News >> ബിഷപ് ഡോ. തിയോഫിൻ താന്നിക്കുന്നേൽ അന്തരിച്ചു
Source: Deepikaന്യൂഡൽഹി: ജബൽപുർ മുൻ ബിഷപ് ഡോ. തിയോഫിൻ താന്നിക്കുന്നേൽ (88) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്കു ജബൽപുർ കത്തീഡ്രലിൽ. പാലാ രൂപതയിലെ പ്ലാശനാൽ സ്വദേശിയായ ബിഷപ് താന്നിക്കുന്നേൽ നോർബർട്ടൈൻ സന്യാസ സഭാംഗമാണ്. ജബൽപുർ രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്നു.
ജബൽപുരിനടുത്ത് ജാംതാരയിലെ സെന്റ് നോർബെർട്ട് ആബിയിൽ ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അന്ത്യം. 2001 മേയിൽ വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബിഷപ് തിയോഫിൻ രൂപതയുടെ വളർച്ചയ്ക്കു വലിയ നേതൃത്വം നൽകിയ പിതാവായിരുന്ന് എന്ന് ജബൽപുർ ബിഷപ് ഡോ. ജറാൾഡ് അൽമേഡ പറഞ്ഞു.
1977 മാർച്ച് 31നാണ് ഡോ. തിയോഫിൻ താന്നിക്കുന്നേൽ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. നാഗ്പുർ ആർച്ച്ബിഷപ്പായിരുന്ന ഡോ. യൂജിൻ ഡിസൂസയും പാലാ മെത്രാനായിരുന്ന ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിലുമായിരുന്നു പ്രധാന കാർമികർ. 1928 സെപ്റ്റംബർ 23ന് ആയിരുന്നു ജനനം.