News >> കുരിശ് :ക്രിസ്തുവിനെ തിരയേണ്ട സ്ഥലം
Source: Sunday Shalom
ലുസാകാ, സാംബിയ: അനുദിനജീവിതത്തിലെ ക്ലേശങ്ങളിലും കുടുംബത്തിലും ജോലിസ്ഥലത്തും വഹിക്കേണ്ടി വരുന്ന കുരിശുകളിലും ദൈവരാജ്യം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നരാണ് മിഷനറിമാരെന്ന് ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘം തലവൻ കർദിനാൾ ഫെർണാണ്ടോ ഫിലോനി. സാംബിയയിൽ നടത്തിയ അജപാലനസന്ദർശനത്തിനൊടുവിൽ അവിടെ ശുശ്രൂഷ ചെയ്യുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിസമൂഹത്തോടൊപ്പം ദിവ്യബലിയർപ്പിച്ചപ്പോഴാണ് കർദിനാൾ ഇക്കാര്യം പങ്കുവച്ചത്.
ഒരോ മനുഷ്യന്റെയും ഉള്ളിൽ ദൈവരാജ്യം ഉണ്ടെന്നുള്ള ക്രിസ്തുവിന്റെ വചനം കർദിനാൾ വിശദീകരിച്ചു. ഇന്ന് സഭയിൽ ജീവിക്കുന്നതും വചനത്തിൽ പറയപ്പെടുന്നതുമായ യേശുവിന്റെ രാജ്യത്തെക്കുറിച്ചും അവിടുത്തെ കുടുംബത്തെക്കുറിച്ചും പ്രഘോഷിക്കുക എന്നതാണ് മിഷനറിമാരെന്ന നിലയിൽ നമ്മുടെ ദൗത്യം. ഒരോ ദിവസത്തെയും ജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് ദൈവരാജ്യ അനുഭവത്തിൽ ജീവിക്കുവാനും നിശബ്ദമായി വളർത്തുവാനും സാധിക്കും. കുരിശ് എവിടെയുണ്ടോ അവിടെ ക്രിസ്തുവുണ്ട്. ക്രിസ്തു എവിടെയുണ്ടോ അവിടെ ദൈവരാജ്യം അതിന്റെ പൂർണതയിലുണ്ട്; കർദിനാൾ വ്യക്തമാക്കി.
ഏറ്റവും ദരിദ്രരായവരിൽ ക്രിസ്തുവിനെ കാണുവാനും അവനെ സ്‌നേഹിക്കുവാനുമാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് കർദിനാൾ തുടർന്നു. ക്ഷമയോടെ ദരിദ്രരെയും ക്ലേശിതരെയും സേവിക്കുമ്പോൾ ദൈവരാജ്യം നിങ്ങൾ നിശബ്ദമായി പണിയുകയാണ് ചെയ്യുന്നത്. എനിക്ക് ദാഹിക്കുന്നു എന്ന് നിങ്ങളുടെ കോൺവെന്റുകളുടെ ഭിത്തിയിൽ അർത്ഥവത്തായ രീതിയിൽ എഴുതിയിരിക്കുന്ന വചനം ഒരോ ദിവസവും നിങ്ങളുടെ ഹൃദയവും അവിടുത്തെ സ്‌നേഹത്താൽ നിറയ്ക്കാനുള്ള യേശുവിന്റെ ആഴമായ ദാഹത്തെക്കൂടി സൂചിപ്പിക്കുന്നു; കർദിനാൾ വ്യക്തമാക്കി.