News >> സഭാകോടതികള്‍ അജപാലനശുശ്രൂഷയുടെ സമൂര്‍ത്ത ആവിഷ്ക്കാരമാകുക


Source: Vatican radio

ആത്മാക്കളു‌ടെ രക്ഷയെന്ന മൗലികതത്ത്വം മുറുകെപ്പിടിച്ചുകൊണ്ട് സഭാകോടതികള്‍ അജപാലനപരമായ ശുശ്രൂഷയുടെ സ്പര്‍ശവേദ്യ ആവിഷ്ക്കാരമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

വിവാഹവുമായി ബന്ധപ്പെട്ട പുതിയ നടപടിക്രമങ്ങളെ അധികരിച്ച് സഭാ കോടതിയായ റോത്തെ റൊമാനെ വത്തിക്കാനില്‍ സംഘടിപ്പിച്ച ത്രിദിന പരിശീലനപരിപാടിയില്‍ പങ്കെടുത്ത മെത്രാന്മാരെ റോത്തെ റൊമാനെയുടെ ആസ്ഥാനത്തെത്തി വെള്ളിയാഴ്ച (18/11/16) സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സഭാകോടതികളെ സമീപിക്കാന്‍ വിശ്വാസികളില്‍ പലര്‍ക്കും ഭൗമിക സ്വഭാവമുള്ള പ്രതിബന്ധങ്ങള്‍ ഉണ്ടാകുന്നത് നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാപ്പാ സാമ്പത്തികമൊ, സംഘടാനപരമൊ ആയ കാരണങ്ങള്‍ വിവാഹത്തിന്‍റെ സാധുത കാനോനികമായി പരിശോധിക്കുന്നതിന് ഒരിക്കലും തടസ്സമാകരുതെന്ന് നിഷ്ക്കര്‍ഷിച്ചു.

യേശുവിന്‍റെ സന്ദേശം കാലോചിതമാക്കിത്തീര്‍ക്കുകയെന്ന മെത്രാന്‍റെ ശുശ്രൂഷയുടെ ഭാഗമായ മൂന്ന് അധികാരങ്ങളില്‍ ഒന്നായ പ്രബോധനാധികാരം ഇതര അധികാരങ്ങളായ പവിത്രീകരണ ഭരണ അധികാരങ്ങളുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.