News >> ട്രംപിന്റെ അട്ടിമറി വിജയത്തിന് വഴിയൊരുക്കിയത് കത്തോലിക്കാ വോട്ടർമാർ?
Source: Sunday Shalom
വാഷിംഗ്ടൺ ഡി.സി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്കെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് ഗംഭീര വിജയം സമ്മാനിച്ചത് കത്തോലിക്കരുടെ വോട്ടുകൾ. ഇത് സംബന്ധിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ ദ ന്യൂയോർക്ക് ടൈംസ് ദിനപത്രം പുറത്തുവിട്ടു. 52% കത്തോലിക്കരുടെ വോട്ടുനേടാൻ ട്രംപിനായപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹിലരി ക്ലിൻറണിന് നേടാനായത് 45% കത്തോലിക്കരുടെ വോട്ടുകളാണ്.
ഹിലരിയുടെ അപ്രതീക്ഷിത പരാജയത്തിന് കാരണമായത് ഇതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും നിഗമനം. 2012ലെ തെരഞ്ഞെടുപ്പിൽ ബറാക്ക് ഒബാമ 50% കത്തോലിക്ക വിശ്വാസികളുടെ വോട്ടുകൾ നേടിയിരുന്നു. 2012ൽ ഒബാമയ്ക്ക് കത്തോലിക്ക വിഭാഗത്തിൽ രണ്ട് പോയിന്റ് ലഭിച്ചപ്പോൾ, ട്രംപിന് ഈ വട്ടം ലഭിച്ചത് ഏഴു പോയിന്റുകളാണെന്നും എക്‌സിറ്റ് പോൾ കണക്കുകൾ വ്യക്തമാക്കുന്നു.
സ്ഥിരമായി ദേവാലയങ്ങളിൽ ആരാധനയ്ക്കു പോകുന്നവരുടെയും വോട്ടുകൾ ഹിലാരിയെ അപേക്ഷിച്ച് ട്രംപിനാണ് കൂടുതലായും ലഭിച്ചത്. ദൈവാലയത്തിൽ തങ്ങൾ പോകാറില്ലെന്നു പറഞ്ഞവരിൽ 62% ശതമാനംപേരും ഹിലരിക്കാണ് വോട്ട് ചെയ്തത്. ഈ വിഭാഗത്തിൽ ട്രംപിന് 31% വോട്ടുകൾ മാത്രമാണു നേടാനായത്. എന്നാൽ, പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ ഉൾപ്പെടെയുള്ള ക്രൈസ്തവരുടെയും ഭൂരിഭാഗം വോട്ടുകളും ട്രംപിന് ലഭിച്ചു.
ഈ വിഭാഗത്തിൽ നിന്നുള്ള 58% പേരുടെ വോട്ടുകളാണ് ട്രംപ് നേടിയെന്നാണ് എക്‌സിറ്റ് പോൾ ഫലം. . പ്രൊട്ടസ്റ്റൻറ് വിഭാഗത്തിലെ 39% പേരുടെ പിൻതുണയേ ഹിലരിക്കുണ്ടായുള്ളൂ. എന്നാൽ 71% ജൂതരുടെയും വോട്ടുകൾ പെട്ടിയിലാക്കിയത് ഹിലരിയാണ് പിൻതുണച്ചത്. 24 % ജൂതർ മാത്രമാണ് ട്രംപിന് വോട്ട് ചെയ്തത്.