News >> കുടുംബം ദൈവികസ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം


ഫിലാഡെല്‍ഫിയായില്‍ അരങ്ങേറിയ എട്ടാമത് ആഗോള കത്തോലിക്കാ കുടുംബസംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തു. സെപ്റ്റംബര്‍ 26-ാം തിയതി ശനിയാഴ്ച ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പാര്‍ക്കിലെ ജാഗരപ്രാര്‍ത്ഥനയില്‍ പാപ്പാ സന്ദേശം നല്കി.

പ്രിയ സഹോദരങ്ങളേ, ജീവിതകഥകള്‍ പങ്കുവച്ച കുടുംബങ്ങള്‍ക്ക് നന്ദിപറയുന്നു! കുടുംബാനുഭവങ്ങള്‍ ഹൃദസ്പര്‍ശിയാണ് കാരണം അവ ജീവിതാനുഭവങ്ങളാണല്ലോ. അവ പച്ചയായ വ്യക്തിപരവും തനിമയാര്‍ന്നവയുമാണ്. കേള്‍വിക്കാരെയും അതിലേയ്ക്ക് ഉള്‍ചേര്‍ക്കുന്നു. അതിനാല്‍ കുടുംബാനുഭവങ്ങള്‍ വിവാഹിതരെയും മാതാപിതാക്കളെയും, കുട്ടികളെയും, സഹോദരങ്ങളെയും മുത്തശ്ശീ മുത്തശ്ശന്മാരെയും സ്പര്‍ശിക്കുന്നു.

പങ്കുവയ്പിലൂടെ നമ്മുടെ കുടുംബ ജീവിതാനുഭവങ്ങള്‍ പരസ്പരം കൈമാറുന്നത് വളരെ പ്രസക്തമാണെന്ന് താന്‍ ചിന്തിക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. കാരണം അത് അത്ഭുതാവഹമായ വെല്ലുവിളികള്‍ക്കിടയിലും 'കുടുംബമായിരിക്കുവാനുള്ള' പ്രചോദനം പകരുന്നു.

ഫിലാഡെല്‍ഫിയയില്‍ ഇന്ന് ഇവിടെ കുടുംബങ്ങളുടെ കൂടെയായിരിക്കുമ്പോള്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ ശ്രേഷ്ഠമായ രഹസ്യങ്ങളില്‍ ഒന്നിനെക്കുറിച്ചാണ് ചിന്തിക്കുന്നത്.

ദൈവം മനുഷ്യാവതാരം ചെയ്യുന്നതിന് കുടുംബമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. ദൈവം മനുഷ്യകുലത്തോട് അടുക്കുവാനും, മനുഷ്യരുടെമദ്ധ്യേ ആയിരിക്കുവാനും, പാര്‍ക്കുവാനും തിരഞ്ഞെടുത്ത ഇടം കുടുംബമാണ്. അതുപോലെ, അവിടു്ന്ന് ഈ ഭൂമിയില്‍ ആഗതനായപ്പോള്‍, 'ദൈവം നമ്മോടുകൂടെ,' എന്നര്‍ത്ഥം വരുന്ന 'ഇമ്മാനുവേല്‍' എന്ന പേരല്ലാതെ മറ്റൊരു നാമം സ്വീകരിക്കാന്‍ ആഗ്രഹിച്ചില്ല (മത്തായി 1, 23). അവിടുന്ന് 'ദൈവം നമ്മോടുകൂടെ'യാണ്!

ഇത് അനാദി മുതലുള്ള ദൈവത്തിന്‍റെ ആഗ്രഹവും, ലക്ഷ്യവും നിരന്തരമായ കര്‍മ്മപദ്ധതിയുമാണ്, രക്ഷാകര പദ്ധതിയാണ് - എന്നും അവിടുന്ന് അത് നമ്മോ‌‌ട് പറയുന്നുണ്ട്, പങ്കുവയ്ക്കുന്നുണ്ട്. ഞാന്‍ നിങ്ങളോടൊത്തു വസിക്കുന്ന ദൈവമാണ്! ഞാന്‍ നിങ്ങള്‍ക്കുള്ള ദൈവമാണ്. സൃഷ്ടിയുടെ നാള്‍മുതല്‍, ലോകാരംഭം മുതലുള്ള ദൈവമാണവിടുന്ന്. അതുകൊണ്ടാണ് അവിടുന്ന് ആദിമനുഷ്യനോട് പറഞ്ഞത്, നീ ഏകനായിരിക്കുന്നത് നന്നല്ല (ഉല്പത്തി 2. 18). നമുക്കും ഇന്ന്, അങ്ങനെയെങ്കില്‍ കൂട്ടിച്ചേര്‍ക്കാം - ദൈവം നമ്മോടു പറയുന്നു, സ്ത്രീ ഏകയായിരിക്കുന്നത് നന്നല്ല, കുട്ടികള്‍ ഒറ്റപ്പെടുന്നത് നന്നല്ല, കാരണവന്‍മാരും പ്രായമായവരും പരിത്യക്തരാകുന്നത് നന്നല്ല!!

