News >> യേശുവിന്റെ ശുശ്രൂഷ ചെയ്യുവാനുള്ള തടസങ്ങൾ
Source: Sunday Shalom
വത്തിക്കാൻ സിറ്റി: അധികാരത്തോടുള്ള ഭ്രമം യേശുവിന്റെ ശുശ്രൂഷ ചെയ്യുന്നതിൽ തടസം സൃഷ്ടിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനായിരിക്കണമെന്ന് പഠിപ്പിച്ച യേശു ലോകത്തിന്റെ മൂല്യങ്ങൾ കീഴ്‌മേൽ മറിക്കുന്നവനാണെന്നും കാസാ സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലിയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
സത്യസന്ധത ഇല്ലാത്തതാണ് രണ്ടാമത്തെ തടസ്സം. രണ്ട് യജമാനൻമാരെ സേവിക്കാൻ സാധിക്കുകയില്ലെന്നാണ് യേശു പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഒരു യജമാനനെ തിര്‌ഞ്ഞെടുക്കേണ്ടതായിട്ടുണ്ട്. പാപം ചെയ്യുന്നതല്ല കാപട്യം. കാരണം നാമെല്ലാവരും പാപികളാണ്. പാപത്തെക്കുറിച്ച് നമുക്ക് അനുതപിക്കാം. ഒരുവശത്ത് ദൈവത്തെയും മറുവശത്ത് ലോകത്തെയും കൂട്ടുപിടിക്കുന്നതാണ് കാപട്യമെന്ന് പാപ്പ തുടർന്നു.
അധികാരത്തോടുള്ള ആസക്തിയും സത്യസന്ധതയില്ലായ്മയും നമ്മുടെ സമാധാനം എടുത്ത് കളയുന്നു ഹൃദയത്തെ അസ്വസ്ഥമാക്കുന്നു. അങ്ങനെ എപ്പോഴും ടെൻഷൻ അനുഭവിച്ചുകൊണ്ട് ലോകത്തിന്റെ അംഗീകാരത്തിനും സൗഭാഗ്യത്തിനും മാത്രം ജീവിക്കുന്നവരായി നാം മാറുന്നു. ഇങ്ങനെ ദൈവത്തെ സേവിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് ആത്മാവിലും ശരീരത്തിലും ശാന്തത അനുഭവിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ തിന്മകളിൽനിന്ന് വിട്ടുനിൽക്കണം. ദൈവത്തെ സ്വതന്ത്രമായി സേവിക്കുമ്പോൾ ആഴമായ സമാധാനം ഹൃദയത്തിൽ അനുഭവിക്കുവാൻ സാധിക്കും. ഇത് നമുക്ക് സ്വയമേ ചെയ്യുവാൻ സാധിക്കുന്ന കാര്യമല്ല. അതിനായുള്ള കൃപ ദൈവത്തോട് ചോദിക്കണം; പാപ്പ ഉദ്‌ബോധിപ്പിച്ചു.