News >> കായികവിനോദ മത്സരങ്ങളും അപരനോടുള്ള ആദരവും സംഘാതമനോഭാവവും


Source: Vatican Radio

കായികവിനോദ മത്സരങ്ങള്‍ ഏറെ പരിശീലനവും വൈക്തിക ത്യാഗവും മാത്രല്ല അപരനോടുള്ള ആദരവും സംഘാതമനോഭാവവും ആവശ്യപ്പെടുന്നുവെന്നു മാര്‍പ്പാപ്പാ.

ജര്‍മ്മനിയുടെ ദേശിയ കാല്‍പ്പന്ത്കളി സംഘത്തെ, ഫുട്ബോള്‍ ടീമിനെ വത്തിക്കാനില്‍ തിങ്കളാഴ്ച (14/11/16) സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ഈ സംഘത്തില്‍ അറുപതോളംപേര്‍ ഉണ്ടായിരുന്നു.

"മാന്‍ഷാഫ്റ്റ്" (MANNSCHAFT) സംഘാതാത്മകത ജര്‍മ്മന്‍ കാല്‍പ്പന്ത്കളിസംഘത്തിന്‍റെ സവിശേഷതയാണെന്നതും പാപ്പാ അനുസ്മരിച്ചു.

ജര്‍മ്മന്‍ ഫുട്ബോള്‍ ടീം സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ കാണിക്കുന്ന താല്‍പര്യത്തെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ പാവപ്പെട്ട നാടുകളില്‍ കുട്ടികളെയും യുവജനത്തെയും സഹായിക്കുന്നതിന് അവര്‍ നക്ഷത്ര ഗായകര്‍ക്ക്- സ്റ്റേണ്‍സിംഗറിന് (STERNSINGER) ഏകുന്ന പിന്തുണയ്ക്ക് നന്ദി പ്രകാശിപ്പിച്ചു. ‌

ഉപരി നീതിവാഴുന്നതും ഐക്യദാര്‍ഢ്യമുള്ളതുമായ ഒരു സമൂഹത്തിന്‍റെ  നിര്‍മ്മിതിക്ക് അവര്‍ അങ്ങനെ സംഭാവനചെയ്യുകയാണെന്ന് പാപ്പാ ശ്ലാഘിച്ചു.

മറികടക്കാന്‍ പ്രയാസമുള്ളതെന്ന പ്രതീതി ഉളവാക്കുന്നതും ആവശ്യത്തിലിരിക്കുന്നവരും പുറന്തള്ളപ്പെട്ടവരുമായ അനേകരെ ദുരിതത്തിലാഴ്ത്തുന്നതുമായ തടസ്സങ്ങളെ ഒത്തൊരുമിച്ചു തരണം ചെയ്യാന്‍ സാധിക്കുമെന്നു ഇത്തരം സംരംഭങ്ങള്‍,  കാട്ടിത്തരുന്നുവെന്നും പാപ്പാ പറഞ്ഞു.

ഉണ്ണിയേശുവിന് കാഴ്ചകളേകാന്‍ കിഴക്കുനിന്ന ജ്ഞാനികള്‍ എത്തിയതിന്‍റെ   ഓര്‍മ്മയാചരണത്തിന്‍റെ ഭാഗമായി ജര്‍മ്മനിയിലും ഓസ്ത്രിയായിലുമൊക്കെ കുട്ടികള്‍ പൂജരാജാക്കന്മാരുടെ വേഷങ്ങളണിഞ്ഞ് നക്ഷത്രങ്ങള്‍ ഏന്തി കരോള്‍ ഗീതങ്ങള്‍ ആലപിച്ച് വീടുകള്‍ കയറിയിറങ്ങി സംഭാവനസ്വീകരിക്കുകയും സമാഹരിച്ച ധനം കുട്ടികള്‍ക്കു  വേണ്ടിയുള്ള പദ്ധതികള്‍ക്ക് നല്കുകയും ചെയ്യുന്ന പതിവുണ്ട്. ഇവരാണ് "നക്ഷത്രഗായകര്‍" അഥവാ സ്റ്റേണ്‍സിംഗര്‍ എന്നറിയപ്പെടുന്നത്.