News >> കരുണയുടെ ജൂബിലി സമാപനം സാർവ്വത്രികസഭയിൽ

Source: Sunday Shalom


ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായ രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപിച്ചിട്ട് അമ്പതുവർഷങ്ങൾ പൂർത്തിയായതിന്റെ പശ്ചാത്തലത്തിലാണ് 2015 ഡിസംബർ 8ാം തിയതി ഫ്രാൻസീസ് പാപ്പ കരുണയുടെ ജൂബിലി വർഷം സാർവ്വത്രികസഭയിൽ പ്രഖ്യാപിച്ചത്. അന്നേദിവസമാണ് റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കായുടെ കരുണയുടെ വിശുദ്ധകവാടം ഫ്രാൻസീസ് പാപ്പ തുറന്നത്.

തുടർന്നുവന്ന ഞായറാഴ്ചയായ ഡിസംബർ 13ാം തിയതി ലോകത്തിലുള്ള എല്ലാ കത്തീഡ്രൽ ദേവാലയങ്ങളുടെയും മറ്റു പ്രധാന ദേവാലയങ്ങളുടെയും കവാടങ്ങളെ കരുണയുടെ കവാടങ്ങളായി പ്രഖ്യാപിക്കുകയും, അവയിലൂടെ യോഗ്യതയോടെ പ്രവേശിക്കുന്നവർക്ക് ദണ്ഡവിമോചനം തിരുസഭ പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്രകാരം 2015ലെ അമലോത്ഭവതിരുനാൾ ദിനത്തിൽ ആരംഭിച്ച കരുണയുടെ ജൂബിലി വർഷത്തിനാണ് 2016ലെ ക്രിസ്തുരാജന്റെ തിരുനാൾദിനമായ നവംബർ 20ന് ഫ്രാൻസീസ് പാപ്പ റോമിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലെ കരുണയുടെ കവാടം അടച്ചുകൊണ്ട് സമാപനം കുറിക്കുന്നത്. ഇതിനു മുന്നോടിയായി നവംബർ 13 ഞായറാഴ്ച വിശുദ്ധകുർബാനയോടനുബന്ധിച്ച് റോമിലുള്ള മറ്റു ബസിലിക്കാകളുടെയും, ലോകത്തിലുള്ള എല്ലാ കത്തീഡ്രൽ ദേവാലയങ്ങളുടെയും, പ്രധാനതീർത്ഥാടന ദേവാലയങ്ങളുടെയും കരുണയുടെ കവാടങ്ങൾ അടയ്ക്കുന്നതാണ്.

പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കുവിൻ (ലൂക്കാ 6: 36) എന്ന ആപ്തവാക്യവുമായിട്ടാണ് കരുണയുടെ വർഷത്തിന് സാർവ്വത്രികസഭ തുടക്കം കുറിച്ചത്.കരുണയുടെ മുഖം എന്ന അപ്പസ്‌തോലികപ്രബോധനത്തിൽ ഫ്രാൻസീസ് പാപ്പ സൂചിപ്പിക്കുന്നതുപോലെ കരുണയുടെ ലേപന ഔഷധം വിശ്വാസികളും അകലെയുള്ളവരുമായ സകലരിലും എത്തിച്ചേർന്ന കൃപയുടെ ജൂബിലി വർഷമായിരുന്നു ഇത് (കരുണയുടെ മുഖം, 5). കരുണയുടെ പ്രവാചകശബ്ദമായ ഫ്രാൻസീസ് പാപ്പയുടെ വാക്കുകളുടെ ആന്തരീകാർത്ഥം ഉൾക്കൊള്ളുവാനും, കരുണയെക്കുറിച്ച് ചിന്തിക്കുവാനും, കരുണ ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും ഈ ജൂബിലി വർഷത്തിൽ ക്രൈസ്തവവിശ്വാസികൾ ഒന്നടങ്കം മുന്നോട്ടുവന്നുവെന്നത് പ്രശംസനീയമാണ്.

