News >> ക്ഷമയിലൂടെ പരിഹരിക്കാം

Source: Sunday Shalom


സുഡാൻ: രാജ്യത്ത് നിലനിൽക്കുന്ന അസമാധാനത്തിനുള്ള ഏറ്റവും മികച്ച പരിഹാരം വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പുനരൈക്യവും ക്ഷമയുമാണെന്ന് സുഡാനിലെയും ദക്ഷിണ സുഡാനിലെയും ബിഷപ്പുമാരടങ്ങുന്ന സുഡാൻ ബിഷപ്‌സ് കോൺഫ്രൻസ്. സുഡാനിലെ വിവിധ രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിലുള്ള വിഭാഗീയത പരിഹരിക്കാൻ ദേശീയ തലത്തിൽ ചർച്ചകൾ നടന്നുവരികയാണ്. ഇത്തരത്തിലുള്ള ചർച്ചകൾ ദക്ഷിണ സുഡാനിലെയും സമാധാനത്തിന് ആവശ്യമാണെന്ന് ബിഷപ്പുമാരുടെ പ്ലീനറി സമ്മേളനം വിലയിരുത്തി.

2011ൽ രൂപീകൃതമായ ദക്ഷിണ സുഡാനിൽ പ്രസിഡന്റ് സാൽവാ കിറിന്റെ അനുയായികളും അദ്ദേഹത്തിന്റെ മുൻ ഡെപ്യൂട്ടിയായിരുന്ന റിക്ക് മാചാറിന്റെ അനുയായികളും തമ്മിലുള്ള സംഘർഷം രാജ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. 20 ലക്ഷം ജനങ്ങളാണ് സംഘർഷത്തെ തുടർന്ന് അഭയാർത്ഥികളായി മാറിയത്.

കാരുണ്യം നീതിയിൽനിന്നും മിഷനിൽ നിന്നും വേർപെടുത്താനാവില്ലെന്ന് ബിഷപ്പുമാരുടെ പ്രസ്താവനയിൽ പറയുന്നു. മനുഷ്യനിർമിതമായ പ്രതിസന്ധികളെക്കുറിച്ച് അജപാലകരെന്ന നിലയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. നിഷ്‌കളങ്കരായ വ്യക്തികളുടെ കൊലപാതകങ്ങളും സാധരണ ജീവിതത്തിനുള്ള തടസ്സങ്ങളും ഞങ്ങളെ വേദനിപ്പിക്കുന്നു. പ്രതിസന്ധികളുടെ നടുവിലും വൈദികരും സന്യസ്തരും നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ജനങ്ങളുടെ ദുരിതം മനസിലാക്കി അത് പരിഹരിക്കാൻ ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയനേതൃത്വം മുമ്പോട്ട് വരണം. ദക്ഷിണ സുഡാനിലെ ദുരിതം നിറഞ്ഞ സാഹചര്യത്തിലും പരിശുദ്ധാത്മാവിന്റെ ദാനമായ പ്രത്യാശ കൈവിടരുതെന്ന് ബിഷപ്പുമാർ ഓർമിപ്പിച്ചു.