News >> ബിഷപ് മാർ മാത്യു വട്ടക്കുഴി ദിവംഗതനായി

Source: Sunday Shalom


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ ബിഷപ് മാർ മാത്യു വട്ടക്കുഴി (86) ദിവംഗതനായി. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം.

കാഞ്ഞിരപ്പള്ളി രൂപതയെ പതിനാല് വർഷം അദേഹം കരുതലോടെനയിച്ചു. 1930 ഫെബ്രുവരി 20 ന് ചെങ്കൽ ഇടവകയിൽ വട്ടക്കുഴിയിൽ കുര്യാക്കോസ്-റോസ ദമ്പതികളുടെ ഏകമകനായി മാത്യു ജനിച്ചു. നാലാമത്തെ വയസിൽ മാതാവ് മരിച്ചു. പിന്നീട് പിതാവിന്റെയും സഹോദരിയുടെയും സംരക്ഷണയിലായിരുന്നു മാത്യുവിന്റെ ബാല്യം.

പ്രാഥമിക വിദ്യാഭ്യാസം വാഴാർ എൽ.പി സ്‌കൂളിലും പനംപുന്ന സെന്റ് ജോർജ് യു.പി സ്‌കൂളിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൊൻകുന്നം കെ.വി.എം. ഹൈസ്‌കൂളിലുമായിരുന്നു. 1947ൽ പാറേൽ മൈനർ സെമിനാരിയിൽ വൈദികപഠനത്തിന് ചേർന്നു.

വട്ടക്കുഴി പിതാവ് പൗരോഹിത്യം ദൈവവിളിയായി സ്വീകരിക്കാൻ പ്രത്യേക കാരണമുണ്ട്. പത്താംക്ലാസ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് മാരകമായ ന്യുമോണിയ പിടിപെട്ടു. രോഗം മൂർച്ഛിച്ചപ്പോൾ അദ്ദേഹം വൈദികനാകാനുള്ള നിയോഗംവെച്ച് പ്രാർത്ഥിക്കുകകയും രോഗം ശമിക്കുകയും ചെയ്തു. അന്ന് വൈദികനാകാൻ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ദൈവം അംഗീകരിച്ചതിന്റെ അടയാളമായി വൈദികശ്രേഷ്ഠ സ്ഥാനവും അദ്ദേഹത്തിനു നല്കി.

പാറേൽ സെമിനാരിയിൽ ഫാ. സിറിയക് തുരുത്തിമാലിയുടെയും ആത്മീയ ഗുരുശ്രേഷ്ഠനായിരുന്ന മുൻ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെയും ശിക്ഷണത്തിലായിരുന്നു പഠനം. പിന്നീട് ശ്രീലങ്കയിലെ കാൻഡി പേപ്പൽ സെമിനാരിയിലും പൂന പേപ്പൽ സെമിനാരിയിലും പഠിച്ച് 1956 ജൂൺ ഒന്നിന് ബെൽഗാം ബിഷപ്പിൽനിന്നും വൈദികപട്ടം സ്വീകരിച്ചു. 1957 ൽ ചങ്ങനാശേരി കത്തീഡ്രൽ പള്ളി അസിസ്റ്റന്റായും 1959 ൽ മാർ മാത്യു കാവുകാട്ടിലിന്റെ സെക്രട്ടറിയായും ശുശ്രൂഷ ചെയ്തു.

1960-64 വരെ റോമിൽ ഉപരിപഠനം നടത്തി കാനൻലോയിൽ ലൈസൻസിയേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കി. 1964 മുതൽ 73 വരെ ചങ്ങനാശേരി അതിരൂപതാ ചാൻസിലറായി പ്രവർത്തിച്ചു. 1973-74 കാലഘട്ടത്തിൽ അമേരിക്കയിൽ ശുശ്രൂഷ ചെയ്തു. 1974 മുതൽ 77 വരെ വീണ്ടും അതിരൂപതാ ചാൻസിലറായി പ്രവർത്തിച്ചു. 1977 മുതൽ ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളായി സേവനം ചെയ്തു. കാഞ്ഞിരപ്പള്ളി ബിഷപ്പായിരുന്ന മാർ ജോസഫ് പവ്വത്തിൽ ചങ്ങനാശേരി മെത്രാപ്പോലീത്തയായി സ്ഥലം മാറിയതിനെ തുടർന്ന് 1986 ജനുവരി 18 ന് കാഞ്ഞിരപ്പള്ളി രൂപതാ അഡ്മിനിസ്‌ട്രേറ്ററായി വട്ടക്കുഴിയച്ചൻ ചുമതലയേറ്റു. അച്ചന്റെ നേതൃപാടവത്തിനും പ്രാഗത്ഭ്യത്തിനും അംഗീകാരമായി 1987 ഫെബ്രുവരി 26 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിയോഗിച്ചു.

