News >> ആഗോളസഭയിലെ നിയുക്ത കര്‍ദ്ദിനാളന്മാരുടെ സ്ഥാനോരോഹണം ശനിയാഴ്ച


Source: Vatican Radio

നവംബര്‍ 19-ാം തിയതി ശനിയാഴ്ച രാവിലെ 11 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സംഗമിക്കുന്ന കര്‍ദ്ദിനാളന്മാരുടെ സാധാരണ കണ്‍സിസ്ട്രിയില്‍വച്ചാണ് (Consistory) ആഗോളസഭയിലെ 17 നിയുക്തകര്‍ദ്ദിനാളന്മാരെ പാപ്പാ ഫ്രാന്‍സിസ് വാഴിക്കുന്നത്.

ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്ഥാനികതൊപ്പിയും (Bireta), മോതിരവും (Ring) വ്യക്തിപരമായി പാപ്പാ ഫ്രാന്‍സിസ് അണിയിച്ചുകൊണ്ടാണ് സ്ഥാനാരോഹണ കര്‍മ്മം മറ്റു പ്രാര്‍ത്ഥനാശുശ്രൂഷയോടെ നടക്കുന്നത്. തുടര്‍ന്ന് അവരുടെ സ്ഥാനിക ഭദ്രാസനദേവാലയങ്ങളും പാപ്പാ പ്രഖ്യാപിക്കുമെന്ന്, ആരാധനക്രമ കാര്യാലയത്തിന്‍റെ പ്രസ്താവന അറിയിച്ചു.

ഇന്ത്യയ്ക്ക് ഇക്കുറി  നവകര്‍ദ്ദിനാളന്മാര്‍ ഇല്ലമെങ്കിലും, സമീപരാജ്യമായ ബാംഗളാദേശിലെ ഡാക്കാ അതിരൂപതാദ്ധ്യക്ഷനും ചിറ്റഗോംഗ് സ്വദേശിയുമായ 73 വയസ്സുകാരന്‍ ആര്‍ച്ചുബിഷപ്പ് പാട്രിക് റൊസേരിയോ നവകര്‍ദ്ദിനാളന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം വിശുദ്ധ കുരിശിന്‍റെ സന്ന്യാസ സഭാംഗമാണ് (Congregation of the Holy Cross).

മലേഷ്യയിലെ കോലാലമ്പൂര്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, വിശ്രമജീവിതം നയിക്കുന്ന ആര്‍ച്ചുബിഷപ്പ് ആന്‍റെണി സോത്തെര്‍ ഫെര്‍ണാണ്ടസ് (84 വയസ്സ്) ഇത്തവണ ഏഷ്യില്‍നിന്നുമുള്ള രണ്ടാമത്തെ നവകര്‍ദ്ദിനാളാണ്. ധീരമായ പ്രേഷിതശുശ്രൂഷയെ മാനിച്ചുകൊണ്ടാണ് അജപാലനശുശ്രൂഷയില്‍നിന്നും വിരമിച്ച അദ്ദേഹത്തെ പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.

...................

സഭയുടെ ആഗോളസ്വഭാവവും സാര്‍വത്രികതയും പ്രകടമാക്കത്തക്കവിധം കര്‍ദ്ദിനാളന്മാരെ ലോകത്തിന്‍റെ നാനാ അതിര്‍ത്തികളില്‍നിന്നുമാണ് പാപ്പാ ഫ്രാന്‍സിസ് തേടിപ്പിടിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. അഞ്ചു ഭൂഖണ്ഡങ്ങളെയും സംബന്ധിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പുകള്‍.  17 നിയുക്ത കര്‍ദ്ദിനാളന്മാര്‍ 11 വിവിധ രാജ്യക്കാരാണ്. ഒക്ടോബര്‍ 9-ാം തിയതി ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് പുതിയ കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ വെളിപ്പെടുത്തിയത്.

പേരുവിവരം ചുവടെ ചേര്‍ക്കുന്നു:

1. ആര്‍ച്ചുബിഷപ്പ് പാട്രിക് റൊസേരിയോ. ബാംഗ്ലാദേശിലെ ഡാക്കാ അതിരൂപതാദ്ധ്യക്ഷനും ചിറ്റഗോംഗ് സ്വദേശിയുമാണ്. 73 വയസ്സ്. വിശുദ്ധ കുരിശിന്‍റെ സന്ന്യാസ സഭാംഗം (Congregation of the Holy Cross).