അതുകൊണ്ടാണ് പുരുഷന്‍ തന്‍റെ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരുന്നത്. എന്നിട്ട് അവര്‍ രണ്ടു പേര്‍ ഒന്നായിത്തീരുന്നു. ഇരുവരും ഒന്നായി ഭവിക്കുന്നു. അവര്‍ ഇരുവരും കുടുംബമായി തീരുന്നു, ഭവനമായി ഭവിക്കുന്നു. കൂടുമ്പോള്‍ ഇമ്പമുള്ളിടമാണ് കുടുംബം! അവിടെ ക്രിസ്തു, ദൈവം നമ്മൊടൊത്തു വസിക്കുന്നു!!

അനാദിമുതല്‍ നമ്മുടെ ഹൃദയാന്തരാളത്തില്‍ മന്ത്രിക്കുന്ന സന്ദേശവും ശക്തമായ ദൈവിക വീക്ഷണവുമാണിത് - മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല! കുടുംബം മഹത്തായ ദാനവും അനുഗ്രഹവുമാണ്. കാരണം കുടുംബങ്ങളില്‍ ദൈവം നമ്മോടൊത്തു വസിക്കുന്നു. ജീവിത പങ്കാളികളായി മറ്റാരുമില്ലാതെ, വെല്ലുവിളികളില്ലാതെ, ഒരു പാര്‍പ്പിടമില്ലാതെ.... ഏകാന്തതയിലേയ്ക്ക് നമ്മെ കൈവെടിയാന്‍ ദൈവം ആഗ്രഹിച്ചില്ല, അനുവദിച്ചില്ല.

സ്വപ്നത്തിലും സങ്കല്പങ്ങളിലും, ദൈവം നമ്മോടുകൂടെയാണ്. തങ്ങളുടെ കുടുംബങ്ങളെ കരുപ്പിടിപ്പിക്കാന്‍ കഠിനാദ്ധ്വാനംചെയ്യുന്ന ദമ്പതിമാരുടെ ജീവിതത്തിലാണ് ദൈവിക സങ്കല്പങ്ങളും സ്വപ്നങ്ങളും നിരന്തരമായി സാക്ഷാത്ക്കരിക്കപ്പെടുന്നത്. ദമ്പതികള്‍ അവരുടെ കുടുംബ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒരുമിച്ച് പരിശ്രമിക്കുമ്പോള്‍ ദൈവിക സ്വപ്നങ്ങല്‍ തന്നെയാണ് അവര്‍ സാക്ഷാത്ക്കരിക്കുന്നത്.

അതിനാല്‍ കുടുംബം പിതാവായ ദൈവത്തിന്‍റെ സ്നേഹപദ്ധതിയുടെ ജീവിക്കുന്ന പ്രതീകമാണ്. അങ്ങനെ ദൈവികപദ്ധതിയില്‍ ഒരു കുടുംബം രൂപീകരിക്കപ്പെടുമ്പോള്‍ ദൈവികസ്വപ്നം പൂവണിയിക്കുന്നു, അവിടുത്തോടൊപ്പം ജീവിതസ്വപ്നങ്ങള്‍, ജീവന്‍റെ സ്പനങ്ങള്‍ വിരിയുന്നു. അങ്ങനെ ഈ ഭൂമിയില്‍ മനുഷ്യന്‍ ഏകനാകരുത്, ഒറ്റപ്പെടരുത്, പരിത്യക്തനാവരുത്, പരദേശിയാവരുത്, ഭവന രഹിതനാകരുത് എന്ന ദൈവിക സ്വപ്നവും പദ്ധതിയും കുടുംബങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കപ്പെടുകയാണ്.! 

Source: Vatican Radio