News >> സൃഷ്ടിയുടെ മകുടമായ മനുഷ്യവ്യക്തി പാഴ്വസ്തുവാക്കപ്പെടരുത്

Source: Vatican Radio

സൃഷ്ടിയുടെ മകുടമായ മനുഷ്യവ്യക്തി പാഴ്വസ്തുകണക്കെ വലിച്ചെറിയപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലയെന്ന് മാര്‍പ്പാപ്പാ.

സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കുവേണ്ടി, കരുണയുടെ ജൂബിലിയാചരണ പശ്ചാത്തലത്തില്‍, വത്തിക്കാനില്‍ നടന്ന ആഘോഷങ്ങളുടെ സമാപനമായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഞായറാഴ്ച(13/11/116) തന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു പ്രാന്‍സീസ് പാപ്പാ.

ദൈവത്തിന്‍റെ നയനങ്ങള്‍ക്കു മുന്നില്‍ ഏറ്റം അനര്‍ഘമാണ് മനുഷ്യനെന്നും മനുഷ്യവ്യക്തിയെ പുറന്തള്ളുന്നത് ഒരു പതിവായിത്തീരുന്നത് ഗുരുതരമാണെന്നും മനസ്സാക്ഷി മയക്കത്തിലാഴുകയും ചാരെയുള്ള സഹോദരന്‍റെ സഹനങ്ങളും ലോകത്തിന്‍റെ പ്രശ്നങ്ങളും കാണാതിരിക്കുകയും ചെയ്യുന്നത് ആശങ്കയുളവാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ഈ ഞായറാഴ്ച(13/11/116) ലോകമെങ്ങും ഭദ്രാസനദേവാലയങ്ങളിലും ഇതര ദേവാലയങ്ങളിലും കരുണയുടെ വിശുദ്ധ വാതിലുകള്‍ അടയ്ക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ നമ്മെ നോക്കുന്ന ദൈവത്തിനുമുന്നിലും നമുക്കുനേരെ വെല്ലുവിളി ഉയര്‍ത്തുന്ന സഹോദരനുമുന്നിലും കണ്ണുകള്‍ അടയ്ക്കാതിരിക്കുന്നതിനുള്ള അനുഗ്രഹം യാചിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.