News >> ധ്യാനകേന്ദ്രങ്ങൾ: ജീവിതം തിരിച്ച് നല്കിയ ആത്മീയ തുരുത്തുകളാണെന്ന് മാർ റാഫേൽ
Source: Sunday Shalom
കൊച്ചി: തിരക്ക് പിടിച്ച മനുഷ്യജീവിതത്തിൽ അനേകർക്ക് ജീവിത്തിന്റെ മധുരവും ലഹരിയും തിരിച്ചുനല്കിയ ആത്മീയകേന്ദ്രങ്ങളാണ് കേരളത്തിലെ കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളെന്ന് കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ അറിയിച്ചു. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണമുന്നേറ്റത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന ധ്യാനകേന്ദ്ര ഡയറക്ടർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യപിതാവ്. കേരളസഭയിൽ കരിസ്മാറ്റിക് നവീകരണത്തെ വ്യാപകമാക്കിയത് ധ്യാനകേന്ദ്രങ്ങളായിരുന്നുവെന്
ന് പിതാവ് ഓർമ്മിപ്പിച്ചു. ധാരാളം പ്രതിസന്ധികൾക്കിടയിൽ ജീവിക്കുന്ന കേരളസഭയെ വിശുദ്ധഗ്രന്ഥത്തിൽ കാണുന്നതുപോലെ ഗുണമേന്മയുള്ളതും രുചികരമാക്കി തീർക്കുന്നതിലും ഏറെ പങ്കു വഹിച്ചത് കത്തോലിക്കാ കരിസ്മാറ്റിക് നവീകരണമാണ്.
സഭയിലെ കൗദാശിക ജീവിതം, വിശുദ്ധഗ്രന്ഥജീവിതം, ആരാധനയിലുള്ള സജീവപങ്കാളിത്തം എന്നിവയെ അർത്ഥവത്താക്കുന്നതിലും ദൈവവിളിയെ വർധിപ്പിക്കുന്നതിലും കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം ചെയ്ത ശുശ്രൂഷകളോട് കത്തോലിക്കാസഭയ്ക്ക് ഏറെ കടപ്പാടും നന്ദിയുമുണ്ടെന്ന് അഭിവന്ദ്യപിതാവ് പറഞ്ഞു. ധ്യാനകേന്ദ്രങ്ങളില്ലാത്ത ഒരു കേരള സഭയെക്കുറിച്ച് ഇനി ചിന്തിക്കാനാകില്ലെന്നും ധ്യാനകേന്ദ്രങ്ങളിലെ നിർലോഭരായ ശുശ്രൂഷകളില്ലെങ്കിൽ കേരളസഭ മരുഭൂമിയാകുമെന്നും പിതാവ് പറഞ്ഞു.
സഭയിലെ പൗരോഹിത്യ ശുശ്രൂഷകൾക്കൊപ്പം പരിശുദ്ധാത്മാവിന്റെ ഒഴുക്ക് സഭയിലേക്ക് കടന്ന് വരാൻ കരിസ്മാറ്റിക് ശുശ്രൂഷകൾ വഴിയൊരുക്കിയെന്ന് സമ്മേളനത്തിന് അധ്യക്ഷം വഹിച്ചുകൊണ്ട് സംസാരിച്ച പിഒസി ഡയറക്ടർ റവ. ഫാ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു. അമ്പതിലധികം ധ്യാനകേന്ദ്രങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന് കെഎസ്ടി ചെയർമാൻ ഫാ. വർഗീസ് മുണ്ട്‌യ്ക്കൽ സ്വാഗതം പറഞ്ഞു. ജൂബിലി പദ്ധതികളെക്കുറിച്ച് വൈസ് ചെയർമാൻ ഷാജി വൈക്കത്തുപറമ്പിൽ സംസാരിച്ചു. ഫാ. അലോഷ്യസ് കുളങ്ങര പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി. കെഎസ്ടി സെക്രട്ടറി സെബാസ്റ്റ്യൻ താന്നിക്കൽ, ഫാ. ഷിബുസേവ്യർ മറ്റു കെഎസ്ടി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.