2. ആര്‍ച്ചുബിഷപ്പ് മാരിയൊ സെനാറി, സിറിയയിലെ  അപ്പസ്തോലിക സ്ഥാനപതി. ഇറ്റലിയിലെ വെറോണാ സ്വദേശിയാണ്. 70 വയസ്സ്.

3. ആര്‍ച്ചുബിഷപ്പ് ഡ്യൂദോനെ ഇന്‍സ്യൂപലയിങ്ക, മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബാംഗ്വി അതിരൂപതാദ്ധ്യക്ഷനാണ്. അവിടെ ബോമൂ സ്വദേശിയാണ്. 49 വയസ്സ്. പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള സന്ന്യാസ സഭാംഗമാണ് (Congregaion of the Holy Spirit).

4. ആര്‍ച്ചുബിഷപ്പ് കാര്‍ലൊ ഓസരോ സിയരാ, സ്പെയിനിലെ മാഡ്രിഡ് അതിരൂപത മെത്രാപ്പോലീത്തയാണ്. കസ്താഞ്ഞേതാ സ്വദേശി. 71 വയസ്സ്.

5. ആര്‍ച്ചുബിഷപ്പ് സേര്‍ജോ ഡി'റോഷ് ബ്രസീലിലെ ബ്രസീലിയഅതിരൂപതാദ്ധ്യക്ഷന്‍. അവിടെ ദൊബ്രാദാ സ്വദേശിയാണ്. 57 വയസ്സ്.

6. ആര്‍ച്ചുബിഷപ്പ് ബ്ലെയിസ് സൂപിച്, അമേരിക്കയില്‍ ഷിക്കാഗൊ മെത്രാപ്പോലീത്ത.

ഒമാഹാ സ്വദേശി. 67 വയസ്സ്.

7. ആര്‍ച്ചുബിഷപ്പ് ബാള്‍ത്തസാര്‍ ഹെന്‍റി പോറസ് കര്‍ദോസ്, ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ മേരിദയുടെ മെത്രാപ്പോലീത്ത, കാരകസ് സ്വദേശി, 49 വയസ്സ്.

8. ആര്‍ച്ചുബിഷപ്പ് ജോസഫ് കേസല്‍, ബെല്‍ജിയത്ത് മാലിന്‍സ്-ബ്രസ്സല്‍സ് അതിരൂപതയുടെ മെത്രാപ്പോലീത്ത, ഗെന്‍റ് സ്വദേശിയാണ്. 69 വയസ്സുണ്ട്.

9. ആര്‍ച്ചുബിഷപ്പ് മാവുരൂസ് പ്യാത്ത്, മൗരീഷ്യസ് ദ്വീപിലെ പോര്‍ട് ലൂയി അതിരൂപതാദ്ധ്യക്ഷന്‍, മോകാ സ്വദേശി, 75 വയസ്സ്.

10. ബിഷപ്പ് കെവിന്‍ ജോസഫ് ഫാരല്‍, ഇപ്പോള്‍ അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയുടെ ശുശ്രൂഷയ്ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവനാണ് (Prefect of the Ddycastery for Laity, Family and Life). അയര്‍ലണ്ടു സ്വദേശി. അമേരിക്കയിലെ ഡാലസ് രൂപതുയുടെ മുന്‍മെത്രാന്‍. 69 വയസ്സ്.  

11. ആര്‍ച്ചുബിഷപ്പ് കാര്‍ലോ അഗിയാര്‍ റേതെസ്, മെക്സിക്കൊയിലെ താല്‍നെപന്തള അതിരൂപതയുടെ മെത്രാപ്പോലീത്ത. മെക്സിക്കോയിലെ തേപിക് സ്വദേശി. 66 വയസ്സ്.

12.. ആര്‍ച്ചുബിഷപ്പ് ജോണ്‍ റിബാ, പാപുവാ ന്യൂ ഗ്വീനിയയിലെ പോര്‍ട്ട് മോറെസ്ബി അതിരൂപതാദ്ധ്യക്ഷന്‍. ഈശോയുടെ തിരുഹൃദയ സഭയിലെ സന്ന്യാസി (Congregation of the Sacred Heart of Jesus). അവിടെ വൊളാവ്ളോ സ്വദേശി. 57 വയസ്സ്.  

