News >> സീറോമലബാർ സഭയ്ക്കു യൂറോപ്പിൽ പുതിയ നിയമനങ്ങൾ

Source: Deepikaവത്തിക്കാൻസിറ്റി: സീറോമലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷന്റെ ജനറൽ കോ-ഓർഡിനേറ്ററായി കോതമംഗലം രൂപതയിലെ റവ.ഡോ.ചെറിയാൻ വാരികാട്ടിനെ മാർ സ്റ്റീഫൻ ചിറപ്പണത്ത് നിയമിച്ചു. സഭാചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റവ.ഡോ.വാരികാട്ട് കോതമംഗലം രൂപതയുടെ മതബോധന ഡയറക്ടർ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ പ്രൊക്കുറേറ്റർ, വിവിധ സെമിനാരികളിൽ പ്രഫസർ എന്നീ നിലകളിലും ഇടുക്കി രൂപതയിലെ കൈലാസം, മാവടി, വാഴത്തോപ്പ്, കത്തീഡ്രൽ, കോതമംഗലം രൂപതയിലെ നേര്യമംഗലം, അംബികാപുരം, നെയ്യശേരി ഇടവകകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ദൈവദാസൻ മോൺ.ജോസഫ് സി. പഞ്ഞിക്കാരന്റെ പോസ്റ്റുലേറ്ററായി റോമിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് പുതിയ നിയമനം. 

മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകളുടെ ജനറൽകൺവീനറായിരുന്നു റവ.ഡോ.ചെറിയാൻ വാരികാട്ട്. റോമിലെ സീറോമലബാർ വിശ്വാസികളുടെ വികാരി എന്ന നിലയിലും അദ്ദേഹം പ്രവർത്തിക്കുന്നതാണ്. തലശേരി അതിരൂപതാംഗമായ ഫാ.ബിജു മുട്ടത്തുകുന്നേലിനെ സീറോമലബാർ സഭയുടെ റോമിലെ പ്രൊക്കുറേറ്ററുടെ അസിസ്റ്റന്റായി സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. റോമിൽ സഭാ നിയമത്തിൽ ഡോക്ടറേറ്റ് പഠം നടത്തിക്കൊണ്ടിരുന്ന ഫാ.ബിജു ഇറ്റലിയിലെ സീറോമലബാർ വിശ്വാസികളുടെ കോ-ഓർഡിനേറ്ററായി സേവനം ചെയ്യും. കഴിഞ്ഞ കുറച്ചുവർഷങ്ങളായി റോമിലെ സീറോമലബാർ വികാരിയുടെ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ഫാ.മുട്ടത്തുകുന്നേൽ തലശേരി അതിരൂപതയിൽ ആലക്കോട്, പടന്നക്കാട്, കുടിയാന്മല എന്നീ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും മൈനർ സെമിനാരിയിൽ അധ്യാപകൻ, വൊക്കേഷൻ പ്രമോട്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.