News >> കാഞ്ഞിരപ്പള്ളി മുൻ ബിഷപ് മാർ മാത്യു വട്ടക്കുഴി അന്തരിച്ചു

Source: Deepikaകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ ബിഷപ് മാർ മാത്യു വട്ടക്കുഴി (86) അന്തരിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു വിയോഗം. നാളെ ഉച്ചകഴിഞ്ഞു രണ്ടിനു സമൂഹബലിയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ഭൗതികദേഹം കബറടക്കും.

ഭൗതികശരീരം ഇന്നലെ വൈകുന്നേരം മാതൃ ഇടവകയായ ചെങ്കൽ തിരുഹൃദയ ദേവാലയത്തിൽ പൊതുദർശനത്തിനു വച്ചു. ഇന്നു രാവിലെ 7.30നു വിശുദ്ധ കുർബാനയ്ക്കുശേഷം ഒമ്പതിനു വിലാപയാത്രയായി കാഞ്ഞിരപ്പള്ളി കത്തീഡ്രലിലെത്തിച്ച് അവിടെ പൊതുദർശനത്തിനു വയ്ക്കും. 

1930 ഫെബ്രുവരി 20നു വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളി ഇടവകയിൽ, പരേതരായ വട്ടക്കുഴിയിൽ കുര്യാക്കോസ്-റോസമ്മ ദമ്പതികളുടെ പുത്രനായി മാർ മാത്യു വട്ടക്കുഴി ജനിച്ചു. വാഴൂർ എൽപി സ്കൂൾ, 18-ാം മൈൽ മാർത്തോമ്മ യുപി സ്കൂൾ, പൊൻകുന്നം കെവിഇ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1947ൽ ചങ്ങനാശേരി പാറേൽ മൈനർ സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. ശ്രീലങ്കയിലെ കാൻഡി, പൂന മേജർ സെമിനാരികളിൽ പഠനം പൂർത്തിയാക്കി 1956ൽ മാർ മാത്യു കാവുകാട്ടിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.

എരുമേലി അസംപ്ഷൻ, ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു. 1959ൽ മാർ മാത്യു കാവുകാട്ടിന്റെ സെക്രട്ടറിയായി. തുടർന്നു കനോൻ നിയമത്തിൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടി. 1964 മുതൽ 73 വരെ ചങ്ങനാശേരി അതിരൂപതയുടെ ചാൻസലറായിരുന്നു. തുടർന്ന് ഒരു വർഷം അമേരിക്കയിൽ സേവ നമനുഷ്ഠിച്ചു. 1977 ഫെബ്രു വരിയിൽ കാഞ്ഞിരപ്പള്ളി രൂപത സ്‌ഥാപിതമായപ്പോൾ രൂപത യുടെ ചാൻസലറും വികാ രി ജനറാളുമായി. പ്രഥമ ബിഷപ് മാർ ജോസഫ് പവ്വത്തിൽ ചങ്ങനാശേരി ആർച്ച്ബിഷപ്പായി നിയമിതനായപ്പോൾ 1986 ജനുവരി മുതൽ 87 ഫെബ്രുവരി വരെ കാഞ്ഞിരപ്പള്ളി രൂപത അഡ്മിനിസ്ട്രേറ്ററായിരുന്നു. 1987 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി അഭിഷിക്തനായി. 2001 ജനുവരിയിൽ വിരമിച്ചശേഷം കാഞ്ഞിരപ്പള്ളി ബിഷപ്സ് ഹൗസിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. 2005 ലായിരുന്നു പൗരോഹിത്യ സുവർണ ജൂബിലി. 

മണിമല പ്ലാത്തോട്ടത്തിൽ പരേതനായ ജോസഫിന്റെ (ഔതക്കുട്ടി) ഭാര്യ പരേതയായ റോസമ്മയാണ് ഏകസഹോദരി. സഹോദരീ മക്കൾ: ജോയി, സിസ്റ്റർ സുമ സിഎംസി.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേഹവിയോഗവേളയിൽ ബിഷപ് മാർ മാത്യു അറയ്ക്കലും നിരവധി വൈദികരും കാരിത്താസ് ആശുപത്രിയിലുണ്ടായിരുന്നു. കട്ടപ്പനയിൽ അജപാലന ശുശ്രൂ ഷയിലായിരുന്ന സഹായമെത്രാൻ മാർ ജോസ് പുളിക്കൽ ഇന്നലെ വൈകുന്നേരം ചെങ്കൽ പള്ളിയി ലെത്തി അന്തിമോപചാരം അർപ്പിച്ചു.