News >> ഹൃദയകവാടത്തില്‍ മുട്ടുന്ന ദൈവത്തെ തിരിച്ചറിയണം : വചനസമീക്ഷ
Source: Vatican Radioനവംബര്‍ 17-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി 'സന്താ മാര്‍ത്ത'യിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് സുവിശേഷത്തെ ആധാരമാക്കി (ലൂക്കാ 19, 41-44) പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.ക്രിസ്തുവിന്‍റെ ഹൃദയവേദനയുടെ കാരണം ജനങ്ങളുടെ അവിശ്വസ്തയായിരുന്നു. കരുണയും സ്നേഹവുമായി മനുഷ്യരിലേയ്ക്കു വന്ന ദൈവത്തിന്‍റെ പ്രതിബദ്ധതയോടും സ്നേഹത്തോടും മനുഷ്യര്‍ കാണിച്ച നിസ്സംഗതയാണ് ഈ ഹൃദയവ്യഥയ്ക്കു പിന്നില്‍. മാത്രമല്ല, ആസന്നമാകുന്ന അന്ത്യവും അവിടുന്ന് മനസ്സില്‍ ഗണിച്ചിരിക്കണം. അങ്ങനെ ജരുസലേമിനെ നോക്കി ക്രിസ്തു വിലിപിച്ചെന്ന് സുവിശേഷകന്മാര്‍ രേഖപ്പെടുത്തുന്നു.അന്വേഷിച്ചുവരുന്ന ദൈവസ്നേഹത്തോടു കാണിക്കുന്ന നിസ്സംഗതയുടെ കദനകഥ ഇന്നും ലോകത്ത് തുടരുകയാണ്. ക്രിസ്തുവോടെ അത് അവസാനിച്ചെന്നു വിചാരിക്കരുത്! തേടിയെത്തുന്ന സ്നേഹമായ ദൈവത്തെ പരിത്യജിക്കുന്ന നാടകങ്ങള്‍ ഇന്നും ജീവിതവേദിയില്‍ - എന്‍റെയും നിങ്ങളുടെയും ജീവിതത്തില്‍ അരങ്ങേറുന്നുണ്ട്. ദൈവം എന്‍റെ പക്കല്‍ വന്നതായി ഞാന്‍ അറിയുന്നില്ല, ഓര്‍ക്കുന്നുമില്ല. പിന്നെ ഞാന്‍ ദൈവത്തെ അന്വേഷിച്ചിറങ്ങിയ മുഹൂര്‍ത്തങ്ങളും അവസരങ്ങളും അധികമില്ല! ജരൂസലേമിലെ ജനതയുടേതുപോലെയാണ് നമ്മുടെയും വീഴ്ചയും പാപങ്ങളും. അതിനാല്‍ ചാരത്ത് അണയുന്ന ദൈവത്തെ നാം തിരിച്ചറിയുന്നില്ല. ആ ദൈവത്തോടു നാം പിറകു തിരിഞ്ഞു നില്ക്കുന്നു!ഹൃദയകവാടത്തില്‍ ദൈവം സ്നേഹത്തോടെ വന്നു മുട്ടിവിളിക്കുന്നുണ്ട്. അവിടുത്തെ വിളിയുടെ മധുരസ്വരം കേള്‍ക്കണം. തിരിച്ചറിഞ്ഞ് പ്രത്യുത്തരിച്ചാല്‍ വേദനയുടെ മുഹര്‍ത്തങ്ങള്‍ ഒഴിവാക്കാം.മനുഷ്യര്‍ നിസംഗരായി, മാറി നില്ക്കുന്നതിന്‍റെ വേദനയാണ് ക്രിസ്തുവിന്‍റെ കരച്ചില്‍. ചെയ്യാമായിരുന്ന നന്മയും, വരുത്തേണ്ടതായ മാറ്റവും, ഉപേക്ഷിക്കേണ്ടതായ തിന്മയും, കേള്‍ക്കേണ്ട സഹോദരന്‍റെയും സഹോദരിയുടെയും വിളിയും വേദനയും ദൈവികസാമീപ്യത്തിന്‍റെ അടയാളങ്ങളാണ്! ദൈവം എന്നെ അവിടുത്തെ സ്നേഹത്തിലേയ്ക്കും പൂര്‍ണ്ണതയിലേയ്ക്കും വിളിക്കുന്നു. അതെല്ലാം അവിടുന്നുമായുള്ള നേര്‍ക്കാഴ്ചയുടെ വേദികളാണ്.അതിനാല്‍ ക്രിസ്തു ജരൂസലത്തെ ഓര്‍ത്തു മാത്രമല്ല കരഞ്ഞത്, എന്നെയും നിങ്ങളെയും ഓര്‍ത്ത് കരഞ്ഞു. അവിടുത്തെ സ്വരം ശ്രവിക്കുകയും അവിടുത്തെ ആഗമനം അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്കായി അവിടുന്ന് തന്‍റെ ജീവന്‍ സമര്‍പ്പിക്കുന്നു. "ക്രിസ്തുവിലെ ദൈവം എന്നെ കടന്നുപോകുമോ, എന്നതാണ് എന്‍റെ ഭീതി!" വിശുദ്ധ അഗസ്റ്റിന്‍റെ ചിന്തയും വാക്കുകളും വളരെ ശക്തമാണ്.ക്രിസ്തു നമ്മെ സന്ദര്‍ശിക്കുന്നതും, കടുന്നുപോകുന്നതുമായ സ്ഥലവും വിനാഴികയും അറിയണമെന്നില്‍. ആ തിരിച്ചറിവിനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണം. അവിടുന്നു നമ്മുടെ ചാരത്ത് അണയുകയും, നാം അവിടുത്തെ തേടുകയും ചെയ്ത നിമിഷങ്ങള്‍ തിരിച്ചറിഞ്ഞ് ഹൃദയകവാടങ്ങള്‍ തുറന്നാല്‍, തുറവു കാട്ടിയാല്‍, മാറ്റത്തിന് വിധേയരായാല്‍, ജീവിതം സ്നേഹത്താലും നന്മയാലും നിറയും. അവിടുന്ന് നമ്മില്‍ വസിക്കും.വെളിപാടു ഗ്രന്ഥത്തിലെ ചിന്തയോടെയാണ് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്.