News >> സഭകൾ ഐക്യത്തിലാകാനുള്ള വഴികളുമായി മാർപാപ്പ

Source: Sunday Shalom


വത്തിക്കാൻ സിറ്റി: സഭൈക്യം എന്നാൽ ഒരു മതത്തിലുള്ള മറ്റൊരു മതത്തിന്റെ ലയനമല്ലെന്ന് മാർപാപ്പ. ക്രിസ്തുവിലുള്ള കൂട്ടായ്മയാണ് സഭൈക്യം കൊണ്ട് വിവക്ഷിക്കുന്നതെന്ന് ക്രൈസ്തവസഭകളുടെ കൂട്ടായ്മക്കായി പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ കൗൺസിലിന്റെ പ്ലീനറി അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ പങ്കുവച്ചു.

എല്ലാ വിഭാഗങ്ങളും ഒരേ തരത്തിലുള്ളതാകുന്നതും സഭൈക്യമല്ലെന്ന് പാപ്പ വിശദീകരിച്ചു. തങ്ങളിൽനിന്നും തങ്ങളുടെ വാദഗതികളിൽനിന്നും ദൈവവചനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമ്പോഴാണ് യഥാർത്ഥ എക്യുമെനിസം സാധ്യമാകുന്നത്. കേൾക്കപ്പെടാനും അംഗീകരിക്കപ്പെടാനും സാക്ഷ്യമായിത്തീരാനും ദൈവവചനം ആവശ്യപ്പെടുന്നു. പരസ്പരം മത്സരിക്കാതെ സഹകരിക്കാനാണ് വിവിധ ക്രൈസ്തവ സമൂഹങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്; കൗൺസിൽ അംഗങ്ങളോട് പാപ്പ വിശദീകരിച്ചു.

തെറ്റായ കൂട്ടായ്മയുടെ മൂന്ന് ഉദാഹരണങ്ങൾ പാപ്പ തന്റെ പ്രസംഗത്തിൽ പങ്കുവച്ചു. മനുഷ്യന്റെ പ്രവർത്തനഫലമായാണ് ഐക്യം സാധ്യമാകുന്നത് എന്ന വിശ്വാസമാണ് ആദ്യത്തേത്. വാസ്തവത്തിൽ ഐക്യം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ ഫലമാണ്. പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിച്ച് അത് മറ്റ് മനുഷ്യരുടെ മുമ്പിൽ വെളിവാക്കുക എന്ന ഉത്തരവാദിത്വമാണ് മനുഷ്യനുള്ളത്. പൂർണമായ ഐക്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് തോന്നുമ്പോഴും ഐക്യത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. ദൈവത്തിന്റെ കരുണയും സ്‌നേഹവും ആവശ്യമുള്ള പാപികളാണെല്ലാവരും എന്ന സത്യം മുൻവിധി കൂടാതെ അംഗീകരിക്കണം. സഹോദരരെപ്പോലെ ഒരുമിച്ച് ചേരുകയും പ്രാർത്ഥിക്കുകയും സുവിശേഷംപ്രഘോഷിക്കുകയും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുകയും ചെയ്യുമ്പോൾ തന്നെ ഐക്യം സാധ്യമായിക്കഴിഞ്ഞു. ഈ പാതയിലൂടെ മാത്രമേ ദൈവശാസ്ത്രപരവും സഭാപരവുമായ വ്യത്യാസങ്ങൾ പരിശുദ്ധാത്മാവിലൂടെ അതിജീവിക്കാനാകൂ.

ഐക്യപ്പെടുക എന്നാൽ ഏകരൂപമായിത്തീരുക എന്നതല്ലെന്ന് പാപ്പ തുടർന്നു. ദൈവശാസ്ത്രപരവും ആരാധനാപരവും ആദ്ധ്യാത്മികവും കാനോനികവുമായ വ്യത്യാസങ്ങൾ വിവിധ അപ്പസ്‌തോലിക പാരമ്പര്യങ്ങളിൽ ഊന്നിയുള്ളവയാണ്. അവ സഭൈക്യത്തിന് ഭീഷണിയല്ലെന്ന് മാത്രമല്ല, മുതൽക്കൂട്ടാണ് താനും. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുമ്പോൾ വൈവിധ്യവും വ്യത്യാസങ്ങളും സഭയെ സമ്പന്നമാക്കുന്നതായി മനസിലാക്കാൻ സാധിക്കും.

മൂന്നാമതായി ഒന്ന് മറ്റൊന്നിൽ ലയിക്കുന്നതല്ല ഐക്യം. കർത്താവായ ദൈവമെന്ന ഏക കേന്ദ്രത്തിന് ചുറ്റും ഒന്നാകുന്നതാണ് ഐക്യം. സുവിശേഷം ഒരേപോലെ മനസിലാക്കിയത്‌കൊണ്ട് മാത്രം ഇത് സാധ്യമാകില്ല. എല്ലാ വിശ്വാസികളും ക്രിസ്തുവിനോടും ക്രിസ്തുവിലും ഒന്നിച്ചെങ്കിൽ മാത്രമാണ് ഇത് സാധ്യമാകുന്നത്. അപ്പോൾ ഏക കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന സഹോദരീസഹോദരരായി ക്രിസ്ത്യാനികൾക്ക് അന്യോന്യം മനസിലാക്കാൻ സാധിക്കും. വ്യക്തിതലത്തിലും സമൂഹമായും വരുത്തുന്ന മാനസാന്തരത്തിലൂടെ മാത്രമേ ക്രിസ്തുവുമായുള്ള കൂട്ടായ്മയിൽ നമുക്ക് വളരാൻ സാധിക്കുകയുള്ളൂ.

ഐക്യം ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാന ആവശ്യമാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ഇത് ഒഴിച്ചുകൂടാനാവാത്തതാണ്. ക്രിസ്തുവിന്റെ നാമം വിളിക്കുന്നു എന്നുള്ളതിനാൽ തന്നെ ഐക്യത്തിനായും നാം ആഹ്വാനം ചെയ്യുന്നു; പാപ്പ വിശദീകരിച്ചു.