News >> ആഗോള സഭയ്ക്ക് പുതിയ 17 കര്‍ദ്ദിനാളന്മാര്‍


Source: Vatican Radio

പഞ്ചഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പതിനേഴു പിതാക്കന്മാരെ ഫ്രാന്‍സീസ് പാപ്പാ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തി.

ശനിയാഴ്ച (19/11/16) രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ ചേര്‍ന്ന സാധാരണ പൊതു കണ്‍സിസ്റ്ററിയില്‍ വച്ചാണ് പാപ്പാ നവകര്‍ദ്ദിനാളന്മാരെ വാഴിച്ചത്.

പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കും,വിശുദ്ധഗ്രന്ഥപാരായണത്തിനും സുവിശേഷപ്രഭാഷണത്തിനും ശേഷം പാപ്പാ നിയുക്തകര്‍ദ്ദിനാളന്മാരെ  ഓരോരുത്തരെ ചുവന്ന തൊപ്പി അണിയിക്കുകയും ഓരോരുത്തര്‍ക്കും മോതിരം നല്കുകയും ചെയ്തു. തദ്ദനന്തരം റോമിന്‍റെ മെത്രാനും സാര്‍വ്വത്രികസഭയുടെ തലവനുമായ പാപ്പായുടെ അജപാലനൗത്സുക്യത്തില്‍ നവകര്‍ദ്ദിനാളന്മാര്‍ പങ്കുചേരുന്നതിന്‍റെ പ്രതീകമായി റോമിലെ ഓരോ ദേവാലയം ഓരോരുത്തര്‍ക്കും സ്ഥാനികദേവാലയമായി നിശ്ചയിച്ചു നല്കുകയും ചെയ്തു.

മൊത്തം 14 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നവകര്‍ദ്ദിനാളന്മാര്‍. ഇവരില്‍ ബംഗ്ലാദേശിലെ ഡാക്കാ അതിരൂപതാദ്ധ്യക്ഷനും ചിറ്റഗോംഗ് സ്വദേശിയുമായ 73 വയസ്സുകാരന്‍ ആര്‍ച്ചുബിഷപ്പ് പാട്രിക് റൊസാരിയോ മലേഷ്യയിലെ കോലാലമ്പൂര്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, വിശ്രമജീവിതം നയിക്കുന്ന ആര്‍ച്ചുബിഷപ്പ് അന്തോണി സോത്തെര്‍ ഫെര്‍ണാണ്ടസ് (84 വയസ്സ്) എന്നീ ഏഷ്യക്കാരായ കര്‍ദ്ദിനാളന്മാരും ഉള്‍പ്പെടുന്നു.

നവകര്‍ദ്ദിനാളന്മാര്‍ 14 രാജ്യക്കാരാണെങ്കിലും 12 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധിസംഘങ്ങളാണ് കണ്‍സിസ്റ്ററിയില്‍ പങ്കുകൊണ്ടത്.

സിറിയയിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയ ഇറ്റലി സ്വദേശി നവകര്‍ദ്ദിനാള്‍ മാരിയൊ ത്സെനാറി നവകര്‍ദ്ദിനാളന്മാരുടെ നാമത്തില്‍ പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു

കണ്‍സിസ്റ്ററിക്കു ശേഷം നവകര്‍ദ്ദിനാളന്മാര്‍ ഫ്രാന്‍സിസ് പാപ്പായുമൊത്ത് എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമനെ അദ്ദേഹം വത്തിക്കാനില്‍ വിശ്രമ -പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന മാത്തെര്‍ എക്ലേസിയെ ആശ്രമത്തില്‍ പോയി സന്ദര്‍ശിക്കുകയും ചെയ്തു.

ഞായറാഴ്ച (20/11/16) കരുണയുടെ അസാധരണ ജൂബിലിയുടെ സമാപനംകുറിച്ചുകൊണ്ട് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിയില്‍ നവകര്‍ദ്ദിനാളന്മാര്‍ സഹകാര്‍മ്മികരായിരിക്കും.