News >> എത്യോപ്യൻ പാത്രിയർക്കീസ് ആദ്യമായി കേരളത്തിലെത്തുന്നു

Source: Sunday Shalom


തൃശൂർ: എത്യോപ്യൻ സഭയുടെ തലവനായ പരിശുദ്ധ മത്ഥിയാസ് പാത്രിയർക്കീസ് ആദ്യമായി കേരളം സന്ദർശിക്കുന്നു. മലങ്കര സഭാ ജ്യോതിസ് പരിശുദ്ധ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് പ്രഥമൻ മെത്രാപ്പോലീത്തയുടെ ചരമ ദ്വിശതാബ്ദി സമ്മേളനത്തിൽ പങ്കെടുക്കാനാണ് എത്യോപ്യൻ സഭാ തലവൻ കേരളത്തിലെത്തുന്നത്.

19-ന് രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന പാത്രിയർക്കീസിനെ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ തൃശൂരിലെത്തിക്കും. ഓർത്തഡോക്‌സ് സഭയുമായി ഊഷ്മള ബന്ധം പുലർത്തുന്ന പാത്രിയർക്കീസ് 20-ന് രാവിലെ എട്ടിന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയർപ്പിക്കും.

വിശുദ്ധ കുർബാനയ്‌ക്കെത്തുന്ന എത്യോപ്യൻ പാത്രിയർക്കീസിനും ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്കും മഹാസ്വീകരണം നൽകുമെന്ന് സഭാനേതൃത്വം അറിയിച്ചു. തുടർന്ന് പാത്രിയർക്കീസ് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രൽ സന്ദർശിക്കും. പ്രാർത്ഥനയ്ക്കുശേഷം കത്തീഡ്രലിൽ ഒരുക്കിയിട്ടുള്ള ചരിത്ര മ്യൂസിയം വിശ്വാസികൾക്ക് തുറന്നുകൊടുക്കും. വൈകിട്ട് മൂന്നിന് കുന്നംകുളത്ത് പുലിക്കോട്ടിൽ തിരുമേനിയുടെ ചരമ ദ്വിശതാബ്ദി സമ്മേളനത്തിൽ മുഖ്യപ്രഭാഷണവും നടത്തും. കേരള മുഖ്യമന്ത്രി, മറ്റ് ജന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.