News >> കുടുംബങ്ങളെ സംരക്ഷിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

ഫിലഡല്‍ഫിയ: കുടുംബങ്ങളുടെ നിലനില്പ് ഉറപ്പുവരുത്തണമെന്നും കുടുംബങ്ങളുടെ കൈയിലാണു ഭാവിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. യുഎസ് സന്ദര്‍ശനത്തിന്റെ അവസാന പാദത്തില്‍ ഫിലഡല്‍ഫിയയില്‍ എത്തിയ മാര്‍പാപ്പ ശനിയാഴ്ച കുടുംബങ്ങളുടെ ലോക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.

കുടുംബത്തില്‍ നാം പലപ്പോഴും വാദ പ്രതിവാദം നടത്താറുണ്ട്. ചിലപ്പോള്‍ പാത്രങ്ങള്‍ പറക്കും. കുട്ടികള്‍ ഉണ്ടാക്കുന്ന തലവേദനകള്‍ ഇതിനു പുറമേ-എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ചു മാര്‍പാപ്പ പറഞ്ഞു. എല്ലായ്പ്പോഴും കുരിശ് ഉണ്ടാവും. എന്നാല്‍ കുരിശിനുശേഷം ഉയിര്‍പ്പുണ്െടന്ന കാര്യം വിസ്മരിക്കരുത്. സ്നേഹത്തിലൂടെ എല്ലാ പ്രതിസന്ധികളെയും നേരിടാനാവും.

വഴക്കുണ്ടാക്കിയാല്‍ അതു പറഞ്ഞുതീര്‍ക്കാതെ ദിവസം അവസാനിപ്പിക്കരുതെന്നു മാര്‍പാപ്പ ദമ്പതികളെ ഓര്‍മിപ്പിച്ചു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കുടുംബത്തില്‍ പ്രത്യേക പരിഗണന നല്‍കണം. കുട്ടികളുടെയും മുത്തച്ഛന്മാരുടെയും കാര്യത്തില്‍ കരുതലില്ലാത്ത ജനങ്ങള്‍ ഭാവിയില്ലാത്തവരാണ്. മുന്നോട്ടു പോകാനുള്ള കരുത്തോ സ്മരണകളോ അവര്‍ക്കില്ല. കുടുംബങ്ങളെ സംരക്ഷിക്കുന്നതില്‍ നമുക്ക് ബദ്ധശ്രദ്ധരാവാമെന്നു മാര്‍പാപ്പ പറഞ്ഞു. പ്രാര്‍ഥനയും സംഗീതവും കലാപരിപാടികളും സമ്പന്നമാക്കിയ കുടുംബ സമ്മേളനത്തിനെത്തിയ മാര്‍പാപ്പയ്ക്ക് അതീവ ഹൃദ്യമായ വരവേല്പാണു ലഭിച്ചത്.

ഇന്നലെ ഫിലഡല്‍ഫിയയിലെ ഒരു ജയിലില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തി. നീലനിറത്തിലുള്ള യൂണിഫോംധരിച്ച നൂറോളം അന്തേവാസികള്‍ മാര്‍പാപ്പയെ പ്രതീക്ഷിച്ച് ജയിലിലെ ജിംനേഷ്യത്തിലുണ്ടായിരുന്നു. ജീവിതയാത്രയില്‍ കാലില്‍ ചെളി പുരളും. അതു കഴുകിക്കളയണം. നമ്മള്‍ ഓരോരു ത്തരും കഴുകലിനു വിധേയരാവണം: അദ്ദേഹം ഉദ്ബോധിപ്പിച്ചു. വൈകുന്നേരം ഫിലഡല്‍ഫിയയിലെ ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പാര്‍ക്കുവേയിലെ വേദിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. 

Source: Deepika