News >> മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ!

Source: Sunday Shalom


അമേരിക്കൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് പെൻസ് നൽകുന്ന ഈ വാക്കുകൾ അമേരിക്കയുടെ ഭാവിയെ സ്വാധീനിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. എന്നെ അവർ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. ഒരു ക്രിസ്ത്യാനി, വിശ്വാസവും മൂല്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൺസർവേറ്റീവ്, പിന്നെ ഒരു റിപ്പബ്ലിക്കൻ. എല്ലാവർക്കും അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ചില ബോധ്യങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകും. ഞാൻ വളർന്നത് വിശ്വാസത്തെ മുറുകെപ്പിടിച്ച ഒരു കുടുംബത്തിലാണ്. ഞായറാഴ്ച ശുശ്രൂഷകൾ ഒഴിച്ചുകൂടാത്തതായിരുന്നു. ഭക്ഷണത്തിനുമുമ്പും ശേഷവുമുള്ള പ്രാർത്ഥനകളും ഉണ്ടായിരുന്നു. പക്ഷേ, അങ്ങനെ സാധാരണമായി പോകുന്ന നാളുകളിൽ വിശ്വാസത്തെ വ്യക്തിപരമായി സ്വീകരിച്ച ഒരനുഭവമുണ്ടായി എനിക്ക്. യേശുവിനെ വ്യക്തിപരമായി വിശ്വസിക്കാനും അനുഭവിക്കാനും ഇടയായ ഒരു സംഭവം. എന്റെ കോളജ് പഠനകാലത്തിന്റെ ആദ്യവർഷമായിരുന്നു അത്. കുരിശിൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തെക്കുറിച്ചുള്ള ബോധ്യം എന്നിലുണ്ടായപ്പോൾ, അതെന്റെ ഹൃദയത്തെ നന്ദിയും സ്‌നേഹവും കൊണ്ട് നിറച്ചു. കുരിശിൽ സംഭവിച്ചത് എനിക്കുവേണ്ടിയായിരുന്നു എന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിൽ. നമുക്കുവേണ്ടി യേശു ചെയ്ത കാര്യത്തെക്കുറിച്ചുള്ള ആ ബോധ്യം അനേകായിരങ്ങളോടൊപ്പം ഞാനും ഹൃദയത്തിൽ ഏറ്റെടുത്തു.

വർഷങ്ങൾ കടന്നുപോയി. നാളുകൾ കടന്നുപോകുമ്പോൾ എന്റെ വിശ്വാസജീവിതത്തിൽ ക്രിസ്തു എത്രമാത്രം മതിയായതായിരുന്നു എന്ന് ഇന്നു ഞാൻ തിരിച്ചറിയുന്നു. പ്രതിസന്ധികളിലും പ്രശ്‌നങ്ങളിലും എനിക്ക് തുണയായി അവൻ നിന്നു. കൊടുങ്കാറ്റുകളിൽ യേശു എനിക്ക് തുണയായിരുന്നു. വിശ്വസിക്കാവുന്ന സുഹൃത്തായി യേശുവുണ്ടായിരുന്നു. ഇന്ന് ക്രിസ്തു എന്റെ ജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും കേന്ദ്രമാണ്. ദൈവത്തിന്റെ സ്‌നേഹം നമ്മുടെ പരാജയങ്ങളുടെ കൂടെയിറങ്ങാറുണ്ട്. നമ്മുടെ രാജ്യത്തിനൊപ്പവും അവിടുത്തെ സ്‌നേഹമുണ്ട്. ഇന്ന് നാം ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്. വിശ്വാസം, സ്വാതന്ത്ര്യം, ജീവന്റെ മൂല്യം, തുടങ്ങി നമ്മുടെ ഭരണഘടന അനുശാസിക്കുന്ന സകലതും മുന്നിൽവരണം. പ്രവർത്തിക്കാൻ നാം മുന്നിട്ടിറങ്ങണം. ഡോണൾഡ് ട്രംപിനൊപ്പം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഞാൻ ചേരുവാൻ കാരണം, യഥാർത്ഥ നേതൃഗുണവും, അമേരിക്കയെ വീണ്ടും ശ്രേഷ്ഠമായ രാജ്യമാക്കാനുള്ള പാടവവും അദ്ദേഹത്തിനുണ്ട് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന, ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞുങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന ജഡ്ജിമാരെ പ്രസിഡന്റ് സുപ്രീം കോടതിയിലേക്ക് കൊണ്ടുവരും. വിശ്വാസികളുടെ നിലപാടുകളെ മാനിക്കുന്ന നിയമങ്ങളെ ഞങ്ങൾ നിർമ്മിക്കും. ടാക്‌സ് എക്‌സെംപ്റ്റ് സംഘടനകൾ രാജ്യത്തിന് വിഘാതമായേക്കാവുന്ന ധാർമ്മിക പ്രശ്‌നങ്ങളിൽ ശബ്ദമുയർത്തിയാൽ അവരുടെ ടാക്‌സ് എക്‌സെംപ്റ്റ് സ്റ്റാറ്റസ് നഷ്ടമാകും എന്ന നിയമം ഞങ്ങളുടെ ഗവൺമെന്റ് എടുത്തുമാറ്റും. ഡൊണൾഡ് ട്രംപും ഞാനും അതിൽ ബദ്ധശ്രദ്ധരാണ്. എന്നന്നേക്കുമായി ആ നിയമം പിൻവലിക്കപ്പെടണം. കാരണം, അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുമ്പോൾ ടാക്‌സ് എംക്‌സെപ്റ്റ് സ്ഥാനം നഷ്ടമാകുമെന്ന കിരാതമായ ആ നിയമം ശരിയല്ല.

