News >> നീറുന്ന ലോകത്തിന് സാന്ത്വനമേകാൻ ട്രംപിന് സാധിക്കട്ടെ: വത്തിക്കാൻ

Source: Sunday Shalom


വത്തിക്കാൻ സിറ്റി: നീറുന്ന ലോകത്തിന് സാന്ത്വനമേകാൻ അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് സാധിക്കട്ടെയെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ആശംസിച്ചു. സ്വന്തം രാജ്യത്തെ മനോഹരമായി സേവിക്കാനും ലോകത്തിൽ സമാധാനവും ക്ഷേമവും കൊണ്ടുവരാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ഫ്രാൻസിസ് പാപ്പയുടെയും വത്തിക്കാൻ രാജ്യത്തിന്റെയും പേരിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ അദ്ദേഹം കുറിച്ചു.
ഫലവത്തായ പ്രവർത്തനം കാഴ്ചവെക്കാൻ അദ്ദേഹത്തിന്റെ സർക്കാരിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. രാഷ്ട്രത്തിന്റെ സുസ്ഥിതിക്കായി പരിശ്രമിക്കുന്നതിനും അതോടൊപ്പം ലോകത്ത് സമാധാനം നിലനിർത്തുന്നതിന് കഴിവതു ചെയ്യുന്നതിനും പരിചയസമ്പന്നനായ വ്യവസായിയും പക്വമാർന്ന സാമൂഹ്യപ്രവർത്തകനുമായ ട്രംപിനു സാധിക്കട്ടെ. ജനാധിപത്യ സംവിധാനത്തെ ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തിയ അമേരിക്കൻ ജനതയെയും അഭിനന്ദിക്കുന്നു. ലോകത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്ന തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സർവ്വ ശക്തനായ ദൈവം അദ്ദേഹത്തെ തുണയ്ക്കുമെന്നും കർദിനാൾ പിയട്രോ പ്രത്യാശ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, ട്രംപ് പ്രകടിപ്പിച്ച കുടിയേറ്റ വിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് ഫ്രാൻസിസ് പാപ്പ പറഞ്ഞ മറുപടി ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അദ്ദേഹം അപ്രകാരം പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ ക്രിസ്ത്യാനിയായിരിക്കാൻ യോഗ്യനല്ല, എന്നായിരുന്നു പാപ്പയുടെ മറുപടി.
ട്രംപ് വിജയിച്ച പശ്ചാത്തലത്തിൽ, ക്രിസ്ത്യാനിയല്ലെന്ന് ആക്ഷേപിക്കപ്പെടുകയും പാപ്പ പോലും എതിർക്കുകയുംചെയ്ത സ്ഥാനാർത്ഥി വിജയിച്ചെന്ന ദുർവ്യാഖ്യാനങ്ങളുടെ പശ്ചാത്തലത്തിൽ കർദിനാൾ പരോളിൻ നടത്തിയ അഭിപ്രായ പ്രകടനം പ്രസക്തമാണ്: കുടിയേറ്റ നിയമത്തിലും മറ്റു വിഷയങ്ങളിലും ഡൊണാൾഡ് ട്രംപ് മുൻപു പറഞ്ഞ കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസത്തെ കാര്യമാക്കേണ്ടതില്ല. കാരണം, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം നടത്തിയ പ്രസംഗം ഒരു നല്ല നേതാവിന്റെ രീതിയിലാണ്.
റോമിലെ ലാറ്ററൻ സർവകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പ്രസ്തുത പ്രതികരണം കർദിനാൾ അറിയിച്ചത്.