News >> ലത്തീൻ സഭയ്ക്ക് പുതിയ ആരാധനക്രമ പരിഭാഷ

Source: Sunday Shalom


തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക ദൈവാലയങ്ങളിൽ ആഗമനകാലം ഒന്നാം ഞായർ ആരംഭിക്കുന്ന 27 മുതൽ ദിവ്യബലിയിലും ആരാധനക്രമങ്ങളിലും മാറ്റം വരും. പുതിയ ആരാധനക്രമം 27-ന് പ്രാബല്യത്തിൽ വരും. നിലവിലുള്ള ദിവ്യപൂജാഗ്രന്ഥം 1977-ൽ ലത്തീൻ ഭാഷയിൽനിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തതാണ്. 14 വർഷം മുമ്പ് മാറ്റങ്ങളോടെ ലത്തീനിലുള്ള ദിവ്യബലിയുടെ മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

ഇത് മാതൃഭാഷയിലേക്ക് തർജമ ചെയ്യണമെന്ന് റോമിലെ ദിവ്യാരാധനാസംഘം ആവശ്യപ്പെടുകയുണ്ടായി. മെത്രാന്മാരുടെയും ആരാധനക്രമം, ബൈബിൾ, ദൈവശാസ്ത്രം ലത്തീൻ, മലയാളം ഭാഷകളിൽ വൈദഗ്ധ്യമുള്ളവരുടെയും ഒരു സംഘം 2005-ൽ തന്നെ പരിഭാഷ തുടങ്ങിയിരുന്നു. മലയാളം, ലത്തീൻ ഭാഷകളോട് ആശയ സമ്പുഷ്ടത നൂറുശതമാനം ചോരാതെയുള്ള പരിഭാഷ അങ്ങേയറ്റം വെല്ലുവിളികൾ നിറഞ്ഞതും ക്ലേശകരവുമായിരുന്നു.

പദാനുപദ തർമയ്ക്ക് പകരം ആശയത്തിന് മുൻതൂക്കം നൽകിയും മലയാള ഭാഷയുടെ പ്രത്യേകത കണക്കിലെടുത്തുമുള്ള തർജമയാണ് അവർ തയാറാക്കിയത്. 2006-ൽ ഇത് വത്തിക്കാനിലെ ദിവ്യാരാധനാസംഘത്തിന്റെ അംഗീകാരത്തിന് അയച്ചുവെങ്കിലും വർഷങ്ങൾക്കുശേഷമാണ് മറുപടി ലഭിച്ചത്. കഴിവതും പദാനുപദ പരിഭാഷതന്നെ വേണമെന്ന് അവർ നിഷ്‌കർഷിച്ചു.

ഇതനുസരിച്ച് 2010-ൽ പത്തംഗ വിദഗ്ധ സമിതി രൂപീകരിച്ചു. മൂന്ന് ഉപസമിതികളായി തിരിഞ്ഞ് മലയാള പരിഭാഷ മെച്ചപ്പെടുത്താൻ ശ്രമം തുടങ്ങി. വർഷങ്ങൾ നീണ്ട ശ്രമഫലമായി തയാറാക്കിയ കരട് ദിവ്യബലി കേരളത്തിലെ ലത്തീൻ കത്തോലിക്ക ബിഷപ്പുമാരുടെ ശുപാർശയോടെ ഇക്കഴിഞ്ഞ മാർച്ചുമാസത്തിൽ റോമിലെ ദിവ്യാരാധനാതിരുസംഘത്തിന്റെ അനുമതിക്ക് അയച്ചു. അവിടെനിന്നുള്ള തിരുത്തലുകളും നിർദേശങ്ങളും ഉൾപ്പെടുത്തി മലയാള പരിഭാഷയുടെ കരട് കഴിഞ്ഞ ജൂണിൽ വീണ്ടും അയച്ചു. കാലതാമസം കൂടാതെ കഴിഞ്ഞ മാസം പരിഭാഷയ്ക്ക് മാർപാപ്പയുടെ അംഗീകാരം ലഭിച്ചു.

27-ന് ഇത് നിലവിൽ വരുന്നതോടെ ഇതുവരെ ഉപയോഗിച്ചിരുന്ന ദിവ്യപൂജാഗ്രന്ഥം അസാധുവാകും. ഗാനരൂപത്തിലുള്ള ദിവ്യബലിയിലും വ്യത്യാസം വരും. സർവ സംപൂജ്യൻ പിതാവിന്റെയും സൂനുവാം ശ്രീയേശു നാഥന്റെയും. എന്നു തുടങ്ങുന്ന പാട്ടുപൂജയ്ക്ക് ഉപയോഗിക്കുന്ന ഗാനം ഇനിമേൽ ഉപയോഗിക്കാൻ പാടില്ല. പിതാവിന്റെയും പുത്രന്റെയും എന്നു തുടങ്ങുന്ന ഗാനം ഉപയോഗിക്കാം. കർത്താവ് നിങ്ങളോടുകൂടെ എന്ന ആശംസയ്ക്ക് മറുപടിയായി അങ്ങേ ആത്മാവോടുംകൂടി എന്ന് ഏറ്റുപറയണമെന്നും ഇടവകകളിൽ വായിച്ച് വിശദീകരിക്കാൻ പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറയുന്നു.