News >> മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ സന്യാസിനിമാർക്ക് പാപ്പായുടെ പ്രശംസ

Source: Sunday Shalom


വത്തിക്കാൻ സിറ്റി: മനുഷ്യാന്തസ്സിന് ക്ഷതമേറ്റവർക്ക് നിശബദ്മായി സന്യാസഭവനങ്ങൾ ചെയ്യുന്ന ശുശ്രൂഷ വിലമതിക്കാനാവാത്തതാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യക്കടത്തിനും ചൂഷണത്തിനുമെതിരായി യൂറോപ്പിൽ പ്രവർത്തിക്കുന്ന റിനേറ്റ് എന്ന കൂട്ടായ്മയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. വൈദികരും സന്യസ്തരും ്അൽമായരുമടങ്ങുന്ന റിനേറ്റിലെ അംഗങ്ങൾ മനശാസ്ത്രം, കൗൺസിലിംഗ്,നിയമപരിപാലനം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളവരാണ്.

സൗഖ്യത്തിലേക്കും പുനരധിവാസത്തിലേക്കും സ്ത്രീകളെയും കുട്ടികളെയും നയിക്കുന്ന സന്യാസഭവനങ്ങളിലെ സിസ്റ്റർമാരുടെ സേവനത്തെ പാപ്പ പ്രകീർത്തിച്ചു. ഈ മേഖലയിൽ പൊതുജനത്തിന്റെ ഇടയിൽ അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇനിയും ഏറെ പ്രവർത്തിക്കേണ്ടതുണ്ട്. ഗവൺമെന്റുകളുടെയും, നീതിപീഠത്തിന്റെയും നിയമപാലകരുടെയും സാമൂഹ്യപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനമാണ് ഇതിനാവശ്യം. നല്ല സമറായനെപ്പോലെ സമൂഹത്തിന്റെ മുറിവുകളിലേക്ക് കരുണയുടെ ലേപനം പുരട്ടാനുള്ള വിളിയാണ് നമുക്കെല്ലാവർക്കുമുള്ളത്. ആധുനിക ലോകത്തിന്റെ അടിമത്തമായ മനുഷ്യക്കടത്താണ് ഇത്തരത്തിലുള്ള വലിയ ഒരു മുറിവ്. നിരവധി സഹോദരങ്ങളുടെ അന്തസ്സിനെ ഹനിക്കുന്ന ഈ തിന്മ മനുഷ്യകുലത്തിന് എതിരായ കുറ്റകൃതമാണ്. മനുഷ്യക്കടത്തിന് ഇരയായവരെ വീണ്ടെടുക്കാനും പുനരധിവസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിലൂടെ കരുണയുടെ സുവിശേഷത്തിന്റെ വിശ്വസ്തരായ സാക്ഷികളായി നിങ്ങൾ മാറുന്നു. സാമ്പത്തിക താൽപ്പര്യങ്ങളും ക്രിമിനൽ ശൃംഗലകളും ഉയർത്തുന്ന വെല്ലുവിളികളുടെ ഫലമായി നിരവധിയാളുകൾ നിസംഗതയോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ഇതിനെതിരായി അനുഭവസമ്പത്തും അറിവും വൈദഗ്ധ്യവും ഉപയോഗിച്ചുകൊണ്ട് സമൂഹത്തിന്റെ അതിർത്തികൾ വരെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ നിങ്ങൾക്ക് സാധിക്കും; പാപ്പ ഉദ്‌ബോധിപ്പിച്ചു.

മനുഷ്യക്കടത്തിന്റെ അവസാനം ഞങ്ങളിൽനിന്ന് ആരംഭിക്കുന്നു എന്ന് പേരിൽ നടക്കുന്ന കൂട്ടായ്മയുടെ രണ്ടാമത് അസംബ്ലിയിലാണ് മാർപാപ്പ അംഗങ്ങളോട് സംസ്ാരിച്ചത്. ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക എന്നത് മിഷനായി സ്വീകരിച്ചിരിക്കുന്ന റെനേറ്റ് കൂട്ടായ്മയുടെ രണ്ടാമത് അസംബ്ലിയിൽ നിരവധി വിദഗ്ധർ പങ്കെടുത്തു.