News >> ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിക്ക് പുതിയ നിയമങ്ങൾ

Source: Sunday Shalom


വത്തിക്കാൻ സിറ്റി: മനുഷ്യജീവനും മനുഷ്യാന്തസ്സും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1994ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആരംഭിച്ച ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിക്ക് പുതിയ നിയമാവലി ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ചു. പ്രവർത്തനങ്ങൾക്ക് പുതി ഊർജ്ജം പകരുക, പ്രവർത്തമേഖല വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

മനുഷ്യജീവന്റെ വിവിധ ഘട്ടങ്ങളിൽ നൽകുന്ന ആദരവ്, വ്യത്യസ്ത ലിംഗത്തിൽപ്പെട്ടവരും തലമുറകളിൽപ്പെട്ടവരും തമ്മിലുള്ള പരസ്പര ബഹുമാനം, എല്ലാ മനുഷ്യരുടെയും അന്തസ്സിനോടുളള ബഹുമാനം, ആദിയിൽ മനുഷ്യനും പ്രപഞ്ചവുമായുണ്ടായിരുന്ന സന്തുലിതാവസ്ഥ വീണ്ടെടുക്കാവുന്ന വിധത്തിൽ മനുഷ്യന്റെ ആത്മീയയും ഭൗതികവുമായ സുസ്ഥിതി ഉറപ്പാക്കുന്ന ഹ്യൂമൻ ഇക്കോളജി തുടങ്ങിയ മേഖലകളെ പരിപോഷിപ്പിക്കാനുള്ള പഠനങ്ങൾ പുതിയതായി മാർപാപ്പ പുറപ്പെടുവിച്ച നിയമം പ്രോത്സാഹിപ്പിക്കുന്നു.

ജീവന്റെ പൊന്തിഫിക്കൽ അക്കാദമിയിലെ അംഗങ്ങളുടെ നിയമനം.ആജീവനാന്തമായിരിക്കുകയില്ലെന്നുള്ളതാണ് മറ്റൊരു പ്രധാനം മാറ്റം. പുതിയ നിയമപ്രകാരം അഞ്ച് വർഷക്കാലത്തേക്ക് നടത്തുന്ന നിയമനങ്ങൾ വീണ്ടും പുതുക്കാവുന്നതാണ്. എന്നാൽ 80 വയസ് പ്രായമാകുന്ന അക്കാദമി അംഗങ്ങൾ വിരമിക്കണം. അക്കാദമി നിർദേശിക്കുന്ന മേഖലകളിൽ ഗവേഷണം നടത്തുന്ന 35 വയസിൽ താഴെയുള്ളവരെയും 5 വർഷത്തേക്ക് അക്കാദമി അംഗങ്ങളായി നിയമിക്കാവുന്നതാണ്.

അക്കാദമിയുടെ ഒൻപതംഗ ഭരണകൗൺസിലിന് പ്രസിഡന്റ് ആർച്ച്ബിഷപ് വിൻസെൻസോ പാഗ്ലിയയാണ് നേതൃത്വം നൽകുന്നത്. ജനുവരി ഒന്നു മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.