അമേരിക്കൻ ചരിത്രം വിശദമായ പഠിച്ചാൽ രാജ്യത്തിന്റെ ശക്തി പലപ്പോഴും വിശ്വാസത്തിൽ ഉറച്ചുനിന്ന സമൂഹങ്ങളിലായിരുന്നു എന്നു കാണാം. അടിമത്തങ്ങൾക്കും, അടിമവ്യാപാരത്തിനും എതിരായി ശബ്ദമുയർത്തിയത് വിശ്വാസികളായിരുന്നു. സിവിൾ റൈറ്റ്‌സ് മൂവ്‌മെന്റ് ശക്തിപ്രാപിച്ചതും വിജയിച്ചതും വിശ്വാസികളിലൂടെയാണ്. അങ്ങനെയാണ് നാം ലോകത്തിലെ മികച്ച രാജ്യമായത്. ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന, ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യങ്ങൾ ഉറപ്പുവരുത്തുന്ന മനുഷ്യർ ഒരുമിച്ച് ചേർന്ന് അമേരിക്കയെ വീണ്ടും ഒരു മഹത്തായ രാഷ്ട്രമാക്കുവാൻ യത്‌നിക്കണം. അമേരിക്കൻ കുടുംബങ്ങൾ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ നാളുകളിൽ നമ്മുടെ ശിരസ്സ് നമിക്കാൻ നമുക്കാവണം, മുട്ടുകൾ മടക്കാൻ നമ്മൾ തയ്യാറാവണം. രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുക, ലിങ്കൺ ഒരിക്കൽ പറഞ്ഞതുപോലെ, ദൈവം നമ്മുടെ പക്ഷത്ത് നിൽക്കുന്നതിനല്ല, നാം ദൈവത്തിന്റെ പക്ഷത്ത് എല്ലായ്‌പ്പോഴും നിൽക്കുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുക. നാം വിനയപൂർവം പ്രാർത്ഥിക്കുമ്പോൾ എല്ലാക്കാലത്തും ദൈവം നമുക്കുവേണ്ടി ഇറങ്ങിയതുപോലെ ഇക്കാലത്തും അവിടുന്ന് നമുക്കുവേണ്ടി ഇറങ്ങും. അവിടുന്ന് നമ്മുടെ ഹൃദയങ്ങളെ സുഖപ്പെടുത്തും, രാജ്യത്തിന്റെ മുറിവുകൾ ഉണങ്ങും. സ്വാതന്ത്ര്യവും ജീവന്റെ മൂല്യവും സംരക്ഷിക്കപ്പെടട്ടെ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെുടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചു. കോടിക്കണക്കിന് വരുന്ന പുതിയ വോട്ടർമാരാണ് ചരിത്രം തിരുത്തിക്കുറിച്ച ആ വിജയത്തിന് പിന്നിൽ. താൻ ഒരു പ്രോലൈഫ് ആണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ട്രംപിന് അടിതെറ്റിയില്ല. മാധ്യമങ്ങളിലൂടെയും