News >> ഡിസംബർ : ബൈബിൾ പാരായണ മാസം

Source: Sunday Shalom


ഡിസംബർമാസം കേരള കത്തോലിക്കാ സഭ ബൈബിൾ പാരായണമാസമായി ആഘോഷിക്കും. ഡിസംബർ 18നാണ് ബൈബിൾ ഞായർ.

കൊച്ചി: വചനം മാംസംധരിച്ചവന്റെ വരവിനായി ഒരുങ്ങുന്ന ഡിസംബർ ബൈബിൾപാരായണമാസമായി ആചരിക്കുമെന്ന് കേരള കത്തോലിക്കാ മെത്രാൻ സംഘം ബൈബിൾ കമ്മീഷൻ വ്യക്തമാക്കി.
കുടുംബത്തിലെ മുതിർന്നവരും കുട്ടികളും ഒന്നിച്ചിരുന്നു ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം നാം വളർത്തിയെടുക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഒന്നുചേർന്നുള്ള വചനപഠനം പ്രോത്സാഹിപ്പിക്കുവാനായി ഈ വർഷംമുതൽ കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കെ.സി.ബി.സിയുടെ നേതൃത്വത്തിൽ കുടുംബക്വിസും (ലോഗോസ് ഫമീലിയ ക്വിസ്) ആരംഭിച്ചതായി കമ്മീഷൻ ഒരു സർക്കുലറിൽ ഓർമ്മിപ്പിച്ചു.

വിശുദ്ധഗ്രന്ഥം വായിക്കുന്ന ഏതൊരു വിശ്വാസിയും യേശുവിനെ കണ്ടെത്തുന്നതോടൊപ്പം തന്റെ കുടുംബസാഹചര്യങ്ങളും അതിൽ കണ്ടെത്തും. കുടുംബങ്ങളിലെ സ്വപ്നങ്ങളും പ്രതീക്ഷകളും, സന്തോഷവും സന്താപവും, ഉയർച്ചയും താഴ്ചയും അതിൽ വിവരിക്കപ്പെടുന്നുണ്ട്. ഓരോരോ കാലഘട്ടങ്ങളിലും സംസ്‌കാരങ്ങളിലും സാഹചര്യങ്ങളിലും അവയുടെ രൂപഭാവങ്ങൾ മാറുന്നുവെന്നുമാത്രം. തന്റെ ജനത്തെ ദൈവം ജീവന്റെ വഴിയിലൂടെ നടത്തിയതുപോലെ ഇന്നും നമ്മുടെ കുടുംബങ്ങളെ നയിക്കുമെന്നും യേശുവിന്റെ സന്ദർശനത്താൽ അവരെ ധന്യരാക്കിയതുപോലെ നമ്മുടെ കുടുംബങ്ങളെ ധന്യമാക്കുമെന്നുമുള്ള വിശ്വാസത്തിലേക്ക് ബൈബിൾവായന നമ്മെ നയിക്കുമെന്ന് ബൈബിൾ കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഓരോ കുടുബത്തിലും ഓരോ ബൈബിൾ എന്ന ലക്ഷ്യം കേരളസഭയിൽ ഏറെക്കുറെ സാധ്യമായിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ ബൈബിൾ എന്നതാണ് ഇനി ലക്ഷ്യംവയ്‌ക്കേണ്ടത്. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള ബൈബിൾവ്യാപനംവഴി പലർക്കും സ്വന്തമായി ബൈബിൾ കൂടെ കൊണ്ടുനടക്കുവാൻ സാധിക്കുന്നുണ്ട്. ബൈബിൾ കമ്മീഷൻ ഇറക്കിയിരിക്കുന്ന മൊബൈൽ ബൈബിൾ, ശ്രാവ്യ ബൈബിൾ എന്നിവ ഇതിന് സഹായിക്കുന്നു. കൂടാതെ, ബൈബിൾ കമ്മീഷൻ ഭിന്നശേഷിയുള്ളവർക്കായും പ്രത്യേകബൈബിളുകൾ തയ്യാറാക്കിയതായി കമ്മീഷൻ സർക്കുലറിൽ അറിയിച്ചു.
ലോഗോസ്പരീക്ഷയിൽ ഇത്തവണ രൂപതാതലത്തിൽ 36 രൂപതകളിൽ നിന്ന് ആറുലക്ഷംപേർ പങ്കെടുത്തതായുംലോഗോസ്പരീക്ഷയിൽ പങ്കെടുക്കുന്നത് വചനം പഠിക്കുവാനുള്ള പ്രാരംഭഘട്ടമായി ഏവരും കണക്കാക്കണമെന്ന് കമ്മീഷൻ ഓർമ്മിപ്പിച്ചു