13. ആര്‍ച്ചുബിഷപ്പ് ജോസഫ് വില്യം റ്റോബിന്‍, അമേരിക്കയിലെ ഇന്ത്യാനാപോളിസ് അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത. ഡിട്രോയിറ്റ് സ്വദേശി. ദിവ്യരക്ഷക സഭാംഗം.  74 വയസ്സ്.

സഭയില്‍ ധീരമായ അജപാലന ശുശ്രൂഷചെയ്തിട്ടുള്ളവരും ചെയ്തുകൊണ്ടിരിക്കുന്നവരുമായ നാലു പേരെക്കൂടി കര്‍ദ്ദിനാള്‍ സംഘത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഉള്‍ച്ചേര്‍ത്തു.  ഒരാള്‍ വൈദികനും,  മറ്റു മൂന്നുപേര്‍ വിശ്രമജീവിതം നയിക്കുന്ന മെത്രാന്മാരുമാണ്:

14. ആര്‍ച്ചുബിഷപ്പ് ആന്‍റെണി സോത്തെര്‍ ഫെര്‍ണാണ്ടസ്, മലേഷ്യയിലെ കോലാലമ്പൂര്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, അവിടെ പെനാംഗ് സ്വദേശിയാണ്. 84 വയസ്സ്. വിശ്രമജീവിതം നയിക്കുന്നു.

15. ആര്‍ച്ചുബിഷപ്പ് റെനാതോ കോര്‍ത്തി ഇറ്റലിയിലെ നൊവാറാ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, മിലാന്‍ സ്വദേശിയാണ്. 80 വയസ്സുണ്ട്.

16. ബിഷപ്പ് സെബാസ്റ്റ്യന്‍ കോതോ കുറായ്, ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ലൊസോത്തൊയിലെ മോഹലെ ഹോക്ക് രൂപതയുടെ മുന്‍മെത്രാന്‍. അവിടെ കൊവാലിങ് സ്വദേശിയാണ്. സ്ഥാനമൊഴ്ഞ്ഞശേഷവും രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അമലോത്ഭവനാഥയുടെ സന്ന്യാസ സഭാംഗമാണ് (Oblates of Mary Immaculate). 60 വയസ്സ്. ലൊസോത്തൊയുടെ പ്രഥമ കര്‍ദ്ദിനാളാണ്.

17. ഫാദര്‍ ഏണസ്റ്റ് സിമോണി, അല്‍ബേനിയയിലെ സ്കോദ്രിപൂള്‍ അതിരൂപതാംഗവും ഫ്രാസിസ്ക്കന്‍ സന്ന്യാസിയുമാണ്. റൊഷാനിയില്‍ ജനിച്ചു. 88 വയസ്സ്. ക്രൈസ്തവ പീഡനകാലത്ത് രാജ്യദ്രോഹിയായി വിധിക്കപ്പെട്ടു. 18 വര്‍ഷക്കാലം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പീഡനഭരണകൂടം 1990-ല്‍ വീണതോടെ ഫാദര്‍ സിമോണ്‍ മോചിതനായി. തിരാനയിലെ‍ ഫ്രാന്‍സിസ്ക്കന്‍ ആശ്രമത്തില്‍ ജീവിക്കുന്നു.

.......................................

സഭയില്‍ ഇപ്പോള്‍ ആകെ 211 കര്‍ദ്ദിനാളന്മാരുണ്ട്. അതില്‍ 110പേര്‍ 80 വയസ്സിനു താഴെ സഭയുടെ ഔദ്യോഗിക കാര്യങ്ങളില്‍ വോട്ടവകാശമുള്ളവരാണ്. ബാക്കി 101-പേര്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്. പോളണ്ടിലെ ക്രാക്കോ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് മഹാര്‍സ്കിയാണ് ഒടുവില്‍ കാലംചെയ്ത കര്‍ദ്ദിനാള്‍ (2 ആഗസ്റ്റ് 2016). 

Photo : The first Cardinal of Bangladesh, Archbishop of Dhaka : Cardinal Patrick D'Rozario