വിവിധ പ്രോ ലൈഫ് ഇവന്റുകളിലൂടെയും സഭാസമൂഹവും ഇതര കൂട്ടായ്മകളും വർഷങ്ങളോളം നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടു, വൃഥാവിലായില്ല. ഈ അധ്വാനങ്ങളൊന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നില്ല. ആരും ഇന്നയാൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞില്ല. പക്ഷേ, വോട്ടർമാരുടെ കാഴ്ചപ്പാടുകളെ വർഷങ്ങളായി അവർ സ്വാധീനിച്ചുവരികയായിരുന്നു. വരും തലമുറയെ സത്യത്തിന്റെ പാതയിൽ നയിക്കാനായിരുന്നു അത്. വോട്ടുചെയ്യുന്നവരാണല്ലോ ഭരണാധികാരികളെ നിശ്ചയിക്കുന്നത്. ആരും എൻഡോഴ്‌സ് ചെയ്യാതെ ഒരു പ്രോ ലൈഫ് പ്രസിഡന്റ് അമേരിക്കയിൽ വന്നെങ്കിൽ, അതിനുള്ള എല്ലാ ക്രെഡിറ്റും വർഷങ്ങളായി രാവും പകലും ഇവിടുത്തെ മൂല്യങ്ങൾ സംരക്ഷിക്കാൻ അക്ഷീണം പരിശ്രമിച്ച ഓരോരുത്തർക്കും ഉള്ളതാണ്. അവരുടെ കഠിനാധ്വാനങ്ങൾ തെളിമയോടെ ചിന്തിക്കുന്ന പുതുതലമുറയെ രൂപപ്പെടുത്തി. മാധ്യമങ്ങളും മറ്റും മറുത്ത് പറഞ്ഞപ്പോഴും, തെറ്റായ മൂല്യങ്ങളെ പർവതീകരിച്ചപ്പോഴും, അതിനുപിന്നിൽ ഭൂരിഭാഗമുണ്ടെന്ന് മുറവിളി കൂട്ടിയപ്പോഴും തിരിവെട്ടങ്ങൾ കെട്ടുപോയിരുന്നെങ്കിൽ ഈ വിജയം ഉണ്ടാകുമായിരുന്നില്ല. വോട്ടർമാരുടെ വലിയൊരു സംഘം പ്രോ ലൈഫ് ആയി ചിന്തിക്കുന്നു എന്നതുതന്നെയാണ് പ്രത്യാശാവഹമായ കാര്യം. മൂല്യങ്ങളും വിശ്വാസവും വേണമെന്ന് ചിന്തിക്കുന്ന യുവതലമുറ അതിനെക്കാൾ വലുതായി നമുക്കെന്തുവേണം. അമേരിക്കൻ ജനതയിലെ വരുംതലമുറ ലിബറൽ അല്ല, ഒരുപരിധിവരെ കൺസർവേറ്റീവ് മൂല്യങ്ങൾക്കും വിശ്വാസത്തിനും വിലകൽപിക്കുന്നവർ ആണെന്നുള്ള വിധിയെഴുത്തുകൂടിയായി ഇത്. ഇതൊരു തുടക്കമാണ്, തളരാതെ നിന്നാൽ മൂല്യങ്ങൾക്കും വിശ്വാസത്തിനും ഇനിയും വിജയം കൈവരിക്കാൻ സാധിക്കുമെന്നുള്ള പ്രത്യാശയ്ക്കും അതനുസരിച്ചുള്ള പ്രവർത്തനത്തിനുമുള്ള തുടക്കം.

ജിന്റോ മാത്യു