News >> വിശ്വാസത്തിന്റെ കഥകളുമായി ‘സീസേഴ്‌സ് സോർഡ്’

Source: Sunday Shalom


ഒഡീഷ: എന്റെയും രണ്ടു മക്കളുടെയും മുമ്പിൽവച്ചാണ് അവർ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത്. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിൽ ചേരണമെന്നതായിരുന്നു അവരുടെ ആവശ്യം. മർദ്ദനമേറ്റ് സംസാരിക്കാൻ ബുദ്ധിമുട്ടുമ്പോഴും അദ്ദേഹം സമ്മതിച്ചില്ല. എങ്ങനെയൊക്കെ ഒരാളെ ഉപദ്രവിക്കാമോ അതുപോലെ എല്ലാം അവർ ചെയ്തു. ഞാനും കുട്ടികളും കരഞ്ഞുകാലുപിടിച്ച് ദയക്കുവേണ്ടി കേണപേക്ഷിച്ചെങ്കിലും അവർ വകവച്ചില്ല. അവസാനം അദ്ദേഹത്തിന്റെ കഴുത്തിൽ സൈക്കിൾ ചെയിൻ കെട്ടിയിട്ട് ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയി. മൃഗീയമായ രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു.

തന്റെയും മക്കളുടെയും കൺമുമ്പിൽ ഭർത്താവ് പിടിഞ്ഞുമരിച്ചതു കാണേണ്ടിവന്ന കാണ്ടമാലിലെ ഒരു സ്ത്രീയുടെ വാക്കുകളാണിത്. മുഖംപൊത്തി വിതുമ്പിക്കൊണ്ടാണ് കനക്ലാട്ട നായ്ക് എന്ന ആ വീട്ടമ്മ പറയുന്നതെങ്കിലും വിശ്വാസം ഉപേക്ഷിക്കാൻ തയാറാതിരുന്ന ഭർത്താവിനെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച്, അതിൽ അഭിമാനിക്കുകയും വേദനയുടെ നടുവിലും വിശ്വാസത്തിന്റെ സാക്ഷിയായി മാറുകയും ചെയ്യുന്നു. തന്റെ മക്കളുടെയും ഭാവി ചോദ്യചിഹ്നംപോലെ മുമ്പിലുണ്ടെങ്കിലും വഴിനടത്തുന്ന ദൈവത്തിലുള്ള വിശ്വാസം ആ വാക്കുകളിൽ നിറഞ്ഞുനില്ക്കുന്നു. അണ്ടർ സീസേഴ്‌സ് സോർഡ് എന്ന ഡോക്യുമെന്ററിയിലെ ഒരു ഭാഗമാണിത്.
ക്രിസ്തുവിനെ തള്ളിപ്പറയാൻ തയാറാത്തതിന്റെ പേരിൽ എട്ട് വർഷങ്ങൾക്കുമുമ്പ് കടുത്ത പീഡനങ്ങൾ നടന്ന കാണ്ടമാലും മതപീഡനങ്ങൾ നേരിടുന്ന തുർക്കിയിലെ ഭീതിജനകമായ സാഹചര്യങ്ങളുമാണ് ഡോക്യുമെന്ററി വിവരിക്കുന്നത്. വാഷിംഗ്ടണിലെ ജോർജ്ടൺ സർവകലാശാലയിലെ റിലീജിയസ് ഫ്രീഡം പ്രൊജക്ടും ഇന്ത്യാനയിലെ നോട്ടർ ഡാം സർവകലാശാലയിലെ സെന്റർ ഫോർ എത്തിക്‌സ് ആന്റ് കൾച്ചർ വിഭാഗവും ചേർന്നാണ് ഡോക്യുമെന്ററിയുടെ നിർമിച്ചിരിക്കുന്നത്. ഓസ്‌കർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സംവിധായകൻ ജെയ്‌സൺ കോൻ ആണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. വ്യത്യസ്തമായ പ്രമേയങ്ങളും അവതരണരീതികളുംകൊണ്ട് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞ സംവിധായകനാണ് ജെയ്‌സൺ കോൻ. സിനിമ/ഡോക്യുമെന്ററി മേഖലകളിൽ ഇദ്ദേഹം 20 വർഷമായി വളരെ സജീവമായി പ്രവർത്തിക്കുന്നു.
പീഡനങ്ങളിലൂടെ കടന്നുപോകുന്നവർ ഇരകളല്ല. അവർ വിശ്വാസത്തിന്റെ സാക്ഷികളാണ്. അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഇതിലൂടെ. ഡോക്യുമെന്ററിയുടെ കോ-ഓർഡിനേറ്ററും നോട്ടർ ഡാം സർവകലാശാലയിലെ പൊളിറ്റിക്കൽ വിഭാഗം പ്രഫസറുമായ ഡാനിയേൽ ഫിൽപോട്ട് പറയുന്നു. പീഡനങ്ങൾ നേരിടേണ്ടവന്ന കുടുംബങ്ങൾ, അഭയാർത്ഥിക്യാമ്പുകളിൽ കഴിയുന്നവർ, മതസ്വാതന്ത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ഈ മേഖലയിൽ ഗവേഷണം നടത്തുന്നവർ തുടങ്ങിയവർ ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മതമർദ്ദകർ തെരഞ്ഞെടുത്ത വഴികളും സഹനങ്ങളെ അതിജീവിച്ച അനുഭവങ്ങളും അവർ പങ്കുവയ്ക്കുന്നു. പീഡനങ്ങൾ നേരിട്ടവരുടെ വർത്തമാനകാല പ്രശ്‌നങ്ങൾ ലോകത്തിന്റെ മുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യവും ഡോക്യുമെന്ററിയുടെ പിന്നിലുണ്ട്. പീഡനങ്ങൾക്ക് വിധേയരാവയരുടെ വേദനകളും പ്രതികരണങ്ങളും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുമാണ് ഞങ്ങൾ ചർച്ചചെയ്യുന്നത്. ജോർജ്ടൺ സർവകലാശാലയിലെ റിലീജിയസ് ഫ്രീഡം പ്രൊജക്ട് അസോസിയേറ്റ് ഡയറക്ടർ തിമോത്തി ഷാ പറയുന്നു.
കാണ്ടമാലിലെ വിശ്വാസികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളും അതിജീവനത്തിനാനുള്ള അവരുടെ സഹനങ്ങളും ഡോക്യുമെന്ററിയിൽ ഹൃദയസ്പർശിയായ രീതിയിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വിശ്വാസത്തെ തള്ളിപ്പറയാത്തതിന്റെ പേരിൽ പ്രിയപ്പെട്ടവരും ജനിച്ച വീടും നാടും ഉപേക്ഷിച്ച് ഓടിപ്പോരേണ്ടിവന്നവരുമൊക്കെ ഈ ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സഹനങ്ങളുടെ നടുവിലും വിശ്വാസത്തിൽ അഭിമാനിക്കുന്നവരാണ് അവരെല്ലാം.