News >> ജീവന്റെ മഹത്വം പ്രഖ്യാപിച്ച് മിഷൻ ലീഗ് റാലി

Source: Sunday Shalom


ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ മിഷൻ ലീഗ് പ്രവർത്തകർ പ്രോ ലൈഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയും ജപമാല പ്രാർത്ഥനയും ആയിരങ്ങൾക്ക് പ്രചോദനമായി. ഹൂസ്റ്റൺ ഡൗൺടൗണിലുള്ള കാത്തലിക് കരിസ്മാറ്റിക് സെന്ററിൽ രാവിലെ എട്ടരയോടെ നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ട് പ്രാർത്ഥനാ റാലിക്ക് തുടക്കം കുറിച്ചു. മിഷൻ ലീഗ് ആനിമേറ്ററായ ജോർജ്ജ് മുണ്ടാട്ടുചുണ്ടയിലിന്റെ നേതൃത്വത്തിൽ മിഷൻലീഗ് പ്രവർത്തകർ അണിനിരന്നു. ജപമാല ചൊല്ലിക്കൊണ്ട് അബോർഷൻ ക്ലിനിക്കിന്റെ ചുറ്റിലും റാലിയായി നടന്നുനീങ്ങിയ അവർ അകാലത്തിൽ മരണമടഞ്ഞ എല്ലാ ഗർഭസ്ഥ ശിശുക്കൾക്കുംവേണ്ടിയും ഭ്രൂണഹത്യ നടത്തിയ മാതാപിതാക്കൾക്കുവേണ്ടിയും പ്രാർത്ഥിച്ചു. ജീവൻ ദൈവത്തിന്റെ ദാനമാണെന്നും അതു നശിപ്പിക്കുന്നത് ദൈവഹിതത്തിന് എതിരാണെന്നും കുട്ടികളെ പഠിപ്പിക്കുകയും അതിലൂടെ ജീവനെ പിന്തുണയ്ക്കുന്ന പുതിയൊരു തലമുറയെ വാർത്തെടുക്കാൻ കഴിയണമെന്നും പ്രാർത്ഥനാ യോഗത്തിൽ മിഷൻ ലീഗ് പ്രവർത്തകർ പ്രതിജ്ഞയെടുത്തു.

മിഷൻ ലീഗ് അംഗങ്ങളും അവരുടെ മാതാപിതാക്കളും ഭാരവാഹികളും ചേർന്ന് ജപമാല പ്രാർത്ഥന ചൊല്ലി നടത്തിയ റാലി ഏവർക്കും പുത്തനുണർവും മാതൃകയുമായിരുന്നു. ജീവിതത്തിലൊരിക്കലും തങ്ങൾ ഭ്രൂണഹത്യയെ അനുകൂലിക്കില്ലെന്ന് മിഷൻ ലീഗ് പ്രവർത്തകർ പ്രതിജ്ഞയെടുത്തു. ഇടവക വികാരി റവ. ഫാദർ കുര്യൻ നെടുവിലച്ചാലിന്റെയും അസിസ്റ്റന്റ് വികാരി റവ. ഫാദർ സ്റ്റീഫന്റെയും അനുഗ്രഹ സാന്നിധ്യത്തോടെ മിഷൻ ലീഗ് പ്രവർത്തകർ പുതിയ കർമ്മമേഖലകൾ കണ്ടെത്തുന്ന കാഴ്ചകൂടിയായി ഇത്.

ജയിംസ് വടക്കേക്കര