News >> പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ച (16, November)
Source: Vatican radioഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധാരാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ പങ്കുകൊണ്ടു. നിര്‍ല്ലോഭം ചൊരിയപ്പെട്ട അര്‍ക്കാംശുക്കള്‍ ശൈത്യത്തില്‍ അല്പം ആശ്വാസമായി. പൊതുദര്‍ശനപരിപാടിയുടെ വേദി, പതിവുപോലെ, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ അങ്കണം ആയിരുന്നു. വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കു പ്രവേശിച്ച പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആനന്ദാരവങ്ങളോടുംകൂടെ വരവേറ്റു. പൊതുകൂടിക്കാഴ്ചയ്ക്കെത്തിയവരില്‍ നിന്ന് നാലു ബാലികമാരെ വാഹനത്തിലേറ്റിയ പാപ്പാ സുസ്മേരവദനനായി, കൈകള്‍ ഉയര്‍ത്തി, എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ജനങ്ങള്‍ക്കിടയിലൂടെ ആ വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടു വന്ന പിഞ്ചുകുഞ്ഞുങ്ങളെ, ഇടയ്ക്കിടെ, വണ്ടി നിറുത്തി പാപ്പാ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് ആദ്യം തന്നോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളും തുടര്‍ന്ന് പാപ്പായും വാഹനത്തില്‍ നിന്നിറങ്ങി. പ്രസംഗവേദിയിലേക്കു പോകുന്നതിനു മുമ്പ് പാപ്പാ അവിടെയുണ്ടായിരുന്ന രോഗികളുടെ ചാരെ അല്പസമയം ചിലവഴിച്ചു. ശയ്യാവലംബയായ ഒരു വൃദ്ധയെ പാപ്പാ ആശീര്‍വ്വദിക്കുകയും ആലിംഗനം ചെയ്യുകയും ആ രോഗിണിയ്ക്കും രോഗികളെ കൊണ്ടുവന്നവര്‍ക്കും ചെറുസമ്മാനങ്ങള്‍ നല്കുകയും ചെയ്തു. തദ്ദനന്തരം നടന്നു വേദിയിലേക്കു കയറിയ പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു
"നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്? സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്‍റെ കണ്ണിലെ കരട് ഞാന്‍ എടുത്തു കളയട്ടെ എന്നു പറയാന്‍ നിനക്ക് എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്‍റെ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോള്‍ നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്‍റെ കാഴ്ച തെളിയും".ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 6, 41ഉം 42ഉം വാക്യങ്ങള്‍.ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ കാരുണ്യപ്രവൃത്തികളെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര, "ശല്യക്കാരെ ക്ഷമയോടെ സഹിക്കുക" എന്ന കാരുണ്യ പ്രവൃത്തിയെ ആധാരമാക്കി തുടര്‍ന്നുകൊണ്ട് ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണത്തത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:പ്രിയ സഹോദരീസഹോദരന്മാരെ ശുഭദിനം,നമുക്കെല്ലാം സുപരിചിതവും എന്നാല്‍ ഒരു പക്ഷെ നമ്മള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാത്തതുമായ ഒരു കാരുണ്യപ്രവൃത്തിയെക്കുറിച്ചാണ് ഇന്നു നാം ചിന്തിക്കുക, അതായത്, ശല്യക്കാരായ വ്യക്തികളെ ക്ഷമയോടെ സഹിക്കുക. നമുക്കു അസ്വസ്ഥതയുളവാക്കാവുന്ന ഒന്നിന്‍റെ സാന്നിധ്യം തിരിച്ചറിയുന്ന കാര്യത്തില്‍ നാം സമര്‍ത്ഥരാണ്. ഇതു സംഭവിക്കുന്നത് നാം നടക്കുന്ന വഴിയില്‍ വച്ച് ആരെയെങ്കിലും കണ്ടുമുട്ടുമ്പോഴൊ ടെലഫോണ്‍ വിളി ലഭിക്കുമ്പോഴൊ ഒക്കെ ആകാം. ഉടനെ നാം ഇപ്രകാരം ചിന്തിക്കാന്‍ തുടങ്ങും: ഇനി എത്രനേരം ഇയാളുടെ ആവലാതികള്‍, പ്രലപനങ്ങള്‍, ആവശ്യങ്ങള്‍ അല്ലെങ്കില്‍ പൊങ്ങച്ചം കേള്‍ക്കണം? ഈ ശല്യക്കാര്‍ ചിലപ്പോള്‍ നമ്മുടെ ഏറ്റം അടുത്ത ആളുകള്‍തന്നെയാകുന്നതും സംഭവിക്കാം. ബന്ധുക്കള്‍ക്കിടയിലും എന്നും ഇത്തരം ആരെങ്കിലും ഉണ്ടാകാം; ജോലിസ്ഥലത്തും ഉണ്ടാകാം, ഇടവേളകളിലും നമ്മള്‍ ഇവരില്‍ നിന്ന് വിമുക്തരാകില്ല. അപ്പോള്‍ നാം ഈ തൊന്തരവുകാരുടെ കാര്യത്തില്‍ എന്തു ചെയ്യും? നമ്മളും, ചിലപ്പൊഴൊക്കെ, മറ്റുള്ളവര്‍ക്ക് ഉപദ്രവകാരികളായി മാറുന്നില്ലേ? ശല്യക്കാരായ വ്യക്തികളെ ക്ഷമയോടെ സഹിക്കുക എന്നത് എന്തുകൊണ്ട് കാരുണ്യ പ്രവൃത്തികളില്‍ ചേര്‍ത്തിരിക്കുന്നു? ശല്യക്കാരെ ക്ഷമയോടെ സഹിക്കേണ്ടതുണ്ടോ?തന്‍റെ ജനത്തിന്‍റെ വിലാപങ്ങള്‍ സഹിക്കുന്നതിന് ദൈവത്തിനുതന്നെ കാരുണ്യം ഉപയോഗപ്പെടുത്തേണ്ടി വന്നതായി ബൈബിളില്‍ നാം കാണുന്നു. ഉദാഹരണമായി ഇസ്രായേല്‍ ജനം ഒട്ടും സഹിക്കാന്‍ പറ്റാത്തവരായി പുറപ്പാടിന്‍റെ പുസ്തകത്തില്‍ കാണപ്പെടുന്നു. ഈജിപ്തില്‍ അടിമത്തത്തിലായതിനാല്‍ ആദ്യം ആ ജനത നിലവിളിക്കുകയും ദൈവം ആ ജനതയെ മോചിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് മരുഭൂമിയില്‍ വച്ച് ഭക്ഷണമില്ല എന്നു പരാതിപ്പെടുന്നു. അപ്പോള്‍ ദൈവം കാടപ്പക്ഷികളെ അയയക്കുകയും മന്ന നല്കുകയും ചെയ്തു.(പുറപ്പാട് 16,13-16) എന്നിട്ടും വിലാപം അവസാനിക്കുന്നില്ല. മോശ ദൈവത്തിനും ഇസ്രായേല്‍ ജനത്തിനുമിടയില്‍ മാദ്ധ്യസ്ഥ്യം വഹിക്കുന്നു. ചിലപ്പോഴൊക്കെ മോശയും ദൈവത്തിനുമുന്നില്‍ ശല്യക്കാരനാകുന്നു. എന്നാല്‍ ദൈവം ക്ഷമ കാണിക്കുന്നു. അങ്ങനെ വിശ്വാസത്തിന്‍റെ ഈ മാനം ദൈവം മോശയ്ക്കും ഇസ്രായേല്‍ ജനത്തിനും കാണിച്ചുകൊടുക്കുന്നു. ആകയാല്‍ സ്വാഭാവികമായും ആദ്യം ഉയരുന്ന ചോദ്യം ഇതാണ്: നമ്മള്‍ മറ്റുള്ളവര്‍ക്ക് ശല്യക്കാരായി ചിലപ്പോഴെങ്കിലും മാറിയിട്ടുണ്ടോ എന്ന് എന്നെങ്കിലും ആത്മശോധന ചെയ്തിട്ടുണ്ടോ? മറ്റുള്ളവരുടെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും നേരെ വിരല്‍ ചൂണ്ടുക എളുപ്പമാണ്, എന്നാല്‍ നമ്മള്‍ മറ്റുള്ളവരുടെ ആ അവസ്ഥയില്‍ ആണെങ്കില്‍ എന്നു ചിന്തിച്ചു നോക്കാന്‍ പഠിക്കണം.നമ്മള്‍, സര്‍വ്വോപരി, യേശുവിനെ നോക്കുക: അവിടത്തെ പരസ്യജീവിതത്തിന്‍റെ 3 വര്‍ഷങ്ങളില്‍ എത്രമാത്രം ക്ഷമ അവിടത്തേക്കാവശ്യമായിവന്നു! ഒരിക്കല്‍ ശിഷ്യന്മാരുമൊത്ത് യാത്ര ചെയ്യവെ, യാക്കോബിന്‍റെയും യോഹന്നാന്‍റെയും അമ്മ അവിടത്തെ മുന്നിലെത്തി ഇപ്രകാരം പറയുന്നു: എന്‍റെ ഈ രണ്ടു പുത്രന്മാരില്‍ ഒരുവന്‍ നിന്‍റെ വലത്തു വശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കാന്‍ കല്പിക്കണമെ" ( മത്തായി 20,21) സ്വന്തം