News >> ഇറാക്കിലെ അവസാന ക്രൈസ്തവ നഗരം

Source: Sunday Shalom


മോസൂൾ: നഗരത്തിൽ നിന്നും വെറും 50 കിലോമീറ്റർ അകലെയാണ് അൽക്വാഷ് എന്ന ക്രിസ്ത്യൻ പട്ടണം. അതുമാത്രമാണ് ഇറാക്കിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അതിക്രമങ്ങളെ അതിജീവിച്ച ഒരേയൊരു ക്രൈസ്തവനഗരം. ഒരു പക്ഷേ, ഇറാക്കിലെ അവസാനത്തെ ക്രൈസ്തവനഗരവും ഇതായിരിക്കാം. ഇനി ഇറാക്കിൽ ക്രൈസ്തവരുടെ ഏകപ്രതീക്ഷയാണ് നാലു ദൈവാലയങ്ങളും രണ്ടു കൊവേന്തകളും 500 ക്രൈസ്തവകുടുംബങ്ങളുമുള്ള ഈ നഗരം.

അലോക്വോഷ് എന്ന നഗരത്തിന്റെ ക്രൈസ്തവപാരമ്പര്യം ബൈബിളിൽ തുടങ്ങുന്നു. നാഹൂം പ്രവാചകന്റെ എൽകോഷിറ്റ് എന്ന നഗരമായിരുന്നു ഇത്. അദ്ദേഹത്തിന്റെ കബറിടം ഇപ്പോഴും ഇവിടെ ഉണ്ട്. ക്രിസ്ത്യൻ വിശ്വാസം ആദ്യകാലത്തുതന്നെ ഇവിടെ എത്തിയിരുന്നു.

ഇറാക്കിലെ സാധാരണ ക്രൈസ്തവരെ പോലെയല്ല അൽ ക്വോഷിലെ ക്രൈസ്തവർ അറിയപ്പെടുന്നത്. അവർ വളരെ കരുത്തരും ധീരന്മാരുമാണ്. അതുകൊണ്ടാണ് കുർദുകളുടെ സഹായത്തോടെ ഇസ്ലാമിക് ഭീകരരുടെ അക്രമത്തെ ചെറുത്തുതോല്പിക്കുവാൻ അവർക്ക് കഴിയുന്നത്.

കൽദായ വൈദികനായ ഫാ. ആരാം പറയുന്നു. ദൈവം വസിക്കുന്ന ഇവിടെ നിന്ന് ഞങ്ങളെങ്ങനയാണ് വിട്ടുപോകുക. ഞാൻ ഇവിടെ അവിടുത്തെ സാക്ഷിയായണ്. ഞാൻ എങ്ങനെ വിട്ടുപോകും? ദാഹിക്കുന്നവന് ഒരു ഗ്ലാസ് വെള്ളം കൊടുക്കുവാൻ കഴിയുന്നിടത്തോളം കാലം എനിക്കിവിടെ യേശുവിനെ സേവിക്കുവാൻ കഴിയും.

ശക്തമായ സുരക്ഷയാണ് നഗരത്തിലുള്ളത്. പുറമെ നിന്നുള്ളവർക്ക് അതിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടാണ്. കാരണം ഇസ്ലാമിക് ഭീകരർ വെറും 10 മിനിട്ട് അകലെയാണ്. അവർ എന്ന് വേണമെങ്കിലും വരാം. 2014 ൽ അവർ മോസൂൾ പിടിച്ചപ്പോൾ ഇവിടെയും എത്തിയിരുന്നു. സ്ത്രീകളും കുട്ടികളും പലായനം ചെയ്തു. പക്ഷേ, പുരുഷന്മാർ തങ്ങളുടെ നഗരം കാത്തു. കുർദുകളുടെ സഹായത്തോടെ. അങ്ങനെ അവരുടെ കുടുംബങ്ങൾ തിരിച്ചുവന്നു.

ഇസ്ലാമിക് ഭീകരർ മാത്രമല്ല, അതിനുമുമ്പും കഴിഞ്ഞ 90 വർഷമായി പീഡനമല്ലാതെ മറ്റൊന്നും കിട്ടാറില്ല എന്ന് ഫാ. ആരാം പറയുന്നു.എങ്കിലും കീഴടങ്ങാൻ അവർ തയാറല്ല. നിനവേയിൽ ഒരുപാട് ക്രൈസ്തവ സമൂഹങ്ങൾ ഉണ്ടായിരുന്നു. അവരെയെല്ലാം നഷ്ടപ്പെട്ടു. അൽക്വോഷിൽ സ്വയം പ്രതിരോധിക്കുന്നവരായതുകൊണ്ടുമാത്രമാണ് പിടിച്ചുനിൽക്കാനായത് ഫാ. ആരാം സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയുള്ള ട്രൈബൽ നിയമമനുസരിച്ച് പുറമെ നിന്നുള്ളവരെ ഉള്ളിൽ പ്രവേശിപ്പിക്കില്ല. അതുകൊണ്ടാണ് ഇത് നുറുശതമാനവും ക്രൈസ്തവർ മാത്രമുള്ള നഗരമായി നിലനിൽക്കുന്നത്.

വിശ്വാസികൾ യുദ്ധമുന്നണിയിൽ നിൽക്കുമ്പോൾ ഒരു വൈദികന് അവരെ ഉപേക്ഷിച്ചുകടന്നുകളയാനാവില്ല. അദ്ദേ ഹം സ്ഥിരമായി അവരെ സന്ദർശിക്കുന്നു. ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കും. അവർ സുരക്ഷിതരായിരിക്കുവാൻ. കാരണം ഇസ്ലാമിക് സ്‌ററ്റേറ്റ് വെറും കില്ലിംഗ് മെഷിൻ മാത്രമാണ്. വെറും കശാപ്പുകാർ. ഞാൻ ഇവിടെ മറ്റുള്ളവരെ സഹായിക്കുവാനായി നിലകൊള്ളുന്നു. യുദ്ധം വന്നാൽ ഞാൻ എന്റെ നാടിനെയും സമൂഹത്തെയും രക്ഷിക്കുവാനായി ജീവൻ നൽകും. ഫാ. ആരാം പറയുന്നു.അവിടെയുള്ള മലമുകളിലെ ഔർ ലേഡി മൊണാസ്റ്ററിയാണ് വിശ്വാസികൾക്ക് ഒത്തുകൂടാനുള്ള സ്ഥലം.
ഇറാക്കിലെ ക്രിസ്ത്യാനിറ്റി വലിയ മരമാണ്. 2000 വർഷമായി ഇതിവിടെയുണ്ട്. ശത്രുകൾ ആ മരം മുറിച്ചുമാറ്റാനാണ് വരുന്നത്. നമ്മളെ ഇവിടെനിന്നും മുറിച്ചുമാറ്റുവാൻ കൊവേന്തയിലെ പ്രിയോർ ഫാ. ഗബ്രിയേൽ പറയുന്നു.