ബൈബിൾ പഠിക്കുവാൻ കേരളത്തിനകത്തും പുറത്തും അനേകായിരങ്ങൾ പങ്കെടുക്കുന്ന പഠനപദ്ധതിയാണ് ബൈബിൾകമ്മീഷൻ നടത്തുന്ന ബൈബിൾ കറസ്‌പോണ്ടൻസ് കോഴ്‌സ്. കുടുംബങ്ങൾ ഇതിൽ പങ്കുചേർന്നു പഠിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടണം. ബൈബിൾ കമ്മീഷൻ തയ്യാറാക്കുന്ന പഠനബൈബിളും ദൈവവചനം ആഴത്തിൽ പഠിക്കുവാൻ സഹായകമാണ്. ഈയവസരത്തിൽ പി.ഒ.സി ബൈബിൾ പരിഷ്‌കരണത്തിലും പഠനബൈബിൾ തയ്യാറാക്കലിലും ഏർപ്പെട്ടിരിക്കുന്ന ബൈബിൾപഠിതാക്കളെ കെ.സി.ബി.സി. നന്ദിയോടെ അനുസ്മരിക്കുന്നതായി കമ്മീഷൻ വ്യക്തമാക്കി.

ബൈബിൾപാരായണമാസമായ ഡിസംബറിൽ ദേവാലയത്തിലും ഓരോ ഭവനത്തിലും വിശുദ്ധഗ്രന്ഥം അലങ്കരിച്ചു പ്രതിഷ്ഠിക്കക്കണമെന്നും ഇടവകകളിൽ സംപൂർണ ബൈബിൾപാരായണം സംഘടിപ്പിക്കണമെന്നും കമ്മീഷൻ സൂചിപ്പിച്ചു. കുടുംബാംഗങ്ങൾ ഒന്നുചേർന്ന് ഒരു സുവിശേഷമെങ്കിലും ഈ മാസം മുഴുവൻ വായിച്ചുകേൾക്കുന്നത് മംഗളവാർത്തയുടെ ചൈതന്യത്തിൽ വളരാൻ കുടുംബങ്ങളെ സഹായിക്കും. പഴയ ബൈബിൾ ശേഖരിക്കുവാനും നിർധനർക്ക് സൗജന്യമായി ബൈബിൾ വാങ്ങി കൊടുക്കുവാനും ബൈബിൾ സൊസൈറ്റി നടത്തുന്ന യജ്ഞത്തിൽ നിർലോഭ സഹകരണം നല്കണമെന്നും ബൈബിൾ സൊസൈറ്റിയിൽ അംഗത്വമെടുത്ത് കേരളസഭയുടെ വചനപ്രേഷിതത്വത്തിൽ പങ്കാളികളാകണമെന്നും സർക്കുലർ വ്യക്തമാക്കി.

കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ ചെയർമാൻആർച്ച് ബിഷപ് ഡോ. സൂസൈപാക്യം വൈസ് ചെയർമാന്മാരായബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് എന്നിവരാണ് സർക്കുലർ തയ്യാറാക്കിയിരിക്കുന്നത്.