മക്കള്‍ക്കുവേണ്ടി വാദിക്കുന്ന ഒരമ്മ.... കാരണം അവള്‍ അമ്മയാണ്. എന്നാല്‍ യേശു ആ അവസരവും മൗലികമായ ഒരു പ്രബോധനമേകുന്നതിനായി ഉപയോഗപ്പെടുത്തുന്നു. അവിടത്തെ രാജ്യം അധികാരത്തിന്‍റെതല്ല, ഭൗമികമായ മഹത്വത്തിന്‍റെ ഒരു സാമ്രാജ്യമല്ല, മറിച്ച്, ശുശ്രൂഷയുടെതാണ് അപരന് സ്വയം ദാനമാകലിന്‍റെതാണ് എന്ന പ്രബോധനമേകുന്നു. സത്തയിലേക്ക് കടക്കാനും സ്വന്തം ദൗത്യം ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്നതിന് ദീര്‍ഘവീക്ഷണമുള്ളവരായിരിക്കാനും യേശു പഠിപ്പിക്കുന്നു. പാപികളെ ഗുണദോഷിക്കുക, അജ്ഞരെ പഠിപ്പിക്കുക എന്നീ രണ്ടു ആദ്ധ്യാത്മിക കാരുണ്യ പ്രവൃത്തികളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും ഇവിടെ നമുക്ക് കാണാന്‍ സാധിക്കും.സത്താപരമായതിലേക്കു നോക്കാന്‍ പഠിപ്പിക്കുകയെന്നത് നിര്‍ണ്ണായകമായ ഒരു സഹായമാണ്, വിശിഷ്യ, ദിശാബോധം നഷ്ടപ്പെടുകയും, ക്ഷണികമായ സന്തോഷങ്ങളെ അനുധാവനം ചെയ്യുകയും ചെയ്യുന്നതെന്നു തോന്നുന്ന നമ്മുടെ ഈ കാലഘട്ടത്തില്‍. കര്‍ത്താവ് നമ്മില്‍ നിന്നാവശ്യപ്പെടുന്നതെന്താണ് എന്ന് കണ്ടെത്താനും അതിനനുസൃതം ജീവിക്കാനും പഠിപ്പിക്കുകയെന്നാല്‍ സ്വന്തം വിളിയില്‍ വളരുന്നതിനുള്ള പാതയില്‍, യഥാര്‍ത്ഥ ആനന്ദത്തിലേക്കുള്ള പാതയില്‍ പാദമൂന്നുകയാണ്. യാക്കോബിന്‍റെയും യോഹന്നാന്‍റെയും അമ്മയോടും അതുപോലെതന്നെ ശിഷ്യഗണത്തോടുമുള്ള യേശുവിന്‍റെ വാക്കുകള്‍ ക്രൈസ്തവരായ നമുക്കിടയിലും എന്നും ഒളിപ്പോരാട്ടം നടത്തുന്ന അസൂയ, ഉല്‍ക്കര്‍ഷേച്ഛ, ആത്മപ്രശംസ എന്നിവയുടെ പ്രലോഭനത്തില്‍ നിപതിക്കാതിരിക്കുന്നതിള്ള വഴി കാണിച്ചുതരുന്നു. ഉപദേശിക്കുകയും ഗുണദോഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയെന്നത് മറ്റുള്ളവരെക്കാള്‍ മെച്ചപ്പെട്ടവരാണ് എന്ന തോന്നല്‍ നമ്മിലുളവാക്കരുത്, മറിച്ച് മറ്റുള്ളവരോടു ചെയ്യണമെന്ന് നാം പറയുന്നത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്നു ആത്മശോധന ചെയ്യാന്‍ നമ്മെ ബാദ്ധ്യസ്ഥരാക്കുകയാണ്. യേശുവിന്‍റെ വാക്കുകള്‍ നാം മറക്കരുത്:
"നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്?" ലൂക്ക 6,41. സഹിക്കുന്നതില്‍ ക്ഷമയുള്ളവരും ഉപദേശമേകുന്നതില്‍ എളിമയും ലാളിത്യമുള്ളവരുമാകാന്‍ പരിശുദ്ധാരൂപി നമ്മെ സഹായിക്കട്ടെ. നന്ദി.പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ നവമ്പര്‍ മാസം നമ്മെ പരേതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ക്ഷണിക്കുന്നുവെന്നു ഓര്‍മ്മിപ്പിച്ചു. നമുക്ക് നന്മചെയതവരെയും വിശ്വാസത്തില്‍ നമുക്കു മുമ്പേ പോയവരെയും ആരും ഓര്‍മ്മിക്കാത്തവരെയും നാം മറക്കരുതെന്നും പാപ്പാ പറഞ്ഞു. മദ്ധ്യ ഇറ്റലിയില്‍ ഈ അടുത്തകാലത്തുണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞവരെ പ്രത്യേകം അനുസ്മരിച്ച പാപ്പാ ഈ ദുരന്തത്തിനിരകളായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്താനും എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.