News >> വൈദികർക്കുള്ള ഫ്രാൻസിസ് പാപ്പയുടെ ഉപദേശം

Source: Sunday shalom


വത്തിക്കാൻ സിറ്റി: വൈദികരിൽനിന്ന് ജനം പ്രതീക്ഷിക്കാത്ത, ഒരു പരിധിവരെ വിശ്വാസികൾ മാപ്പുനൽകാൻപോലും മടിക്കുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പ കഴിഞ്ഞദിവസം സംസാരിച്ചു.

രണ്ടുകാര്യങ്ങളിൽ ജനങ്ങൾ നിങ്ങൾക്ക് മാപ്പുനൽകണമെന്നില്ല. ഒന്ന് പണത്തോടുള്ള ആർത്തിയിലും, രണ്ട് മറ്റുള്ളവരെ ദ്രോഹിച്ചതിനും ഫ്രാൻസിസ് പാപ്പ വൈദികർക്ക് നൽകിയ ഉപദേശമാണിത്. നിങ്ങൾക്ക് പണത്തോട് താല്പര്യമുണ്ടോ? ഈ ചോദ്യത്തോടെയാണ് ഫ്രാൻസിസ് പാപ്പ വെള്ളിയാഴ്ച കാസ സാന്ത മാർത്ത ചാപ്പലിലെ ദിവ്യബലിക്കിടെയുള്ള തന്റെ വചന സന്ദേശം ആരംഭിച്ചത്. വൈദികർക്കുവേണ്ടിയും, വൈദികരോടൊപ്പവും തനിച്ചുള്ള വിശുദ്ധ ബലിയായിരുന്നു അത്. ചോദ്യം ചോദിച്ച ശേഷം ഉത്തരമായി പാപ്പ പറഞ്ഞു, കർത്താവിന്റെ ഭവനം പ്രാർത്ഥനയുടെ ഭവനമായിരിക്കണം. സ്‌നേഹമായ ദൈവത്തെയാണ് അവിടെ കണ്ടുമുട്ടേണ്ടത്. സമ്പത്താകുന്ന ദൈവം ഇടയ്ക്കിടെ അവിടെ പ്രവേശിക്കാൻ ശ്രമിക്കുന്നുണ്ട്.

യഹൂദ ദേവാലയത്തിൽനിന്ന് യേശു ക്രയവിക്രയം ചെയ്തിരുന്നവരെ പുറത്താക്കുന്ന വചനഭാഗമായിരുന്നു വായിച്ചത്. പുരോഹിതരാണ് കച്ചവടക്കാർക്ക് ദേവാലയത്തിൽ ഇടം നൽകിയത്. സമ്പത്തിനോടുള്ള സ്‌നേഹം ജീവിതത്തെ നശിപ്പിക്കും. യേശുവിനെ സേവിക്കുന്നതിനുള്ള യഥാർത്ഥ സന്തോഷം നമ്മിൽനിന്നെടുത്തുകളയാൻ സമ്പത്തിനോടുള്ള അഭിനിവേശത്തിന് സാധിക്കും. പാപ്പ പറഞ്ഞു. ജറുസലേം ദേവാലയത്തിൽ സംഭവിച്ചതുപോലെ കച്ചവട മനസ്ഥിതി പുരോഹിത സമൂഹത്തെ കാർന്നുതിന്നുന്നുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

മരണക്കിടക്കയിലായിരുന്ന ഒരു വൈദികന്റെ ചുറ്റും നിന്ന് കഴുകൻമാരെപ്പോലെ സമ്പത്ത് പങ്കിടാൻ വ്യഗ്രത കാണിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. ഇതിലും ശോചനീയമായ എന്തെങ്കിലും നമുക്ക് കാണാനുണ്ടോ? എന്തിനുവേണ്ടി ആ വൈദികൻ ജീവിതം എറിഞ്ഞുടച്ചോ അതുവമായി യാതൊരു ബന്ധവുമില്ലാതെ ദയനീയമാം വിധം ആ ജീവിതം പാഴായിപ്പോകുന്ന അവസ്ഥ! ജീവിതം പാഴാക്കിക്കളയരുതേ, എന്ന കഠിനമായ വാക്കുകളായിരുന്നു സമ്പത്തിനോട് അമിത താല്പര്യം കാണിക്കുന്ന വൈദികർക്കായി വലിയ ഇടയൻ കാത്തുവച്ചത്.

ദൈവമാണോ നിങ്ങളുടെ നാഥൻ, അതോ പണമാണോ എന്നു നിങ്ങൾ ചിന്തിക്കണം. വിഗ്രഹം ഉള്ളിൽ സൂക്ഷിക്കുമ്പോൾ പുറമെയുള്ള ആരാധനകൾക്ക് അർത്ഥമില്ലാതാകും, ശക്തിയില്ലാതാകും.

ക്രിസ്തീയ ദാരിദ്ര്യത്തെ പുൽകാനും ദൈവത്തിൽ ആശ്രയിക്കാനും കൃപനൽകണമേ എന്ന പ്രാർത്ഥനയോടെയാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്. അധ്വാനിക്കുന്ന ജനങ്ങളിൽനിന്ന് കണ്ടുപടിക്കാനും, ആവശ്യത്തിന് മാത്രം പണം ഉപയോഗിക്കുന്നവരെ മാതൃകയാക്കാനും പാപ്പ വൈദികരെ ഉദ്‌ബോധിപ്പിച്ചു.