News >> മാനവകുലത്തിന് ഭീതിദമാകുന്ന ജൈവായുധങ്ങള്‍


Source: Vatican Radio

ജൈവായുധങ്ങളുടെ പ്രയോഗം മാനവകുലത്തെ ഇല്ലാതാക്കും! യുഎന്നിന്‍റെ ജനീവ കേന്ദ്രത്തിലുള്ള വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ ജര്‍കോവിചാണ് ഇങ്ങനെ പ്രസ്താവിച്ചത്. ജൈവായുധങ്ങളെ സംബന്ധിച്ച് നവംബര്‍ 7-ാം തിയതി തിങ്കളാഴ്ച ജനീവ കേന്ദ്രത്തു നടന്ന സമ്മേളനത്തെ (Biological Weapons Convention) അഭിസംബോധനചെയ്യവെയാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ നിരീക്ഷിച്ചത്.

ജീവന്‍ ഉപയോഗിച്ച് ജീവനെ വിവേചനമില്ലാതെ ഹനിക്കുന്നക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഈ ക്രൂരത മനുഷ്യാന്തസ്സിനു നിരക്കാത്തതെന്ന് ആര്‍ച്ചുബിഷപ്പ് ജര്‍ക്കോവിച് കുറ്റപ്പെടുത്തി. ജൈവാണു ജൈവവിഷം (Bacteriae & toxic elements) എന്നിവയുടെ വാഹകരായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പോരാട്ടങ്ങള്‍ ജീവനെ നശിപ്പിക്കുന്ന അധാര്‍മ്മികതയാണ്. മാനവികതയുടെ അടിസ്ഥാന ക്ഷേമം,  സുരക്ഷ, നിരായുധീകരണം എന്നിവയ്ക്കായി ലോകം കിണഞ്ഞു പരിശ്രമിക്കുകയും ക്ലേശിക്കുകയും ചെയ്യുമ്പോള്‍ തല്പരകക്ഷികള്‍ ജൈവായുധങ്ങളുടെ ഉപയോഗം, നിര്‍മ്മാണം, കച്ചവടം എന്നിവയില്‍ ലാഘവത്തോടെ വ്യാപൃതരാകുന്നത് മനുഷ്യകുലത്തിനു വിനയാകുന്ന നീക്കമാണെന്ന് ആര്‍ച്ചുബിഷപ്പ് ജര്‍കോവിച് സമര്‍ത്ഥിച്ചു.

രാജ്യാന്തര സുരക്ഷാസംവിധാനത്തില്‍ കടന്നുവന്നിട്ടുള്ള വലിയ ഭീഷണിയാണ് ജൈവായുധങ്ങളുടെ ഉപയോഗം. അത് ലോകാരോഗ്യത്തെയും സുരക്ഷാസംവിധാനങ്ങളെയും താറുമാറാക്കുന്ന മാരകവും, അത്യപൂര്‍വ്വവും, അനിയന്ത്രിതവുമായ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് ചൂണ്ടിക്കാട്ടി.

സമാധാനവും നീതിയുമാണ് വികസനത്തിന്‍റെ സമവാക്യമായി നാം കാണേണ്ടത്. അതിനാല്‍ രാജ്യാന്തര സുരക്ഷയും,  ജൈവക്ഷേമവും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ കൈകോര്‍ത്തു പരിശ്രമിക്കണം. ജൈവായുധങ്ങള്‍ ഇല്ലാതാക്കാന്‍ പോരുന്ന പൊതുതീരുമാനവും,  സംയുക്ത നീക്കവും ഇന്ന് രാഷ്ട്രങ്ങള്‍ കൈക്കൊള്ളേണ്ടത് അനിവാര്യവും അടിയന്തിരവുമാണെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് പ്രസ്താവനയില്‍ വ്യക്തമാക്കി.