News >> മുസ്ലീം രാജ്യത്തിന് ക്രിസ്ത്യൻ പ്രഥമ വനിത

Source: Sunday Shalom


കാബൂൾ, അഫ്ഗാനിസ്ഥാൻ: യാഥാസ്ഥിതിക മുസ്ലീം രാജ്യമായ അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റ് അഷ്‌റഫ് ഗാനി പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം നടത്തിയ പ്രസംഗം അസാധാരണത്തം നിറഞ്ഞതായിരുന്നു. തന്റെ ഭാര്യയായ റൂലാ ഗാനിയുടെ പിന്തുണയ്ക്ക് നന്ദിയും പ്രവർത്തനങ്ങൾക്ക് അഭിനന്ദനവും അറിയിച്ചുകൊണ്ടുള്ള ആ പ്രസംഗം സമകാലിക അഫ്ഗാൻ ചരിത്രത്തിന്റെ ഭാഗമാണ്. ഗാനിക്കു മുമ്പ് പ്രസിഡന്റായിരുന്ന ഹമിദ് കർസായി താൻ പ്രസിഡന്റായിരുന്ന പത്ത് വർഷത്തിനിടയിൽ ഒരിക്കൽ പോലും ഭാര്യയോടൊത്ത് പൊതുവേദി പങ്കിട്ടിട്ടില്ല എന്നറിയുമ്പോഴാണ് ഭാര്യക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചുകൊണ്ടുള്ള ആ പ്രസംഗത്തിന്റെ അസാധാരണത്തം കൂടുതൽ വെളിവാകുന്നത്. 99.7 ശതമാനമാളുകളും ഇസ്ലാം മതവിശ്വാസം പുലർത്തുന്ന അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റ് അഷ്‌റഫ് ഗാനി പ്രശംസിച്ച ആ പ്രഥമ വനിത ഒരു ക്രൈസ്തവവിശ്വാസിയാണെന്നുള്ളത് സംഭവത്തെ കൂടുതൽ ആശ്ചര്യജനകമാക്കുന്നു.

1948ൽ ലബനോനിലെ ഒരു മാറോനൈറ്റ് ക്രൈസ്തവ കുടുംബത്തിലാണ് റൂലാ ഗാനിയുടെ ജനനം. പാരീസിലും ബെയ്‌റൂട്ടിലും വിദ്യാഭ്യാസം നടത്തിയ റൂലാ 1975ൽ അഷ്‌റഫ് ഗാനിയെ വിവാഹം ചെയ്തു. താലിബാന്റെയും റഷ്യയുടെയും ഭരണകാലത്ത് അഫ്ഗാനിസ്ഥാനിൽ നിന്ന് മാറി നിന്ന ദമ്പതികൾ അമേരിക്കൻ സഖ്യകക്ഷികൾ താലിബാനെ പരാജയപ്പെടുത്തിയതോടെയാണ് കാബൂളിൽ തിരിച്ചെത്തിയത്. 2002ൽ അഷ്‌റഫ് ഗാനി അഫ്ഗാനിസ്ഥാന്റെ ധനകാര്യമന്ത്രിയായി നിയമിതനായി. 2014ൽ അഫ്ഗാൻ പ്രസിഡന്റും. ഈ സമയമൊക്കെയും റൂലാ ഗാനിയുടെ ക്രൈസ്തവവിശ്വാസവും വിദേശപൗരത്വവും എതിരാളികൾ ആയുധമാക്കി പ്രചരണം നടത്തി. തന്റെ ഒരോ ചലനവും സൂക്ഷമവിശകലത്തിന് വിധേയമാക്കപ്പെടുമ്പോഴും കാലങ്ങളായി നടത്തി വന്ന അഭയാർത്ഥികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ റൂലാ ഗാനി സജീവമാണ്.

ദശകങ്ങൾ നീണ്ട യുദ്ധമാണ് അഫ്ഗാനിസ്ഥാനിൽ നിരവധി കുടുംബങ്ങളെ ആഭ്യന്തര അഭയാർത്ഥികളാക്കി മാറ്റിയത്. തെരുവുകളിൽ ജോലി ചെയ്തിരുന്ന കുട്ടികളെ സഹായിക്കുന്ന അസ്‌കിയാനാ എന്ന എൻജിഒയിൽ പ്രവർത്തിച്ചുള്ള പരിചയം പ്രഥമവനിതയായപ്പോൾ റൂലായുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നു. വെറും നിലത്ത് കിടന്നുറങ്ങിയിരുന്ന ഒരു അഭയാർത്ഥി സ്ത്രീയും കുഞ്ഞും മഴ ചാറിക്കൊണ്ടിരുന്ന ഒരു ശൈത്യകാലപ്രഭാതത്തിൽ തണുപ്പുതാങ്ങാനാവാതെ മരിച്ചു കിടന്ന കാഴ്ച പ്രതികൂലങ്ങളിലും അഭായാർത്ഥികൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരാൻ റൂലായെ പ്രേരിപ്പിച്ചു.

2015ൽ ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തെ സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയിൽ റൂലാ ഗിലാനിയും ഇടംപിടിച്ചു. അഫ്‌സാനിസ്താനിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് റൂലായെ അർഹയാക്കിയത്. തന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങൾ ദൈവികപദ്ധതിയുടെ ഭാഗമാണെന്ന് ഏറ്റുപറഞ്ഞ് സകല നേട്ടങ്ങളുടെ മഹത്വം ദൈവത്തിന് നൽകാനാണ് റൂലാ ശ്രദ്ധിക്കുന്നത്. ദൈവമാണ് ഒരു ക്രിസ്ത്യൻ കുടുംബത്തിൽ എനിക്ക് ജന്മം നൽകിയത്. ഒരു അഫ്ഗാൻ കുടുംബത്തിലേക്ക് ഞാൻ വിവാഹിതയായതും ദൈവത്തിന്റെ പ്രവർത്തനമാണ്. ദൈവമാണ് എല്ലാ കാര്യങ്ങളിലും എന്നെ നയിക്കുന്നത്