കാരുണ്യത്തിന് നല്കുന്ന സാക്ഷ്യമില്ലാതിരുന്നാൽ ജീവിതം ഫലരഹിതവും വന്ധ്യവുമായിത്തിരുമെന്ന ഫ്രാൻസീസ് പാപ്പയുടെ മുന്നറിയിപ്പ് നമ്മളെല്ലാവരും ഗൗരവമായി എടുത്തതുകൊണ്ടാണ് ഈ ജൂബിലി വർഷം കരുണയുടെ ഒരു നേർസാക്ഷ്യമായി പതിതർക്കും, പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും അനുഭവഭേദ്യമായത്. കരുണയുടെ ഈ കാലഘട്ടത്തിൽ വിവിധ ഇടവകകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ കരുണയുടെ കവാടങ്ങൾ തേടിയുള്ള തീർത്ഥാടനങ്ങൾ അനേകർക്ക് വിശ്വാസത്തിലും ദാനധർമ്മശീലത്തിലും വളരുവാനും ദണ്ഡവിമോചനം പ്രാപിക്കാനുമുള്ള അവസരങ്ങളായി മാറിയെന്നത് തീർച്ചയാണ്.

മാനസാന്തരത്തിന്റെയും, ഹൃദയപരിവർത്തനത്തിന്റെയും ഫലങ്ങൾ സംജാതമാക്കുവാനും കരുണയുടെ ഔഷധമായ അനുരജ്ഞനക്കൂദാശ സ്വീകരിക്കുന്നതിനും കരുണയുടെ ആഘോഷമായ വിശുദ്ധകുർബാനയിൽ പങ്കുചേരുന്നതിനും വർദ്ദിതതാല്പര്യം ക്രൈസ്തവവിശ്വാസികളിൽ ജനിച്ചുവെന്നതും കരുണയുടെ വർഷത്തിന്റെ വിജയമാപിനിയായി കണക്കാക്കുവാൻ കഴിയും. മാത്രമല്ല, ശാരീരികവും ആദ്ധ്യാത്മികവുമായ കാരുണ്യപ്രവർത്തികളിലൂടെ പതിതരിലേക്കും, പാർശ്വവത്ക്കരിക്കപ്പെട്ടവവരിലേക്കും ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുവാനും ദൈവപിതാവിന്റെ കരുണയുടെമുഖം വെളിപ്പെടുത്തുവാനുമുള്ള ശ്രമങ്ങൾ വ്യക്തികൾ, കുടുംബങ്ങൾ, ഇടവക രൂപതാതലങ്ങളിൽ ഉണ്ടായതുകൊണ്ടാണ് അനേകം ഭവനങ്ങൾ നിർമ്മിക്കുവാനും, വിദ്യാഭ്യാസസഹായങ്ങൾ, ചികിത്‌സാ സഹായങ്ങൾ നൽകുവാനും കത്തോലിക്കാസഭയ്ക്ക് കഴിഞ്ഞത്.

വാസ്തവത്തിൽ കരുണയുടെ ജൂബിലി ഒരിക്കലും അവസാനിക്കുന്നില്ല. 2016 നവംബർ 20-ന് തത്ത്വത്തിൽ ജൂബിലിയ്ക്ക് ആഗോളസഭാതലത്തിൽ തിരശ്ശീല വീഴുമെങ്കിലും കരുണയുടെ വക്താക്കളാകാൻ നമ്മൾ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ അനന്തമായ കരുണയ്ക്ക് അനുനിമിഷം നന്ദി പറഞ്ഞ് സഹോദരങ്ങളോട് കരുണയും കരുതലും ഉള്ളവരായി വർത്തിക്കുവാൻ കരുണയുടെ ജൂബിലി വർഷത്തിൽ ആർജിച്ചെടുത്ത ആത്മീയചൈതന്യം നമുക്ക് ജീവിതത്തിൽ നിരന്തരം കാത്തുസൂക്ഷിക്കാം.

ഫാ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ
മൗണ്ട് സെന്റ് തോമസ്, കാക്കനാട്.