News >> ഇറാക്കിലെ സഭകളുടെ കൗൺസിൽ രൂപീകരിക്കണം
Source: Sunday Shalom
ബാഗ്ദാദ്: ഇറാക്ക് ഗവൺമെന്റിനോടും പ്രാദേശിക ഭരണകൂടങ്ങളോടും മറ്റ് രാഷ്ട്രീയ കക്ഷികളോടും ക്രൈസ്തവരെ പ്രതിനിധാനം ചെയ്തു സംസാരിക്കുവാൻ ഇറാക്കിലെ എല്ലാ സഭകളുടെയും കൂട്ടായ്മ രൂപീകരിക്കണമെന്ന് ബാബിലോണിലെ കൽദായ പാത്രിയാർക്കേറ്റ്. എല്ലാ കത്തോലിക്ക സഭകളും ഓർത്തഡോക്‌സ് സഭയും പൗരസ്ത്യ പൂർവ്വ- കാൽസിഡോണിയൻ സഭകളും ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് സഭകളും ചേർന്നുള്ള കൂട്ടായ്മയാണ് ബാബിലോൺ പാത്രിയാർക്കേറ്റ് വിഭാവനം ചെയ്യുന്നത്.
ഇസ്ലാമിക്ക് സ്റ്റേറ്റിന്റെയും മറ്റ് തീവ്രവിഭാഗങ്ങളുടെയും പ്രവർത്തനഫലമായും വിഭാഗീയ പ്രവർത്തനങ്ങളുടെ ഫലമായും രൂപപ്പെട്ട പ്രത്യേക സാഹചര്യത്തെ ക്രൈസ്തവവിശ്വാസികൾ ഒറ്റക്കെട്ടായി നേരിടാനുള്ള വേദിയൊരുക്കുകയാണ് പുതിയ കൗൺസിലിന്റെ ലക്ഷ്യമെന്ന് പാത്രിയാർക്കേറ്റ് വിശദീകരിച്ചു. 2017 ഇറാക്ക് സഭ സമാധാനത്തിന്റെ വർഷമായി ആചരിക്കണമെന്ന് കൽദായ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോ പ്രഥമൻ ഒക്‌ടോബറിൽ ആഹ്വാനം ചെയ്തിരുന്നു. യോജിച്ചുള്ള സഭാപ്രവർത്തനങ്ങളിലൂടെയും സാംസ്‌കാരിക കൂട്ടായ്മയിലൂടെയും എക്യുമെനിക്കൽ കൂട്ടായ്മകളിലൂടെയും ഇറാക്ക് ജനതയുടെയിടിൽ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സംസ്‌കാരം പരിപോഷിപ്പിക്കാൻ സാധിക്കണമെന്ന് പാത്രിയാർക്കീസ് സാക്കോ പറഞ്ഞു.