച അനുഭവസമ്പത്താണ് ആഗോളസഭയുടെ ശുശ്രൂഷയില്‍ തന്‍റെ ഓരോ ചുവടുവയ്പിനും, ചെയ്തികള്‍ക്കും പ്രചോദനവും പിന്‍ബലവുമാകുന്നതെന്ന് പുതിയ പുസ്തകത്തെക്കുറിച്ചുള്ള നേര്‍ക്കുനേര്‍ സംഭാഷണത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചതായി ഗ്രന്ഥത്തിന്‍റെ സമാഹര്‍ത്താവ് ഫാദര്‍ സ്പദാരോ പറഞ്ഞു.