പുണ്യശ്ലോകനായ മാർ മാത്യു കാവുകാട്ട് പിതാവിന്റെ സെക്രട്ടറിയും ചങ്ങനാശേരി അതിരൂപതാ ചാൻസിലറുമായി പ്രവർത്തിച്ച് കാവുകാട്ട് പിതാവിന്റെ വിനയവും ലാളിത്യവും സ്വജീവിതത്തിൽ പകർത്താൻ മാർ വട്ടക്കുഴിക്ക് കഴിഞ്ഞു. പ്രാർത്ഥനയുടെ ആൾരൂപമായ മാർ വട്ടക്കുഴി കാനൻ ലോയിൽ കേരളസഭയിൽനിന്നും ആദ്യമായി മാർ ജേക്കബ് തൂങ്കുഴിക്കൊപ്പമാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

സഭാ നിയമങ്ങളിലും ലിറ്റർജിയിലും പണ്ഡിത വരേണ്യനായ മാർ വട്ടക്കുഴി മിതഭാഷിയും ഏകാന്തമായ പ്രാർത്ഥനയിൽ ലയിക്കുന്ന തപോധനനുമാണ്. 1987 മുതൽ 2001 വരെയുള്ള രൂപതയുടെ കൗമാരദശയിൽ ധീരമായും സ്വതസിദ്ധമായ ശാന്തതയോടുംകൂടി നയിച്ച വട്ടക്കുഴി പിതാവ് വിനയാന്വിതമായ സേവനം പ്രവർത്തനശൈലിയാക്കിയ വ്യക്തിയാണ്. ഒച്ചപ്പാടുകളില്ലാത്ത, ഒച്ചപ്പാടുകൾ ഉണ്ടാക്കാത്ത, ആൾക്കൂട്ടങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി നിൽക്കുന്ന വ്യക്തിത്വം. രൂപതയുടെ വളർച്ചയ്ക്കായി സഹപ്രവർത്തകർക്ക് പ്രചോദനവും മാർഗനിർദ്ദേശങ്ങളും നൽകി പ്രോത്സാഹിപ്പിക്കുകയും പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുകയും ചെയ്തതിൽ അദ്ദേഹം വിജയിച്ചു.

അനേക കാര്യങ്ങൾ വിജയകരമായി നടപ്പാക്കിയപ്പോഴും അവകാശവാദങ്ങളില്ലാതെ പിതൃസമാനമായ സംതൃപ്തിയോടെ എല്ലാവരെയും അംഗീകരിക്കുന്ന രീതിയാണ് പിതാവ് അവലംബിച്ചത്. സ്‌നേഹത്തിലൂടെ സേവനം എന്നതായിരുന്നു മാർ വട്ടക്കുഴിയുടെ മുദ്രാവാക്യം. ദീർഘവീക്ഷണത്തോടെ പദ്ധതികൾ വിഭാവനം ചെയ്യുവാനും കുടുംബകൂട്ടായ്മകൾക്ക് രൂപം കൊടുക്കുവാനും വട്ടക്കുഴി പിതാവ് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ കാലത്താണ് കൂവപ്പള്ളി അമൽജ്യോതി എഞ്ചിനിയറിംഗ് കോളജിന് അപേക്ഷ സമർപ്പിച്ച് അംഗീകാരം വാങ്ങിയത്.

ആലംബഹീനർക്കും മരണാസന്നർക്കുമായി എലിക്കുളത്ത് സെറിനിറ്റി ഹോം, വികലാംഗർക്കായി ഹോം ഓഫ് പീസ്, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരുടെ പുനരധിവാസത്തിന് പീരുമേട്ടിൽ സ്ഥാപിച്ച ഡയർ, വാർധക്യത്തിലായ വൈദികർക്കായി വിയാനി ഹോം, രൂപതയുടെ ആതുര ശുശ്രൂഷാ പ്രവർത്തനത്തിനായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, ഉന്നത വിദ്യാഭ്യാസം നൽകുവാൻ കുട്ടിക്കാനം മരിയൻ കോളജ് എന്നിവയെല്ലാം മാർ മാത്യു വട്ടക്കുഴിയുടെ രൂപതാഭരണകാലത്തെ ശ്രമഫലമായുണ്ടായതാണ്. സഭയിൽ ആദ്യമായി കുടുംബകൂട്ടായ്മകൾ രൂപീകരിച്ചതും അദ്ദേഹംതന്നെ. പതിനാലുവർഷക്കാലം രൂപതയെ നയിച്ചതിനുശേഷം അനാരോഗ്യംമൂലം 2001 ജനുവരി 19 ന് രൂപതാധ്യക്ഷസ്ഥാനത്തുനിന്നും മാർ വട്ടക്കുഴി വിരമിച്ചു.

ആത്മീയ കാര്യങ്ങളിലും ഭൗതികകാര്യങ്ങളിലും ചിട്ടയായ ജീവിതം നയിച്ച വട്ടക്കുഴി പിതാവ് സംസാരത്തിലും പ്രവർത്തിയിലും വിനയവും മിതത്വവും പാലിക്കുന്നു. ആധ്യാത്മിക ജ്ഞാനത്തിൽ പരിപാകപ്പെടുത്തിയ പാണ്ഡിത്യത്തിന്റെ നിറകുടമായിട്ടാണ് അറിയപ്പെട്ടത്.