News >> മിസെരികോര്‍ദിയ ഏത്ത് മീസെര
Source: Vatican Radioഫ്രാന്‍സീസ് പാപ്പായുടെ അപ്പസ്തോലിക ലേഖനം "മിസെരികോര്‍ദിയ ഏത്ത് മീസെര" (MISERICORDIA ET MISERA)തിങ്കളാഴ്ച (21/11/16) പ്രകാശിതമായി.കരുണയുടെ അസാധാരണ ജൂബിലിയുടെ സമാപനം കുറിച്ച ഞായറാഴ്ചത്തെ (20/11/16) തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ പാപ്പാ ഒപ്പുവച്ച ഈ അപ്പസ്തോലിക ലേഖനം പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തില്‍ (പ്രസ്സ് ഓഫിസില്‍) തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ലയാണ് പ്രകാശനം ചെയ്തത്.യേശുവും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചു വിശുദ്ധ അഗസ്റ്റിന്‍ വിശദീകരിക്കവെ പാപിയുമായി കണ്ടുമുട്ടുന്ന ദൈവസ്നേഹത്തിന്‍റെ രഹസ്യം നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയത്തക്കവിധം അവതരിപ്പിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന "മിസെരികോര്‍ദിയ ഏത്ത് മീസെര" എന്ന ലത്തീന്‍ പ്രയോഗമാണ്, പാപ്പാ ഈ അപ്പസ്തോലിക ലേഖനത്തിനു ശീര്‍ഷകമായി നല്കിയിരിക്കുന്നത്.പാപിനിയുടെ കണ്ണുകളിലേക്കു നോക്കുന്ന യേശു, മനസ്സിലാക്കപ്പെടാനും പൊറുക്കപ്പെടാനും മോചിക്കപ്പെടാനുമുള്ള അവളുടെ ആഗ്രഹം ആ നയനങ്ങളില്‍ ദര്‍ശിക്കുന്നുവെന്നും, പാപത്തിന്‍റെ നികൃഷ്ടാവസ്ഥയെ സ്നേഹത്തിന്‍റെ കാരുണ്യം ആവരണം ചെയ്യുന്നുവെന്നും, ആ പാപിനിയുടെ അവസ്ഥയിലുള്ള കരുണയും സഹാനുഭൂതിയും അല്ലാതെ യേശു യാതൊരു വിധിയും നടത്തുന്നില്ലയെന്നും പാപ്പാ ലേഖനത്തില്‍ വ്യക്തമാക്കുന്നു. സഭയുടെ ജീവിതത്തില്‍ ആനുഷംഗികമായി ഇടയ്ക്കു ചേര്‍ക്കപ്പെടുന്ന ഒന്നല്ല കാരുണ്യമെന്നും അത് സഭയുടെ അസ്തിത്വത്തിന്‍റെ തന്നെ അവിഭാജ്യ ഘടകമാണെന്നും പാപ്പാ ഈ ലേഖനത്തില്‍ വിശദീകരിക്കുന്നു.കാരുണ്യത്തിന്‍റെ ആഘോഷം സവിശേഷമായി നടക്കുന്നത് അനുരഞ്ജനകൂദാശയിലാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പാപ്പാ കുമ്പസാരിപ്പിക്കുകയെന്ന ശുശ്രൂഷ നിര്‍വ്വഹിക്കുന്നതിന് വൈദികര്‍ അതീവശ്രദ്ധയോടെ ഒരുങ്ങേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്നു.പാപസങ്കീര്‍ത്തന കൂദാശയ്ക്ക് ക്രൈസ്തവജീവിതത്തിലുള്ള കേന്ദ്രസ്ഥാനം വീണ്ടും കണ്ടെത്തപ്പെടണമെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.ഫിലിപ്പീന്‍സിലെ മനില അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയൊ തഗ്ലെ, സ്കോട്ലണ്ടിലെ സെന്‍റ് ആന്‍ഡ്രൂസ് എഡിംബര്‍ഗ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ലെയൊ വില്ല്യം കഷ്ലീ, കാരുണ്യപ്രേഷിതരായ 2 വൈദികര്‍, റോം രൂപതയുടെ ഒരു സ്ഥിരം ഡീക്കന്‍, മെകസിക്കൊ ദക്ഷിണ കൊറിയ എന്നീ നാട്ടുകാരായ 2 സന്ന്യാസിനികള്‍, വിവാഹവാഗ്ദാനം കഴിഞ്ഞ ഒരു യുവജോഡി, മതാദ്ധ്യാപികകളായ രണ്ടു അമ്മമാര്‍, ഭിന്നശേഷിയുള്ള ഒരു വ്യക്തി, ഒരു രോഗി എന്നിവര്‍ക്ക് "മിസെരികോര്‍ദിയ ഏത്ത് മീസെര" എന്ന അപ്പസ്തോലിക ലേഖനത്തിന്‍റെ പ്രതികള്‍ ഞായറാഴ്ച (20/11/16) ഫ്രാന്‍സീസ് പാപ്പാ നേരിട്ട് നല്കിയിരുന്നു.